
ബീജിംഗ്: ലാൻഡിംഗിന് പിന്നാലെ വിമാനത്തിന്റെ ഓവർഹെഡ് ലഗേജ് കാബിനിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ചു. ചൈന ഈസ്റ്റേൺ എയർലൈൻസിന്‍റെ എംയു2421 വിമാനത്തിലാണ് സംഭവം. കാബിൻ ക്രൂവിന്‍റെ സമയബന്ധിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ലാഞ്ചോവിൽ നിന്ന് ഗുയാങ് ലോങ്‌ഡോങ്ബാവോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിയ എയർബസ് എ320 വിമാനം റൺവേയിലൂടെ ടെർമിനലിലേക്ക് നീങ്ങുന്നതിനിടെയാണ് യാത്രക്കാരന്‍റെ ബാഗിലിരുന്ന പവർ ബാങ്ക് കത്തിയത്. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റില്ല. വിമാനത്തിനുള്ളിൽ പുക ഉയർന്നതിനെ തുടർന്ന് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
തുറന്ന ലഗേജ് റാക്കിൽ നിന്ന് തീയുയരുന്നതിന്‍റെയും പുക പടരുന്നതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവ സമയം വിമാനത്തിന് പുറത്താണ് തീപിടിച്ചതെന്നാണ് കരുതിയതെന്നും എന്നാൽ തലയ്ക്ക് മുകളിലെ ലഗേജ് റാക്കിൽ നിന്ന് തീയുയരുന്നത് കണ്ടതോടെ യാത്രക്കാർ പരിഭ്രാന്തരായി പുറകോട്ട് മാറുകയായിരുന്നെന്നും വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ വെളിപ്പെടുത്തി. എന്നാൽ ക്രൂ അംഗങ്ങൾ തികച്ചും ശാന്തരായി യാത്രക്കാരെ ആശ്വസിപ്പിക്കുകയും നിമിഷങ്ങൾക്കകം തീ അണയ്ക്കുകയും ചെയ്തു. യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയിരുന്നു.
ചൈന ഈസ്റ്റേൺ എയർലൈൻസിന്‍റെ നിയമപ്രകാരം പവർ ബാങ്കുകൾ ഹാൻഡ് ലഗേജിൽ കരുതാം, എന്നാൽ ഇവ ഓവർഹെഡ് ലഗേജ് റാക്കിൽ വെക്കാനോ യാത്രയ്ക്കിടയിൽ ഫോണോ മറ്റോ ചാർജ് ചെയ്യാനോ പാടില്ല. ലിഥിയം ബാറ്ററികൾക്ക് പെട്ടെന്ന് തീപിടിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് ഈ നിയന്ത്രണം.
ചൈനയിൽ ലിഥിയം ബാറ്ററികൾ മൂലം വിമാനങ്ങളിൽ തീപിടിത്തങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് കുറ്റമറ്റ സാക്ഷ്യപത്രങ്ങൾ (3സി സർട്ടിഫിക്കേഷൻ) ഇല്ലാത്ത പവർ ബാങ്കുകൾ വിമാനങ്ങളിൽ കൊണ്ടുപോകുന്നതിന് ചൈനീസ് സിവിൽ ഏവിയേഷൻ അതോറിറ്റി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
China Eastern flight, Lanzhou to Guiyang this morning. Plane had already landed and was taxiing when someone in front starts screaming “Fire!” and running. People look up... overhead bin is on fire.. Crew and passengers trying to deal with it, then the fire trucks show up on the… pic.twitter.com/4NZ191EaZs
— Fahad Naim (@Fahadnaimb) July 24, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam