
ദുബായ്: ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തിയ സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിപ്പ്. ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിനോദസഞ്ചാരികളും പ്രവാസികളും ധാരാളമായി എത്തുന്ന കേന്ദ്രമായതിനാൽ ജനക്കൂട്ടം ഒഴിവാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇറാന്‍റെ ഭാഗത്ത് നിന്നും തുടർച്ചയായ മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ കടുത്ത മുന്നറിയിപ്പുമായി നേരത്തെ യു എ ഇ രംഗത്തെത്തിയിരുന്നു. ഇനിയും ആക്രമണം ഉണ്ടായാൽ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യു എ ഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അൽ ഹാഷിമി മുന്നറിയിപ്പ് നൽകി. 'സിഎൻഎന്നി'ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി യു എ ഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഗൾഫ് മേഖലയിലെ രാജ്യങ്ങളിലേ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇന്നലെ മുതൽ ഇറാൻ ആക്രമണം നടത്തുന്നതിന്‍റെ പശ്ചാത്തലത്തിലാണ് യു എ ഇയുടെ കടുത്ത പ്രതികരണം.
ഗൾഫിനെ ആശങ്കകളുടെ മുൾമുനയിലാഴ്ത്തി ഒമാനെയും ആക്രമിച്ച് ഇറാൻ. മധ്യസ്ഥ രാജ്യമായ ഒമാനിൽ ആക്രമണം ഉണ്ടായെന്നതാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. ദുഖും തുറമുഖത്തു രണ്ടു ഡ്രോണുകൾ പതിച്ചു. ജോലിക്കാരുടെ താമസ സ്ഥലത്ത് വീണ് ഒരു പ്രവാസിക്ക് പരിക്ക്. മൊബൈൽ താമസ കേന്ദ്രങ്ങളിലും ഒരു ഇന്ധന ടാങ്കിന് സമീപവുമാണ് ഡ്രോണുകൾ പതിച്ചത്. ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ജീവനക്കാരെ രക്ഷപ്പെടുത്തി. 15 ഇന്ത്യക്കാർ, 5 ഇറാൻ പൗരന്മാർ എന്നിവരാണ് കപ്പലിൽ ഉണ്ടായിരുന്നത്. നാല് ജീവനക്കാർക്ക് പരിക്കേറ്റു. ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രമാണ് ഇടപെട്ടത്.
ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റിവെച്ചു. 10,12 ക്ലാസുകളിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനം എടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തര്‍, സൌദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ മാര്‍ച്ച് 2 ന് തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. മാര്‍ച്ച് 3 ന് പ്രത്യേക യോഗം ചേര്‍ന്ന് തുടര്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും പുതിയ തീയതി തീരുമാനിക്കുക എന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam