
കാബൂൾ: അഫ്ഗാനിസ്ഥാനെ നടുക്കിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. ഏറ്റവും ഒടുവിലെ വിവരപ്രകാരം 2053 പേർക്ക് ജീവൻ നഷ്ടമായെന്നാണ് വ്യക്തമാകുന്നത്. രാജ്യത്തെ നടുക്കിയ ഭൂകമ്പത്തിൽ പതിനായിരത്തോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പടിഞ്ഞാറൻ അഫ്ഗാനിൽ ഇറാൻ അതിർത്തിയോട് ചേർന്ന പ്രദേശത്താണ് കനത്ത ഭൂകമ്പം ഉണ്ടായത്.
റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം അവസാനിച്ചിട്ടില്ലെന്നും തുടരുകയാണെന്നുമാണ് അധികൃകർ പറയുന്നത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ മേഖലയിൽ രണ്ട് തുടർ ഭൂചലനങ്ങളും ഉണ്ടായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കെട്ടിടങ്ങളിൽ നിന്നും വീടുകളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് ഓടുന്ന ദൃശ്യം പുറത്തുവന്നു. പലരും ഭയന്ന് തെരുവുകളില്‍ തുടരുകയാണ്. രാജ്യത്തെ നടുക്കിയ ഭൂകമ്പത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട നിരവധി പേരുടെ പ്രതികരണങ്ങളും ഇതിനകം പുറത്തുന്നിട്ടുണ്ട്. 'ഞങ്ങള്‍ ഓഫീസിലായിരുന്നു, പെട്ടെന്നാണ് കെട്ടിടം കുലുങ്ങാന്‍ തുടങ്ങിയത്, ചുവരുകൾക്ക് വിള്ളല്‍ ഉണ്ടായി, ഭിത്തികളും കെട്ടിടത്തിന്റെ ചില ഭാഗങ്ങളും തകർന്ന് വീണു, വീട്ടിലേക്ക് വിളിക്കാന്‍ നോക്കിയപ്പോള്‍ നെറ്റ്‍വര്‍ക്ക് ലഭിച്ചില്ല, ആകെ മൊത്തത്തിൽ വല്ലാണ്ട് പേടിച്ചുപോയി, ഭയാനകമായ അനുഭവമായിരുന്നു അത്' - ഹെറാത്ത് സ്വദേശിയായ ബഷീര്‍ അഹമ്മദ് ഭൂകമ്പത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങിനെയാണ്.
നാശനഷ്ടത്തിന്‍റെ സമ്പൂർണ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് അഫ്ഗാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി വക്താവ് പറഞ്ഞു. ഗ്രാമീണ , പർവത മേഖലകളിലും പ്രകമ്പനം ഉണ്ടായതിനാല്‍ എത്രത്തോളം നാശനഷ്ടമെന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ലെന്നാണ് വക്താവ് പ്രതികരിച്ചത്. വരും ദിവസങ്ങളിൽ ഇതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിക്കുമെന്നും അഫ്ഗാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി വക്താവ് പറഞ്ഞു.
കാൽ നൂറ്റാണ്ടിനിടെ അഫ്ഗാനിസ്ഥാനിലുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമാണിത്. കഴിഞ്ഞ വർഷം ജൂണിൽ, റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് അഫ്ഗാനിൽ 1000 ത്തിലധികം ആളുകൾ മരിക്കുകയും പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തിരുന്നു. ഈ വർഷം മാർച്ചിൽ വടക്ക് കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജുർമിന് സമീപമുണ്ടായ ഭൂചലനത്തിലാകട്ടെ 13 പേർക്കാണ് ജീവൻ നഷ്ടമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam