കോംഗോയിൽ കലാപം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി, അപലപിച്ച് അന്റോണിയോ ഗുട്ടറസ്

Published : Jul 27, 2022, 05:27 PM ISTUpdated : Jul 27, 2022, 05:30 PM IST
കോംഗോയിൽ കലാപം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി, അപലപിച്ച് അന്റോണിയോ ഗുട്ടറസ്

Synopsis

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അക്രമത്തെ അപലപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് യുഎൻ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പ്രസ്താവനയിൽ പറഞ്ഞു

ദില്ലി: മധ്യ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയ്ക്ക് എതിരായ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി.  യുഎൻ സമാധാന സേന പൂർണ്ണമായി രാജ്യത്തു നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. 12 പൗരൻമാരും യുഎൻ ദൗത്യ സംഘത്തിലെ മൂന്നംഗങ്ങളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മരിച്ച സമാധാന സേനാംഗങ്ങളിൽ രണ്ട് പേർ ഇന്ത്യയിൽ നിന്നുള്ള ബി എസ് എഫ് ജവാന്മാരാണ്.

തിങ്കളാഴ്ച ഗോമ നഗരത്തിൽ തുടങ്ങിയ പ്രകടനങ്ങൾ ബ്യൂട്ടേംബോയിലേക്കും വ്യാപിച്ചിട്ടുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അക്രമത്തെ അപലപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് യുഎൻ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പ്രസ്താവനയിൽ പറഞ്ഞു. 

യുഎൻ ദൗത്യസേനയുടെ  ഓഫീസുകളും വസ്തുക്കളും ജനക്കൂട്ടം ആക്രമിച്ചു തകർത്തു. അൻപതിലേറെ പേർക്ക് പരിക്കേറ്റെന്നാണ് വിവരം. സംഘർഷം രൂക്ഷമായതോടെ കലാപ മേഖലയിൽ നിന്ന് യുഎൻ ദൗത്യ സേനാംഗങ്ങളെ എയർലിഫ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ്  ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഐക്യരാഷ്ട്ര സഭയുടെ സമാധാന സേന എത്തിയത്. 16,300 യുഎൻ ദൗത്യ സേനാംഗങ്ങൾ ആണ് നിലവിൽ ഇവിടെയുള്ളത്. ഇതിൽ 1888 പേർ ഇന്ത്യക്കാരാണ്.

യുഎൻ അഭ്യർത്ഥന പ്രകാരം  ഇന്ത്യ അയച്ച സേനാംഗങ്ങളാണ് കോംഗോയിലുള്ളത്. മനുഷ്യാവകാശ സംരക്ഷണത്തിനും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനുമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ യുഎൻ ദൗത്യസേനയെ നിയോഗിച്ചിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനക്കെതിരെ ഒരാഴ്ച നീണ്ട പ്രതിഷേധത്തിന് കഴിഞ്ഞ ദിവസം ഇവിടെയുള്ള പ്രാദേശിക സംഘടനകൾ ആഹ്വാനം ചെയ്തത്. തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് പ്രതിഷേധം എന്നായിരുന്നു ആഹ്വാനം. എന്നാൽ സമാധാന സേനയുടെ കേന്ദ്ര ക്യാംപിന് 350 കിലോമീറ്റർ അകലെ ഗോമ പ്രദേശത്ത് പ്രതിഷേധം തുടങ്ങിയപ്പോൾ തന്നെ സംഘർഷം ഉടലെടുക്കുകയായിരുന്നു.

പിന്നാലെ സമീപ നഗരങ്ങളായ ബേനിയിലും ബ്യൂട്ടേംബോയിലും സമാധാന സേനാംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇവിടങ്ങളിലായിരുന്നു കൊല്ലപ്പെട്ട ഇന്ത്യൻ ജവാന്മാരെ വിന്യസിച്ചത്. ഇവിടങ്ങളിൽ തിങ്കളാഴ്ച പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ സ്ഥിതി മാറി. ബ്യൂട്ടേംബോയിൽ ബി എസ് എഫ് ജവാന്മാർ നിലയുറപ്പിച്ചിരുന്ന ക്യാംപ് ഇന്ന് അക്രമികൾ വളയുകയായിരുന്നു. 500 ഓളം വരുന്ന അക്രമികളാണ് സമാധാന സേനയെ വളഞ്ഞത്.

പ്രതിഷേധക്കാർ കല്ലേറ് തുടങ്ങിയതോടെ ഇവരെ പിരിച്ചുവിടാൻ സമാധാന സേനാംഗങ്ങൾ ആകാശത്തേക്ക് വെടിയുതിർത്തു. പിന്നീട് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. ചിതറിയോടിയ പ്രതിഷേധക്കാർ വീണ്ടും സംഘടിച്ച് തിരിച്ചെത്തി. ഈ സമയത്ത് ആയുധങ്ങളേന്തിയവരും ഇവർക്കൊപ്പമുണ്ടായിരുന്നു. മൊറോക്കോയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള അംഗങ്ങളാണ് ഇവിടെ സമാധാന സേനയ്ക്ക് വേണ്ടി വിന്യസിക്കപ്പെട്ടിരുന്നത്. ഇവരിൽ രണ്ട് ഇന്ത്യൻ ജവാന്മാരും മൊറോക്കോയിൽ നിന്നുള്ള ഒരാളുമാണ് കൊല്ലപ്പെട്ടത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ ചരിത്രപരമായ പുത്തൻ അധ്യായം, ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാർ നിലവിൽ, പ്രഖ്യാപനവുമായി മോദിയും ക്രിസ്റ്റഫർ ലക്സണും
ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യ, താമസിച്ചിരുന്നത് എയർബിഎൻബി വീടുകളിൽ