
ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ ഇറാന്‍റെ തിരിച്ചടി തുടരുകയാണ്. ഇറാന്‍റെ ആക്രമണത്തിൽ ഖസബ് തുറമുഖത്തെ എം/ടി സ്കൈ ലൈറ്റ് എന്ന ഇന്ധന ടാങ്കർ തകർന്നു. സ്ഫോടനത്തിന് പിന്നാലെ കപ്പലിൽ വൻ തീപ്പിടിത്തമുണ്ടായി. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റതായാണ് വിവരം. കപ്പലിൽ 15 ഇന്ത്യക്കാരടക്കം 20 പേരായിരുന്നു ഉണ്ടായിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ധന ടാങ്കറിലെ എല്ലാ ജീവനക്കാരേയും ഒഴിപ്പിച്ചു. അതേസമയം ആക്രമണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഗൾഫ് രാജ്യങ്ങളിൽ വിവിധയിടങ്ങളിൽ ഇറാൻ ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഒമാനിൽ വിവിധയിടങ്ങളിൽ ഡ്രോൺ ആക്രമണം ഉണ്ടായതാണ് റിപ്പോർട്ട്. ഇറാന്റെ ആക്രമണത്തിൽ ഒമാനിൽ അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒമാനിലെ ദുക്കം തുറമുഖത്ത് രണ്ട് ഡ്രോണുകൾ പതിച്ചെന്നും തൊഴിലാളികളുടെ താമസസ്ഥലത്തായാണ് ഡ്രോണുകൾ വീണതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുകൾ .ജനവാസ മേഖലയിൽ നടന്ന ആക്രമണത്തിൽ പ്രവാസിയായ ഒരു തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്.
ഖമനെയിയുടെ വധത്തിനുശേഷം ഇതുവരെ കാണാത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. പിന്നാലെ അമേരിക്കയുടെ വിവിധ രാജ്യങ്ങളിലെ സൈനിക താവളങ്ങളടക്കമുള്ള 27 കേന്ദ്രങ്ങളിലേക്ക് ഇറാൻ ആക്രമണം നടത്തി. ഇറാഖ് എര്‍ബിലിലെ യുഎസ് സൈനിക താവളത്തിനുനേരെയും ആക്രമണം ഉണ്ടായി. അമേരിക്കൻ ഇസ്രയേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ആക്രമണം തുടങ്ങിയ ഇറാൻ ഇന്നലെ രാത്രിയിൽ അത് ജനവാസ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
ദുബായ്, അബുദാബി, കുവൈറ്റ്, ബഹ്‌റൈൻ വിമാനത്താവളങ്ങൾക്കു നേരെ ഇന്നലെ ഡ്രോൺ ആക്രമണം ഉണ്ടായി. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് ഇറാൻ പ്രയോഗിച്ച നിരവധി മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. അതേസമയം, ഇറാനെതിരായ ഇസ്രയേൽ, അമേരിക്ക ആക്രമണവും തുടരുകയാണ്. വ്യോമാക്രമണത്തിലടക്കം ഇറാന് കനത്ത നാശനഷ്ടമുണ്ടായതായാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam