
ദില്ലി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപ്പെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ചു. ദുരന്തമുഖത്തുനിന്നുണ്ടായ അവരുടെ അനുഭവങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ അദ്ദേഹം, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച നേപ്പാൾ സൈന്യത്തിനും സർക്കാരിനും ഇന്ത്യൻ എംബസിക്കും നന്ദി അറിയിച്ചു. തുടർന്ന് നേപ്പാൾ വിദേശകാര്യമന്ത്രി ശിശിർ ഖനാലുമായി ഫോണിൽ സംസാരിച്ച ജയശങ്കർ, രക്ഷാദൗത്യത്തിന് നന്ദി അറിയിക്കുകയും ആവശ്യമായ ഏത് സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
അതേസമയം നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ 320 ഇന്ത്യക്കാരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനൊപ്പം 100 ഇന്ത്യൻ വംശജരെക്കുറിച്ചും 8 മലയാളികളെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നേപ്പാളിൽ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തമിഴ്നാട്ടിൽ നിന്നുള്ളവരാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 96 ഇന്ത്യക്കാർ സുരക്ഷിതരായി നേപ്പാൾ ഭാഗത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ കൂടാതെ ടിബറ്റ് ഭാഗത്തുള്ള 400 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രളയത്തിൽ തകർന്ന ത്രിശൂലി ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 പേരെ വിജയകരമായി രക്ഷപ്പെടുത്താൻ സാധിച്ചു. പ്രളയത്തിൽ എത്ര ഇന്ത്യക്കാർ മരിച്ചെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തമായ വിവരമില്ലെന്നും തുരങ്കങ്ങളിൽ തടസ്സപ്പെട്ടവരെ കണ്ടെത്താൻ പ്രത്യേക വിദഗ്ധ സംഘത്തെ ഇന്ത്യ അയച്ചിട്ടുണ്ടെന്നും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി എൻ ഡി ആർ എഫ് (NDRF) സംഘത്തെ അയക്കാൻ തയ്യാറാണെന്ന് ഇന്ത്യ നേപ്പാളിനെ അറിയിച്ചിട്ടുണ്ട്. ഇതിനായി നേപ്പാൾ സർക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. തകർന്ന ഗതാഗതമാർഗ്ഗങ്ങൾ പുനഃസ്ഥാപിക്കാൻ ബെയ്ലി പാലങ്ങൾ അടക്കം നിർമ്മിച്ച് നൽകാൻ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തന ഏകോപനവും ഊർജിതമായി പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam