പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യ 'റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ' എന്ന പേരിൽ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചതായി സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരണം. 85 ശതമാനം പ്രദേശവും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് വിഘടനവാദികൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ പ്രഖ്യാപനത്തിന് ഔദ്യോഗിക സ്ഥിരീകരണമോ അന്താരാഷ്ട്ര അംഗീകാരമോ ലഭിച്ചിട്ടില്ല.
ബലൂച്ച് മേഖലയുടെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന അവകാശവാദവുമായി പുതിയ രാജ്യ പ്രഖ്യാപനം. പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനാണ് സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്. "റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ" എന്ന പേരിൽ പുതിയ ഭരണ സംവിധാനം രൂപീകരിച്ചെന്ന് അവകാശപ്പെടുന്ന ഒരു പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഈ അവകാശവാദപ്രകാരം, പുതിയ ഭരണകൂടം ബലൂചിസ്ഥാന്‍റെ ഏകദേശം 85 ശതമാനം പ്രദേശത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതായും സ്വന്തം ദേശീയ പതാക, ദേശീയഗാനം, കറൻസി, ഭരണസംവിധാനം എന്നിവ നിലവിൽ വന്നതായും അതിൽ അവകാശപ്പെടുന്നു. എന്നാൽ, ഈ അവകാശവാദങ്ങൾക്ക് ഇതുവരെ സ്വതന്ത്രമായ സ്ഥിരീകരണമോ പാകിസ്ഥാൻ സർക്കാരിന്‍റെ ഔദ്യോഗിക പ്രതികരണമോ ലഭ്യമായിട്ടില്ല. പാകിസ്ഥാന്‍റെ പടിഞ്ഞാറ് ബലൂചിലും തെക്ക് പാക് അധീന കശ്മീരിലും ഒരേ സമയം വലിയ പ്രതിഷേധങ്ങളാണ അരങ്ങേറുന്നത്. ഇതിനിടെയാണ് ബലൂച് വിഘടനവാദികൾ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്.
'ഞങ്ങൾ സ്വതന്ത്ര്യർ, അംഗീകരിക്കണം'
വൈറലായ പ്രസ്താവനയിൽ, അന്താരാഷ്ട്ര സമൂഹം ബലൂചിസ്ഥാനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്നും ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ആഗോള സംഘടനകൾ പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ നിലവിൽ ഒരു രാജ്യവും ബലൂചിസ്ഥാനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിട്ടില്ല. അതിനാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങളെ ഔദ്യോഗിക പ്രഖ്യാപനമായി കണക്കാക്കാൻ കഴിയില്ലെന്നും മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.
ഭൗമരാഷ്ട്രീയ പ്രാധാന്യം
പ്രകൃതിവിഭവങ്ങളുടെ കാര്യത്തിൽ അതീവ സമ്പന്നമായ മേഖലയാണ് ബലൂചിസ്ഥാൻ. ചെമ്പ്, സ്വർണം, കൽക്കരി, പ്രകൃതിവാതകം തുടങ്ങിയ ധാതുസമ്പത്തുകളുടെ വലിയ ശേഖരം ഇവിടെ സ്ഥിതിചെയ്യുന്നു. കൂടാതെ, ചൈന–പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) പദ്ധതിയിലെ പ്രധാന കേന്ദ്രമായ ഗ്വാദർ തുറമുഖവും ബലൂചിസ്ഥാനിലാണ്. ഈ സാമ്പത്തിക-ഭൗമരാഷ്ട്രീയ പ്രാധാന്യം കാരണം പ്രദേശത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ ദക്ഷിണേഷ്യൻ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വിഘടനവാദികൾ
ബലൂചിസ്ഥാനിൽ പതിറ്റാണ്ടുകളായി വിഘടനവാദ പ്രസ്ഥാനങ്ങളും സായുധ സംഘർഷങ്ങളും തുടരുകയാണ്. അടുത്ത ദിവസങ്ങളിലായി പാകിസ്ഥാൻ സുരക്ഷാസേനയും ബലൂച് വിഘടനവാദി സംഘടനകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ശക്തമായിരുന്നു. ഈ ആക്രമണങ്ങളിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും സായുധപ്രവർത്തകരും കൊല്ലപ്പെട്ടതായി പാകിസ്ഥാൻ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യ പ്രഖ്യാപനമെന്ന അവകാശവാദം സമൂഹ മാധ്യമങ്ങളിൽ വീണ്ടും ശക്തമായി പ്രചരിക്കുന്നത്. അതേസമയം, നിലവിൽ പ്രചരിക്കുന്ന "റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ" പ്രഖ്യാപനവും 85 ശതമാനം പ്രദേശം നിയന്ത്രണത്തിലാണെന്ന അവകാശവാദവും സ്വതന്ത്ര അന്താരാഷ്ട്ര മാധ്യമങ്ങളോ ഔദ്യോഗിക ഏജൻസികളോ സ്ഥിരീകരിച്ചിട്ടില്ല. പാകിസ്ഥാൻ സർക്കാരും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. അതിനാൽ ഈ വിഷയത്തിൽ സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളും സമൂഹ മാധ്യമങ്ങളിലെ അവകാശവാദങ്ങളും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.


