'ദേഷ്യം നിയന്ത്രിക്കണം, സുഹൃത്തുമായി സിനിമയ്ക്ക് പോകൂ': ഗ്രെറ്റ തുംബെര്‍ഗിനോട് ട്രംപ്

By Web TeamFirst Published Dec 13, 2019, 9:08 AM IST
Highlights

പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബെര്‍ഗിനെതിരെ വിമര്‍ശനവുമായി ഡോണള്‍ഡ് ട്രംപ്. 

വാഷിങ്ടണ്‍: ദേഷ്യം നിയന്ത്രിക്കനാണ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗ് പ്രവര്‍ത്തിക്കേണ്ടതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. കാലാവസ്ഥാ മാറ്റത്തിനും പാരിസ്ഥിതി പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടതിന് ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദ ഇയറായി ഗ്രെറ്റയെ തെര‍ഞ്ഞെടുത്തിരുന്നു. ഇതിനോട് പ്രതികരിച്ച് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഗ്രെറ്റയെ വിമര്‍ശിച്ചത്.

'ഇത് വളരെയധികം ചിരിപ്പിക്കുന്നു. ദേഷ്യം നിയന്ത്രിക്കാനാണ് ഗ്രെറ്റ പ്രവര്‍ത്തിക്കേണ്ടത്. അതിന് ശേഷം സുഹൃത്തുമായി ഒരു നല്ല സിനിമയ്ക്ക് പോകണം. ചില്‍ ഗ്രെറ്റ, ചില്‍'- ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അടുത്തിടെയാണ് ടൈം മാഗസിന്‍ ഗ്രെറ്റയെ പേഴ്സണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തത്. ഗ്രെറ്റ തുംബെര്‍ഗിനെ കവര്‍ ചിത്രമാക്കിയ പുതിയ മാഗസിനും ടൈം പുറത്തിറക്കിയിരുന്നു. 'ദ പവര്‍ ഓഫ് യൂത്ത്' എന്ന അടിക്കുറിപ്പോടെയാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്.

യുഎന്നിന്‍റെ കാലാവസ്ഥ ഉച്ചകോടിയില്‍ 16കാരിയായ ഗ്രേറ്റയുടെ പ്രഭാഷണം ലോകവ്യാപക ശ്രദ്ധ നേടിയിരുന്നു. 2018 ആഗസ്റ്റ് മുതലാണ് എല്ലാ വെള്ളിയാഴ്ചകളിലും സ്കൂള്‍ ഒഴിവാക്കി സ്വീഡിഷ് പാര്‍ലമെന്‍റിന് മുന്നില്‍ ആഗോള താപനത്തിനെതിരെ ഗ്രെറ്റ സമരം തുടങ്ങിയത്. പതിയെ സമരം കൗമാരക്കാരിലേക്ക് പടര്‍ന്നു. ലോക നേതാക്കള്‍ ഗ്രെറ്റയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.  

So ridiculous. Greta must work on her Anger Management problem, then go to a good old fashioned movie with a friend! Chill Greta, Chill! https://t.co/M8ZtS8okzE

— Donald J. Trump (@realDonaldTrump)
click me!