
വാഷിംഗ്ടൺ: കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചെറുകിട വലിയ കാറുകൾ, ട്രക്കുകൾ, വാഹനഭാഗങ്ങൾ, സ്റ്റീൽ എന്നിവയ്ക്ക് 50 ശതമാനം നികുതി ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമായ പശ്ചാത്തലത്തിലാണ് നീക്കം. 2027 ജനുവരി ഒന്ന് മുതലായിരിക്കും പുതിയ താരിഫുകൾ നിലവിൽ വരിക. ഇരുരാജ്യങ്ങളും തമ്മിൽ വാഷിംഗ്ടണിൽ നടന്ന നിർണ്ണായക വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രഖ്യാപനം. തന്റെ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. കാനഡ വർഷങ്ങളായി അമേരിക്കയെ ചൂഷണം ചെയ്യുകയാണെന്നും അമേരിക്കൻ കർഷകർക്കും കാർഷിക ഉൽപ്പന്നങ്ങൾക്കും മേൽ അമിതമായ നികുതി ചുമത്തി വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയാണെന്നുമാണ് ട്രംപിന്റെ ആരോപണം. ഇരുരാജ്യങ്ങളും തമ്മിൽ ഏകദേശം 60 ശതകോടി ഡോളറിന്റെ വ്യാപാര കമ്മി നിലനിൽക്കുന്നുണ്ടെന്നും ഇത് ഇനി അനുവദിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി. നിർമ്മാണം അമേരിക്കയിലേക്ക് മാറ്റുന്ന കമ്പനികൾക്ക് പൂജ്യം ശതമാനം നികുതി ആനുകൂല്യം ലഭിക്കുമെന്നും, കാനഡയെ ഇനി ഒരു പ്രത്യേക പങ്കാളിയായി കാണില്ലെന്നും ട്രംപ് വിശദമാക്കി
കാനഡ തങ്ങളുടെ വ്യാപാരത്തിന്റെ 95 ശതമാനവും അമേരിക്കയുമായാണ് നടത്തുന്നത്. തർക്കപരിഹാരത്തിനായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ മണിക്കൂറുകളോളം ചർച്ചകൾ നടത്തിയിരുന്നെങ്കിലും അന്തിമ ധാരണയിലെത്താൻ സാധിച്ചില്ല. കാനഡ കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ടതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമായതെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ നടപടിയെ രൂക്ഷമായി വിമർശിച്ച കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, തങ്ങൾ സാമ്പത്തികമായി ആക്രമിക്കപ്പെടുകയാണെന്നും അമേരിക്കയുമായി ഒരു വ്യാപാര യുദ്ധത്തിന് സമാനമായ സാഹചര്യത്തിലാണ് കാനഡയെന്നും പ്രതികരിച്ചു. കാനഡയുടെ വ്യവസായങ്ങളെ സ്ഥിരമായി ദോഷകരമായി ബാധിക്കുന്ന ഒരു കരാറിനും തങ്ങൾ തയ്യാറല്ലെന്ന് വ്യക്തമാക്കി കാർണി ചർച്ചകളിൽ നിന്ന് പിന്മാറുകയായിരുന്നു. സെപ്റ്റംബർ 8 മുതൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ തിരിച്ചടിയെന്നോണം കാനഡയും സമാനമായ രീതിയിൽ ഉയർന്ന തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam