Latest Videos

International Space Station : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പിന്മാറുമെന്ന് റഷ്യ

By Web TeamFirst Published Jul 26, 2022, 7:39 PM IST
Highlights

2024 ഓടെ പദ്ധതിയിൽ നിന്ന് പിൻവാങ്ങുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്റെ പുതിയ തലവൻ യൂറി ബോറിസോവ് വ്യക്തമാക്കി. സ്വന്തം ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കുന്നതിലാണ് ഇനി ശ്രദ്ധകേന്ദ്രീകരിക്കുകയെന്നാണ് റഷ്യൻ നിലപാട്.

കീവ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പിൻവാങ്ങുമെന്ന് പ്രഖ്യാപിച്ച് റഷ്യ. 2024 ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയ പദ്ധതിയിൽ പങ്കാളിയാകില്ല എന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്‍റെ പുതിയ മേധാവി യൂരി ബോറിസോവ് പ്രഖ്യാപിച്ചു. സ്വന്തം ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കുന്നതിലാണ് ഇനി ശ്രദ്ധകേന്ദ്രീകരിക്കുകയെന്നാണ് റഷ്യൻ നിലപാട്. റഷ്യയുടെ പെട്ടെന്നുള്ള പ്രഖ്യാപനത്തിന് പിന്നിൽ യുക്രൈൻ ആക്രമണത്തെ തുടർന്നുണ്ടായ അന്താരാഷ്ട്ര ഉപരോധങ്ങൾ എന്നാണ് വിലയിരുത്തൽ. 

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ അമേരിക്ക റഷ്യൻ ബന്ധം കൂടുതൽ വഷളായപ്പോൾ അന്നത്തെ റോസ്കോസ്മോസ് മേധാവി റോഗോസിൻ ഐഎസ്എസിലെ സഹകരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സമ്മർദ്ദ തന്ത്രമെന്നതിനപ്പുറം  നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റഷ്യ. അഞ്ച് ബഹിരാകാശ ഏജൻസികൾ ചേർന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം പരിപാലിക്കുന്നത്. നാസയ്ക്കും റോസ്കോസ്മോസിനും പുറമേ  കാനഡയുടെ സിഎസ്എയും (CSA), യൂറോപ്യൻ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസിയായ ഈസയും (ESA), ജപ്പാന്റെ ജാക്സസയും പദ്ധതിയുടെ ഭാഗമാണ്. റഷ്യ നിയന്ത്രിക്കുന്ന റഷ്യൻ ഓർബിറ്റൽ സെഗ്മെൻറും അമേരിക്കയും മറ്റ് പങ്കാളി രാഷ്ട്രങ്ങളും ചേർന്ന് നിയന്ത്രിക്കുന്ന യുണൈറ്റ് സ്റ്റേറ്റ്സ് ഓർബിറ്റൽ സെഗ്മന്‍റും ചേർന്നതാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. 

Also Read:  '550 ടണ്ണിന്റെ ബഹിരാകാശ നിലയം ഇന്ത്യയിലോ ചൈനയിലോ വീണേക്കാം'; റഷ്യന്‍ ഭീഷണി

ബഹിരാകാശത്തെ ഏറ്റവും വലിപ്പമുള്ള മനുഷ്യ നിർമിത വസ്തു ആണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുടെ സംയുക്ത സംരംഭം ആണിത്. ഈ രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര കരാറുകളുടെ അടിസ്ഥാനത്തിൽ ആണ് നിലയം പ്രവർത്തിക്കുന്നത്. 22 വർഷമായി ബഹിരാകാശത്ത് മനുഷ്യസാന്നിധ്യമുള്ള പേടകം ആണിത്. ഏതാണ്ട് 400 കിലോമീറ്റർ അകലെയായി സദാ ഭൂമിയെ ചുറ്റുന്ന ഈ പേടകത്തിൽ നിന്ന് റഷ്യ പിന്മാറുന്നതോടെ അവസാനിക്കുന്നത് ശീതയുദ്ധാന്തരമുള്ള ഏറ്റവും വലിയ അമേരിക്ക - റഷ്യ സഹകരണ പദ്ധതികളിൽ ഒന്ന് കൂടിയാണ്. 1998ലാണ് ബഹിരാകാശ നിലയത്തിന്‍റെ ആദ്യ മൊഡ്യൂൾ വിക്ഷേപിച്ചത്. 2000 നവംബർ മുതൽ സ്ഥിരമായി നിലയത്തിൽ മനുഷ്യവാസമുണ്ട്. 

click me!