
ദുബായ്: ദുബായിൽ വാഹനത്തിൽ നിന്ന് അമിതശബ്ദമോ അനാവശ്യ ഹോണടിയോ ഉണ്ടെങ്കിൽ ഇനി പണികിട്ടും. ഇവ നിയന്ത്രിക്കാനാവശ്യമായ സ്മാർട്ട് സംവിധാനം ദുബായ് പൊലീസ് വ്യാപിപ്പിക്കാൻ തിരൂമാനിച്ചു. ആദ്യഘട്ടമായി ബോധവത്ക്കരണം ശക്തമാക്കും. അനാവശ്യമായി ഹോണടിക്കാത്ത ട്രാഫിക് സംസ്കാരത്തിന് പേരുകേട്ട നഗരമെന്ന ഖ്യാതി നിലനിർത്താനുള്ള നീക്കത്തിലാണ് ദുബായ്. കടുത്ത നിയമങ്ങൾ പോലും ലംഘിക്കുന്ന ചിലർ ഇപ്പോഴും ഈ നഗരത്തിലുണ്ടെന്നാണ് ദുബായ് പൊലീസിന്‍റെ വിലയിരുത്തൽ. മോഡിഫിക്കേഷൻ വരുത്തി ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്കും ദുബായിൽ ഇനി വമ്പൻ പണികിട്ടുമെന്ന് ഉറപ്പാണ്.
അനാവശ്യ ഹോണടിക്കാരെയും മോഡിഫിക്കേഷൻ വരുത്തി ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളെയും കണ്ടെത്താൻ റഡാർ സംവിധാനം കൂടുതൽ നഗരത്തിലാകെ വിപുലീകരിക്കാനാണ് തീരുമാനം. വിന്യസിക്കുന്ന റഡാറുകൾ ശബ്ദം പിടിച്ചെടുക്കും. അമിത ശബ്ദമുള്ള വാഹനം കണ്ടെത്തും. വീഡിയോ സഹിതം തെളിവ് ശേഖരിക്കും. കുറ്റത്തിന് 2000 ദിർഹം വരെ പിഴയുണ്ടാകും. 12 ബ്ലാക്ക് പോയിന്‍റും ചുമത്തും.
അനാവശ്യ ഹോണടിയും മോഡിഫിക്കേഷൻ വരുത്തി ശബ്ദമലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനം പിടിച്ചെടുത്താൽ വാഹനം തിരികെ കിട്ടാൻ 10,000 ദിർഹം വരെ നൽകേണ്ടി വന്നേക്കും. ഇതോടൊപ്പം പട്രോളിങ്ങും നടത്തും. പിഴ ഈടാക്കുക എന്നതിനേക്കാൾ മികച്ച ട്രാഫിക് സംസ്കാരം കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.