
40 നാൾ നീണ്ടു നിന്ന ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ ഇറാൻ യുദ്ധം ഒടുവിൽ പാകിസ്ഥാന്‍റെ മധ്യസ്ഥതയിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിൽ എത്തി നിൽക്കുന്നു. വെടിനിർത്തൽ ലംഘിച്ച ഇസ്രയേൽ ഇന്നലെ മാത്രം ലെബനനിൽ കൊന്നൊടുക്കിയത് 250 പേരെയാണ്. ഇതിന് പിന്നാലെ ഇറാൻ, സൗദി, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് മിസൈൽ അയച്ചു. പിന്നാലെ ഇസ്രയേൽ ലെബനൻ ആക്രമിച്ചാൽ വെടിനിർത്തൽ കരാറിൽ നിന്നും പിന്മാറുമെന്നും അറിയിച്ചു. എങ്കിലും പിന്നീട് അനിഷ്ട സംഭവങ്ങളൊന്നും മധ്യേഷ്യയിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാത്തതിനാൽ യുദ്ധത്തിന് താത്കാലിക വിരാമമായെന്ന ഒരു പൊതുധാരണ രൂപപ്പെട്ടിരുന്നു. എന്നാൽ, യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ ഏറ്റവും പുതിയ ട്രൂത്ത് സോഷ്യൽ പോസ്റ്റോടെ ലോകം വീണ്ടും ആശങ്കയിലാണ്. യുഎസ് സൈന്യം ഇറാന് സമീപത്ത് തുടരുമെന്നും അടുത്ത അധിനിവേശത്തിനായി തയ്യാറെടുക്കാനും യുഎസ് സൈന്യത്തോട് ട്രംപ് ആവശ്യപ്പെട്ടതാണ് ഈ ആശങ്കയ്ക്ക് കാരണം.
ഇറാന് ചുറ്റും യുഎസ് സൈന്യത്തെ വിന്യസിക്കുന്നത് തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഇറാൻ. യുഎസിന്‍റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ വൻ സൈനിക നടപടിക്ക് മുതിരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഇതോടെ ഇസ്രയേൽ, ഇറാൻ നടപടിയിൽ ദുർബലമായ വെടിനിർത്തൽ കരാർ എപ്പോൾ വേണമെങ്കിലും വീണ്ടും ലംഘിക്കപ്പെടാമെന്ന ആശങ്കയിലാണ് ലോകം. യഥാർത്ഥ കരാർ പൂർണ്ണമായും നടപ്പിലാക്കുന്നതുവരെ യുഎസ് സൈനികരും വിമാനങ്ങളും നാവിക സേനകളും ഇറാന് ചുറ്റം തുടരുമെന്ന് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യലിലെഴുതി. തങ്ങളുടെ ആവശ്യങ്ങൾ എന്തെങ്കിലും കാരണത്താൽ പാലിക്കപ്പെട്ടില്ലെങ്കിൽ ഷൂട്ടിംഗ് പുനരാരംഭിക്കും. മുമ്പ് ആരും കണ്ടിട്ടില്ലാത്തത്രയും വലുതും മികച്ചതും ശക്തവുമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് പറയുന്നു.
പാകിസ്ഥാന്‍റെ മധ്യസ്ഥതയിൽ ആറ് ആഴ്ച നീണ്ടുനിന്ന യുദ്ധം താൽക്കാലികമായി നിർത്തിവയ്ക്കുകയും ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾക്ക് ഒരു താൽക്കാലികമായി ശാന്തിയുണ്ടാവുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്‍റെ എഴുത്ത്. ഇറാൻ തങ്ങളുടെ ആണവായുധ പരിപാടി അവസാനിപ്പിക്കുകയും ഹോർമൂസിലൂടെ കപ്പലുകൾ സുരക്ഷിതമായി കടന്ന് പോകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഒപ്പം തങ്ങൾ അടുത്ത ആക്രമണത്തിനായി കാത്തിരിക്കുകയാണെന്നും തത്കാലം വിശ്രമിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതിനിടെ ഇറാൻറെ അർദ്ധസൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) ഹോർമുസ് കടലിടുക്കിൽ കടൽ മൈനുകൾ സ്ഥാപിച്ചതായി സൂചിപ്പിക്കുന്ന ഒരു ചാർട്ട് പ്രസിദ്ധീകരിച്ചു. ചാർട്ടിൽ കപ്പലുകൾ കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വഴിയിൽ വലിയൊരു ചുവന്ന വൃത്തം വരച്ചിരുന്നു. ഇറാന്‍റെ ലാറക് ദ്വീപിനടുത്തുള്ള പ്രധാന ഭൂപ്രദേശത്തിന് സമീപമുള്ള കടൽപാതയിലൂടെ കപ്പലുകൾ കൂടുതൽ വടക്കോട്ട് സഞ്ചരിക്കണമെന്ന് ചാർട്ട് നിർദ്ദേശിക്കുന്നു. അതേസമയം ഇസ്രയേൽ ലെബനനിൽ തുടരുന്ന അക്രമവും യുഎസിന്‍റെ ഭീഷണികളും നിലനിൽക്കുന്നിടത്തോളം വെടിനിർത്തൽ കരാറിൽ ഇറാൻ ആശങ്ക രേഖപ്പെടുത്തിയെന്ന് അൽജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam