തുർക്കിയിൽ നിന്ന് ഡ്രോൺ, റഷ്യയിൽ നിന്ന് പ്രത്യേക സംഘം; ഇബ്രാഹിം റെയ്സിക്കായുള്ള തെരച്ചിൽ വിഫലം, ദാരുണാന്ത്യം

Published : May 20, 2024, 11:29 AM ISTUpdated : May 20, 2024, 01:31 PM IST
തുർക്കിയിൽ നിന്ന് ഡ്രോൺ, റഷ്യയിൽ നിന്ന് പ്രത്യേക സംഘം; ഇബ്രാഹിം റെയ്സിക്കായുള്ള തെരച്ചിൽ വിഫലം, ദാരുണാന്ത്യം

Synopsis

തുർക്കിയിൽ നിന്നുള്ള 'അകിൻസി' ഡ്രോണുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയതോടെയാണ് ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഡ്രോണുകളുമായുള്ള ദൗത്യസംഘം ഹെലികോപ്റ്റർ തകർന്നുവീണ് കത്തുന്ന അസർബൈജാനിലെ തവിൽ പ്രദേശം കണ്ടെത്തുകയായിരുന്നു. 

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയ്ക്കും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാനും സംഘത്തിനും വേണ്ടിയുള്ള മണിക്കൂറുകൾ നീണ്ട തെരച്ചിൽ വിഫലം. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് പ്രസിഡന്റും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട പ്രസിഡൻ്റും വിദേശകാര്യ മന്ത്രിയും ഉൾപ്പെട്ട സംഘം കൊല്ലപ്പെട്ടതായി ഇറാൻ ആഭ്യന്തര മന്ത്രാലയം ഇന്ന് രാവിലെയോടെ സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തിൽപെട്ടവർക്കായുള്ള ആദ്യ ഘട്ട തെരച്ചിലിൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇറാൻ രക്ഷാ ദൗത്യ സംഘത്തിന് ഹെലികോപ്റ്റർ കണ്ടെത്താനായിരുന്നില്ല. തുടർന്ന് രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ തുർക്കിയും റഷ്യയും മുന്നോട്ട് വരികയായിരുന്നു.

തുർക്കിയിൽ നിന്നുള്ള 'അകിൻസി' ഡ്രോണുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയതോടെയാണ് ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഡ്രോണുകളുമായുള്ള ദൗത്യസംഘം ഹെലികോപ്റ്റർ തകർന്നുവീണ് കത്തുന്ന അസർബൈജാനിലെ തവിൽ പ്രദേശം കണ്ടെത്തുകയായിരുന്നു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും ജീവനോടെ ആരും ഇല്ലെന്നായിരുന്നു ആദ്യ റിപ്പോർട്ട്. തുർക്കിയെ കൂടാതെ, തെരച്ചിലിന് സഹായിക്കുന്നതിനായി റഷ്യയും രം​ഗത്തെത്തി. പ്രത്യേക വിമാനങ്ങളും 50 പ്രൊഫഷണൽ മൗണ്ടെയ്ൻ രക്ഷാപ്രവർത്തകരെയും റഷ്യ രക്ഷാപ്രവർത്തനത്തിനായി അയച്ചു. 

12 മണിക്കൂറായി എല്ലാ പരിപാടികളും നിർത്തി പ്രസിഡന്‍റിനായുള്ള പ്രാർത്ഥന മാത്രം സംപ്രേക്ഷണം ചെയ്തിരുന്ന ഇറാൻ ദേശീയ ചാനൽ തന്നെ റെയ്സിയുടെ മരണ വാർത്ത രാജ്യത്തെ അറിയിച്ചു. പ്രസിഡന്‍റിന്‍റെ മരണ വാർത്ത സ്ഥിരീകരിച്ച ശേഷം ചേർന്ന മന്ത്രിസഭാ യോഗം റെയ്‌സിയുടെ ഇരിപ്പിടത്തിൽ കറുത്ത തുണി വിരിച്ചാണ് ചേർന്നത്. വൈസ് പ്രസിഡവി‍റി മുഹമ്മദ് മുഖ്‌ബർ ആയിരിക്കും ഇനി ഇറാന്റെ താത്കാലിക പ്രസിഡന്‍റ്. അൻപത് ദിവസത്തിനകം തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിര്‍, ഈസ്റ്റേണ്‍ അസര്‍ബൈജാൻ ഗവര്‍ണര്‍ മലേക് റഹ്മതി, തബ്റിസ് ഇമാം മുഹമ്മദ് അലി അലെഹസം, പൈലറ്റ്, സഹപൈലറ്റ്, ക്രൂ ചീഫ്, സുരക്ഷാ മേധാവി, ബോഡി ഗാര്‍ഡ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് ഇറാൻ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 

അണക്കെട്ട് ഉദ്‌ഘാടനത്തിനായി അയൽരാജ്യമായ അസർബൈജാനിലേക്ക് നടത്തിയ സന്ദര്‍ശനത്തിനിടെയാണ് അപകടമുണ്ടായത്. മൂന്ന് ഹെലികോപ്റ്ററുകളിൽ പോയ ഉന്നത സംഘം തിരിച്ചുവരുന്നതിനിടെയാണ് അപകടം. യാത്രാസംഘത്തിന്‍റെ മൂന്നു ഹെലികോപ്റ്ററുകളിൽ രണ്ടെണ്ണവും സുരക്ഷിതമായി ഇറാനിൽ മടങ്ങിയെത്തിയെങ്കിലും പ്രസിഡന്‍റ് റെയ്‌സിയും വിദേശകാര്യ മന്ത്രിയും കയറിയ ഹെലികോപ്റ്റർ മാത്രം മൂടൽ മഞ്ഞിൽ കാണാതാവുകയായിരുന്നു.

'ദാരുണ വിയോഗം ഞെട്ടിക്കുന്നത്'; ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

'ഭാര്യ ഉഷയെയും മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമോ?' കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ ജെ ഡി വാൻസിന് ചുട്ടമറുപടി
ദാരുണം, സഹജക്ക് പിന്നാലെ അൻവേഷും; വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടാമത്തെ ഇന്ത്യക്കാരൻ മരിച്ചു