
വാഷിംഗ്ടൺ: യുക്രൈനുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യക്ക് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. യുദ്ധത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ അധിക നികുതി, തീരുവ ചുമത്തൽ അടക്കമുള്ള സാമ്പത്തിക നിയന്ത്രണ നടപടികളെടുക്കുമെന്ന് ട്രംപ് പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാൻ പുടിനുമായി ചർച്ച നടത്താൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപ് അധികാരമേൽക്കും മുമ്പ് റഷ്യൻ എണ്ണ ഉൽപാദകർക്കും കപ്പലുകൾക്കുമെതിരെ യുഎസ് കൂടുതൽ ഉപരോധമേർപ്പെടുത്തിയിരുന്നു. റഷ്യൻ എണ്ണ ഉൽപ്പാദകരായ ഗാസ്‌പ്രോം നെഫ്റ്റ്, സുർഗുട്ട്‌നെഫ്റ്റെഗാസ്, റഷ്യൻ എണ്ണ കയറ്റുമതി ചെയ്ത 183 കപ്പലുകൾ എന്നിവയ്‌ക്കെതിരെയാണ് യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയത്.
അതേസമയം, ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിവയവരെ തിരിച്ചയക്കാനുള്ള അമേരിക്കന്‍ സര്‍ക്കാരിന്‍റെ നടപടിയോട് തുറന്ന മനസ്സാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. നാടുകടത്തൽ നടപടികൾ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വേഗത്തിലാക്കുമ്പോഴാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ യുഎസിലെത്തിയ ജയശങ്കർ, നിയമവിരുദ്ധമായ സഞ്ചാരത്തെയും അനധികൃത കുടിയേറ്റത്തെയും ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്ന് വ്യക്തമാക്കി. യുഎസിൽ അനധികൃതമായി കഴിയുന്ന 1,80,000-ത്തിലധികം ഇന്ത്യക്കാരെ നാടുകടത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മന്ത്രി ഇന്ത്യയുടെ നിലപാട് വിശദമാക്കിയത്.
ഒരു സർക്കാർ എന്ന നിലയിൽ, നിയമപരമായ നീക്കത്തെ വളരെയധികം പിന്തുണയ്ക്കുന്നു. ഒരു രാജ്യത്തിന്റെ നിയമങ്ങൾ പാലിച്ചാകണം കുടിയേറ്റം. ഇന്ത്യൻ പ്രതിഭകൾക്കും ഇന്ത്യൻ വൈദഗ്ധ്യത്തിനും ആഗോള തലത്തിൽ പരമാവധി അവസരങ്ങൾ ലഭിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അനധികൃത കുടിയേറ്റത്തെ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റത്തെ സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് യു എസിൽ മാത്രമുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam