ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം; പാകിസ്ഥാനില്‍ ചികിത്സ മുടങ്ങി 12 രോഗികള്‍ മരിച്ചു

By Web TeamFirst Published Dec 12, 2019, 7:45 AM IST
Highlights

സംഭവത്തില്‍ പഞ്ചാബ് പൊലീസിനോട് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ റിപ്പോര്‍ട്ട് തേടി. 10 അഭിഭാഷകരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. 

ലാഹോര്‍: പാകിസ്ഥാനില്‍ ഡോക്ടര്‍മാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കയറി അഭിഭാഷകരുടെ അതിക്രമം. ഡോക്ടര്‍മാരും നഴ്സുമാരും ഓടി രക്ഷപ്പെട്ടതിനാല്‍ ചികിത്സ മുടങ്ങി 12 രോഗികള്‍ മരിച്ചു. ലാഹോറിലെ പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലാണ് സംഭവമുണ്ടായത്. 

രണ്ടാഴ്ച മുമ്പ് ഡോക്ടറും അഭിഭാഷകനും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഡോക്ടര്‍ അഭിഭാഷകനെ മര്‍ദ്ദിക്കുകയും ചെയ്തതാണ് ആക്രമണത്തിന് കാരണം. മര്‍ദ്ദിച്ച ഡോക്ടറെ തിരിച്ചടിക്കാനാണ് അഭിഭാഷകര്‍ ആശുപത്രിയില്‍ കയറിയത്. അഭിഭാഷകരെത്തിയപ്പോഴേക്കും ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ഓടി രക്ഷപ്പെട്ടു. വാര്‍ത്താവിതരണ വകുപ്പ് മന്ത്രി ഫൈസുല്‍ ഹസന്‍ ചൗഹാന്‍, മാധ്യമപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.  

ആക്രമാസക്തരായ അഭിഭാഷകര്‍ ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിടുകയും ആശുപത്രിയിലെ ജനലുകളും ഫര്‍ണിച്ചറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പഞ്ചാബ് പൊലീസിനോട് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ റിപ്പോര്‍ട്ട് തേടി. 10 അഭിഭാഷകരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. 
 

click me!