ദുബായിലേക്ക് വന്ന സംശയാസ്പദമായ ഒരു കാർഗോ; സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച പരിശോധനയിൽ കണ്ടെത്തിയത് 200 കിലോ ലഹരിഗുളികകൾ

Published : Jul 02, 2026, 05:55 PM IST
dubai police seized drugs

Synopsis

പൊലീസും കസ്റ്റംസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 200 കിലോഗ്രാം തൂക്കം വരുന്ന 2,78,850 പ്രിഗബാലിൻ ലഹരിഗുളികകൾ പിടിച്ചെടുത്തു. നാലംഗ അന്താരാഷ്ട്ര സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമാണ് ലഹരിക്കടത്ത് കണ്ടെത്താൻ സഹായിച്ചത്.

ദുബായ്: ദുബായിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനും വിതരണം ചെയ്യാനുമുള്ള അന്താരാഷ്ട്ര സംഘത്തിന്റെ നീക്കം തകർത്ത് ദുബായ് അധികൃതർ. പരിശോധനയിൽ ഏകദേശം 200 കിലോഗ്രാം തൂക്കം വരുന്ന 2,78,850 പ്രിഗബാലിൻ ലഹരിഗുളികകൾ പിടിച്ചെടുക്കുകയും നാലംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അധികൃതർ വ്യാഴാഴ്ച അറിയിച്ചു.

ദുബായ് കസ്റ്റംസും ദുബായ് പൊലീസിന്‍റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആന്റി നാർക്കോട്ടിക്‌സും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഒരു ഏഷ്യൻ രാജ്യത്തുനിന്ന് ദുബായിലേക്ക് വന്ന സംശയാസ്പദമായ ഒരു കാർഗോ ഷിപ്പ്‌മെന്റിനെക്കുറിച്ച് ദുബായ് കസ്റ്റംസിന്റെ അത്യാധുനിക ഡാറ്റാ അനാലിസിസ് സംവിധാനമാണ് ആദ്യ സൂചന നൽകിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് റിസ്ക് എഞ്ചിൻ, അഡ്വാൻസ്ഡ് ടാർഗെറ്റിംഗ് സാങ്കേതികവിദ്യ എന്നിവയുടെ സഹായത്തോടെയാണ് ഈ പരിശോധന നടന്നത്.

ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസിന്റെ 'സിയാജ്' പ്രത്യേക സുരക്ഷാ സംഘം ഈ ഷിപ്പ്‌മെന്റിൽ വിശദമായ പരിശോധന നടത്തുകയും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1,50,600 പ്രിഗബാലിൻ ഗുളികകൾ ആദ്യം കണ്ടെത്തുകയും ചെയ്തു. തുടർന്ന് കസ്റ്റംസ് സംഘം വിവരം ദുബായ് പൊലീസിന്റെ ആന്റി നാർക്കോട്ടിക്സ് വിഭാഗത്തിന് കൈമാറി. കപ്പലിലെ ലഹരിമരുന്ന് കൈപ്പറ്റാൻ യുഎഇക്കുള്ളിൽ കാത്തിരുന്ന സംഘത്തെ ലക്ഷ്യമിട്ടായിരുന്നു പൊലീസിന്റെ അടുത്ത നീക്കം. തന്ത്രപരമായ നീക്കത്തിലൂടെ രാജ്യത്തിനകത്തുണ്ടായിരുന്ന നാലംഗ ക്രിമിനൽ സംഘത്തെ പൊലീസ് വിജയകരമായി വലയിലാക്കി.

പ്രതികളെ അറസ്റ്റ് ചെയ്ത് നടത്തിയ കൂടുതൽ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും 1,28,250 ഗുളികകൾ കൂടി കണ്ടെത്താൻ കഴിഞ്ഞു. ഇതോടെ രണ്ട് ഘട്ടങ്ങളിലായി പിടിച്ചെടുത്ത മൊത്തം ലഹരിഗുളികകളുടെ എണ്ണം 2,78,850 ആയി ഉയർന്നു. ദുബായ് കസ്റ്റംസ് ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ റാഷിദ് ബിൻ ഹർബ് അൽ ഷംസി ഈ വിജയത്തെ പ്രശംസിച്ചു. കൃത്രിമ ബുദ്ധി, ഡാറ്റാ അനലിറ്റിക്‌സ്, സ്മാർട്ട് റിസ്‌ക് എഞ്ചിനുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് വഴി ഉയർന്ന സുരക്ഷാഭീഷണിയുള്ള ഷിപ്പ്‌മെന്റുകൾ രാജ്യത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതിർത്തികളിൽ കസ്റ്റംസ് പുലർത്തുന്ന ഈ ജാഗ്രതയാണ് വൻ വിപത്തുകളിൽ നിന്നും സമൂഹത്തെ രക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുലർച്ചെ അമേ​രിക്കയിലെ ഹോട്ടലിൽ തീപ്പിടിത്തം; രക്ഷതേടി കുളിമുറിയിൽ, ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം
മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍