ബില്യൺ ഡോളർ കരാറുകൾ പിറക്കുമെന്ന് ഉറപ്പ്! ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്കായി സൗദി കിരീടാവകാശി യുഎസിൽ എത്തും, വമ്പൻ സ്വീകരണമൊരുക്കാൻ ട്രംപ്

Published : Nov 17, 2025, 01:36 AM IST
mohammad salman trump

Synopsis

വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ട ഡോണൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന് ശേഷമുള്ള ഏറ്റവും പ്രധാന കൂടിക്കാഴ്ച്ചയാണ് അമേരിക്കൻ പ്രസിഡണ്ടും സൗദി കിരീടാവകാശിയും തമ്മിൽ നടക്കാൻ പോകുന്നത്. ചൊവ്വാഴ്ചയാകും സൗദി കിരീടാവകാശി അമേരിക്കയിലെത്തുക

ന്യൂയോർക്ക്: വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെ സന്ദർശിക്കാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എത്തുന്നു. സൗദിക്കുള്ള ആദരമായി സന്ദർശനം മാറുമെന്ന് പറഞ്ഞുകൊണ്ട് ഡോണൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ട ഡോണൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന് ശേഷമുള്ള ഏറ്റവും പ്രധാന കൂടിക്കാഴ്ച്ചയാണ് അമേരിക്കൻ പ്രസിഡണ്ടും സൗദി കിരീടാവകാശിയും തമ്മിൽ നടക്കാൻ പോകുന്നത്. ചൊവ്വാഴ്ചയാകും സൗദി കിരീടാവകാശി അമേരിക്കയിലെത്തുക.

ഗൾഫ് സൗഹൃദം ശക്തമാക്കാൻ ട്രംപ്

ഗൾഫ് രാഷ്ട്രങ്ങളുമായി ബന്ധം ദൃഢമാക്കുന്നത് പ്രധാന അജണ്ടയാക്കിയ അമേരിക്കൻ പ്രസിഡണ്ട്, സൗദി കിരീടാവകാശി വൈറ്റ് ഹൗസിലെത്തുമ്പോൾ ഒരുക്കുന്നത് മറക്കാനാവാത്ത സ്വീകരണമാണെന്നുറപ്പ്. സൗദിക്കും കിരീടാവകാശിക്കുമുള്ള ആദരമായി സന്ദർശനം മാറുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. സൗദി കിരീടാവകാശിയുടെ ആദ്യ ഔദ്യോഗിക അമേരിക്ക സന്ദർശനമാണിത്. മറ്റന്നാളാണ് മുഹമ്മദ് ബിൻ സൽമാൻ വൈറ്റ് ഹൗസിലെത്തുക. ഓവൽ ഓഫീസിലെ ഉഭയകക്ഷി കൂടിക്കാഴ്ച്ച, പ്രധാന സൈനിക - വ്യാപാര കരാറുകൾ എന്നിവ സന്ദർശനത്തിന്റെ ഭാഗമാണ്. സൗദി കിരീടാവകാശിക്ക് അമേരിക്കൻ പ്രസിഡണ്ട് അത്താഴ വിരുന്നൊരുക്കും. വമ്പൻ വ്യാപാര ചർച്ചകളും ഇരുവരും തമ്മിൽ നടക്കുമെന്നാണ് പ്രതീക്ഷ.

ബില്യൺ ഡോളർ കരാറുകൾ പിറക്കുമോ?

മാസങ്ങൾക്ക് മുൻപ് ഡോണൾഡ് ട്രംപ്, സൗദി ഉൾപ്പടെ ഗൾഫ് രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തിൽ ബില്യൺ കണക്കിന് ഡോളർ കരാറുകളാണ് പിറന്നത്. അമേരിക്കൻ വിപണിക്ക് തന്നെ ഇത് വലിയ ഊർജമായിരുന്നു. അന്ന് സൗദി കിരീടാവകാശിയുടെ മുന്നിൽ വെച്ച് സിറിയക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുന്നത് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതും വലിയ ശ്രദ്ധ നേടിയിരുന്നു. പുതിയ കൂടിക്കാഴ്ച്ചയിൽ ചൊവ്വാഴ്ച്ചയും സർപ്രൈസ് പ്രഖ്യാപനങ്ങളും തീരുമാനങ്ങളും പ്രതീക്ഷിക്കാം.

തീരുവ കുറച്ചു

അതിനിടെ യു എസിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ബീഫ്, തക്കാളി, വാഴപ്പഴം തുടങ്ങിയ പ്രധാന ഭക്ഷ്യവസ്തുക്കളുടെ തീരുവ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻവലിച്ചു എന്നതാണ്. അമേരിക്കൻ ഉപഭോക്താക്കൾക്കിടയിൽ പലചരക്ക് സാധനങ്ങളുടെ ഉയർന്ന വിലയെക്കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം അർദ്ധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു. ഈ വർഷം ആദ്യം ഏർപ്പെടുത്തിയ വൻ ഇറക്കുമതി തീരുവകൾ പണപ്പെരുപ്പത്തിന് കാരണമാകുന്നില്ലെന്ന് വളരെക്കാലമായി വാദിച്ചിരുന്ന ട്രംപിന് ഒരു വലിയ തിരിച്ചടിയാണ് ഈ പുതിയ തീരുമാനം. ഉപഭോക്തൃ വില സൂചികയിൽ, സെപ്റ്റംബറിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബീഫിന് ഏകദേശം 13% വില കൂടുതലായിരുന്നു, സ്റ്റീക്കുകളുടെ വില ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഏകദേശം 17% കൂടുതലാണ്. ട്രംപിന്റെ മുൻഗാമിയായ ജോ ബൈഡന്റെ കീഴിൽ പണപ്പെരുപ്പം അതിന്റെ ഉച്ചസ്ഥായിയിലെത്തിയപ്പോൾ മുതൽ, മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ വില വർധനവാണ് ഉണ്ടായത്. വാഴപ്പഴത്തിന്റെ വില ഏകദേശം 7% കൂടുതലായിരുന്നു, അതേസമയം തക്കാളിയുടെ വില 1% കൂടുതലായിരുന്നു. വീട്ടിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ മൊത്തത്തിലുള്ള ചെലവ് സെപ്റ്റംബറിൽ 2.7% വർദ്ധിച്ചിരുന്നു. ട്രംപ് ഭരണത്തിൽ വന്നതോടെ, ഓരോ രാജ്യത്തുനിന്നുമുള്ള ഇറക്കുമതിക്ക് 10% അടിസ്ഥാന താരിഫ് ചുമത്തിയും, സംസ്ഥാനം അനുസരിച്ച് വ്യത്യസ്തമായ അധിക നിർദ്ദിഷ്ട തീരുവകളും ഏർപ്പെടുത്തിക്കൊണ്ട് ട്രംപ് ആഗോള വ്യാപാര വ്യവസ്ഥയെ അട്ടിമറിച്ചു. ഇറക്കുമതി തീരുവയുടെ മുഴുവൻ ഭാരവും കമ്പനികൾ വഹിക്കാൻ തുടങ്ങുമ്പോൾ അടുത്ത വർഷം സാധാനങ്ങളുടെ വില കൂടുതൽ ഉയരുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം