'രാജകുമാരി'ക്ക് വേണ്ടി തയ്യാറാക്കിയ 27 കോടിയുടെ അപൂർവ്വ 'ഊദ്'; സിനിമയെ വെല്ലുന്ന തട്ടിപ്പ്, 12 മണിക്കൂറിനുള്ളിൽ വൻ ട്വിസ്റ്റ്

Published : May 31, 2026, 01:09 PM IST
 oud theft

Synopsis

ദുബായിൽ രാജകുമാരിയായി വേഷംമാറി എത്തിയ സ്ത്രീയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം വ്യാപാരിയിൽ നിന്ന് 27 കോടിയുടെ ഊദ് മോഷ്ടിച്ചു. ആഡംബര വില്ലയിലേക്ക് വിളിച്ചുവരുത്തി ഊദ് കൈക്കലാക്കിയ സംഘം പകരം മരക്കഷ്ണങ്ങൾ നൽകി കബളിപ്പിക്കുകയായിരുന്നു. പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിൽ ദുബായ് പോലീസ് മുഴുവൻ പ്രതികളെയും പിടികൂടി മോഷ്ടിച്ച ഊദ് കണ്ടെടുത്തു.

ദുബായ്: ദുബായിൽ ആഢംബര ഊദ് വ്യാപാരിയിൽ നിന്ന് 1.2 കോടി ദിർഹം (ഏകദേശം 27 കോടിയോളം ഇന്ത്യൻ രൂപ) വിലമതിക്കുന്ന ഊദ് മോഷ്ടിച്ച എട്ടംഗ സംഘത്തെ 12 മണിക്കൂറിനുള്ളില്‍ പിടികൂടി ദുബായ് പൊലീസ്. പരാതി ലഭിച്ച് വെറും 12 മണിക്കൂറിനുള്ളിൽ അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് പ്രതികളെ പൊലീസ് വലയിലാക്കിയത്. ഇരകളെ വിശ്വസിപ്പിക്കുന്നതിനായി സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീ 'രാജകുമാരി'യായി വ്യാജ വേഷം ധരിച്ചാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്.

സിനിമയെ വെല്ലുന്ന തട്ടിപ്പ്

തട്ടിപ്പ് സംഘത്തിലെ രണ്ട് പ്രതികൾ ആദ്യം ദുബായിലെ പ്രമുഖ ഊദ് വ്യാപാര സ്ഥാപനത്തിലെത്തി. ഒരു പ്രമുഖ രാജകുമാരിക്ക് തങ്ങളുടെ പക്കലുള്ളതിൽ വച്ച് ഏറ്റവും മികച്ചതും അപൂർവ്വവുമായ ആഡംബര ഊദ് വാങ്ങാൻ താല്പര്യമുണ്ടെന്ന് ഇവർ വ്യാപാരിയെ ധരിപ്പിച്ചു. വലിയൊരു ബിസിനസ്സ് ഉറപ്പിച്ച സന്തോഷത്തിൽ വ്യാപാരി ദിവസങ്ങൾക്കൊണ്ട് 27 കോടി രൂപ വിലമതിക്കുന്ന അപൂർവ്വ ഊദ് ശേഖരം പ്രത്യേകം ബാഗുകളിലാക്കി തയ്യാറാക്കി വെച്ചു. തുടർന്ന് ഇടനിലക്കാരായ പ്രതികളെ ബന്ധപ്പെടുകയും രാജകുമാരിയെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതിനായി തട്ടിപ്പ് സംഘം ദുബായിൽ ആഡംബര വില്ലയും വൻ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. വ്യാപാരി വില്ലയിൽ എത്തിയപ്പോൾ വൻ സ്വീകരണമാണ് സംഘം നൽകിയത്. രാജകുമാരിയായി വേഷമിട്ട സ്ത്രീയും വില്ലയിലുണ്ടായിരുന്നു. പരിശോധനയ്ക്കായി ഊദ് അടങ്ങിയ ബാഗുകൾ കൈപ്പറ്റിയ ശേഷം വ്യാപാരിയോട് അല്പസമയം കാത്തിരിക്കാൻ ഇവർ ആവശ്യപ്പെട്ടു. ഈ സമയത്തിനുള്ളിൽ ബാഗിലിരുന്ന യഥാർത്ഥ ഊദ് മാറ്റി പകരം സാധാരണ മരക്കഷ്ണങ്ങൾ നിറയ്ക്കുകയായിരുന്നു. തുടർന്ന് വ്യാപാരിയെ കബളിപ്പിച്ച് ഇവർ അവിടെ നിന്നും മുങ്ങി.

പിറ്റേന്ന് വ്യാപാരി ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികളുടെ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. താൻ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ വ്യാപാരി ഉടൻ തന്നെ ദുബായ് പൊലീസിനെ സമീപിക്കുകയായിരുന്നു.

പരാതി ലഭിച്ചയുടൻ ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സാങ്കേതികവിദ്യയുടെയും കൃത്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആദ്യം നാല് പ്രതികളെ പിടികൂടി.

തട്ടിപ്പ് നടത്തി രാജ്യം വിടാൻ സാധ്യതയുണ്ടായിരുന്ന ശേഷിക്കുന്ന നാല് പ്രതികൾക്കെതിരെ പൊലീസ് ഉടനടി 'റെഡ് നോട്ടീസ്' പുറപ്പെടുവിച്ചു. തുടർന്ന് മണിക്കൂറുകൾക്കകം അവരെയും പൊലീസ് വിജയകരമായി വലയിലാക്കി. 12 മണിക്കൂറിനുള്ളിൽ കേസ് പൂർണ്ണമായും തെളിയിക്കാനും മോഷണം പോയ കോടിക്കണക്കിന് രൂപയുടെ ഊദ് കണ്ടെത്താനും പൊലീസിന് കഴിഞ്ഞു. യുഎഇയിൽ ബിസിനസ്സ് ചെയ്യുന്നവർക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ ദുബായ് പൊലീസ് എപ്പോഴും സജ്ജമാണെന്ന് ഈ വേഗതയേറിയ അറസ്റ്റിലൂടെ ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടതായി പൊലീസ് മേധാവികൾ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിഎസ്ജി ആരാധകരുടെ ആഘോഷം അതിരുവിട്ടു, ഫ്രാൻസിൽ സംഘർഷം; 400ലധികം പേർ അറസ്റ്റിൽ
ഹോർമൂസിൽ ഒമാൻ തീരത്ത് ജാഗ്രത നിർദേശം, കടലിൽ മൈൻ സാന്നിധ്യം സംശയിക്കുന്നു