റിയാദിലെയും കിഴക്കൻ പ്രവിശ്യയിലെയും എണ്ണകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിൽനിന്ന് എത്തിയ ഡ്രോണുകൾ സൗദി വ്യോമ പ്രതിരോധ സേന തകർത്തു. ഇറാൻ പിന്തുണയുള്ള ഭീകര മിലിഷ്യകളാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി ആരോപിച്ചു. ഇത്തരം ആക്രമണങ്ങൾ തടയാൻ ഇറാഖ് സർക്കാർ നടപടിയെടുക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

റിയാദ്: രാജ്യത്തെ പ്രധാന എണ്ണകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാഖിൽനിന്ന് പറന്നെത്തിയ നിരവധി ഡ്രോണുകൾ സൗദി വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞു തകർത്തു. റിയാദിലെയും കിഴക്കൻ പ്രവിശ്യയിലെയും പെട്രോളിയം കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണശ്രമം നടന്നതെന്ന് സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

ഇറാഖി മണ്ണിൽനിന്ന് ആരംഭിച്ച ഈ ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ഭീകര മിലിഷ്യകളാണെന്ന് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. രാജ്യത്തിെൻറ പരമാധികാരവും വിഭവങ്ങളും സംരക്ഷിക്കാനുള്ള സ്വാഭാവിക അവകാശം സൗദി അറേബ്യയ്ക്കുണ്ടെന്നും അനുയോജ്യമായ സമയത്തും സ്ഥലത്തും ഇതിന് തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇറാഖിലെ ഇറാൻ അനുകൂല മിലിഷ്യകൾ നടത്തിയ ആക്രമണശ്രമത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. സ്വന്തം സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിലും അധിനിവേശത്തിന്‍റെ ഉറവിടങ്ങൾക്ക് നേരെ ശക്തമായി തിരിച്ചടിക്കുന്നതിലും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ഇറാഖി മണ്ണ് ഇത്തരത്തിലുള്ള ഭീകരാക്രമണങ്ങൾക്കായി ഉപയോഗിക്കുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഇറാഖ് സർക്കാറിനോട് റിയാദ് ആവശ്യപ്പെട്ടു.