
ടോക്കിയോ: ജപ്പാനിൽ അതിശക്തമായ ഭൂചലനം. ക്യൂഷു ദ്വീപിലെ കുമാംമോട്ടോ പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സമുദ്രോപരിതലത്തിൽനിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടർന്ന് ജപ്പാനിൽ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ മാറിത്താമസിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും സർക്കാർ അറിയിച്ചു.
ഭൂചലനമുണ്ടായ മേഖലയിൽ കെട്ടിടങ്ങൾ തകർന്നതായും ഒട്ടേറെ പേർക്ക് പരിക്കേറ്റതായും ജപ്പാൻ പ്രധാനമന്ത്രി സനായ് ടക്കായ്ച്ചിയും സ്ഥിരീകരിച്ചു. അതേസമയം, മേഖലയിലെ ആണവകേന്ദ്രങ്ങളിൽ അസ്വാഭാവികമായി ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഒരുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ജപ്പാനിൽ ശക്തമായ ഭൂചലനമുണ്ടാകുന്നത്. ജൂലായ് 25ന് രാജ്യത്തിന്റെ വടക്കൻ മേഖലയിലാണ് റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. എന്നാൽ, അന്നത്തെ ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam