ഹോർമുസ് അടച്ചപ്പോഴും കുലുങ്ങിയില്ല, ലോകം ഉറ്റുനോക്കിയ സൗദിയുടെ 'പ്ലാൻ ബി'; ഇന്ധന പ്രതിസന്ധിക്കിടെ രക്ഷാകവചമായ വഴി

Published : Mar 27, 2026, 01:11 PM IST
strait of hormuz, Satelite Imagery of Yanbu

Synopsis

ഹോർമുസ് കടലിടുക്ക് അടഞ്ഞതിനെ തുടർന്ന് ലോകം ആശങ്കയിലായപ്പോള്‍ സൗദി അറേബ്യയുടെ രക്ഷാകവചം തുണയായി. കിഴക്കൻ എണ്ണപ്പാടങ്ങളെ ചെങ്കടലിലെ യാൻബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കി സൗദി.  

റിയാദ്: ഇറാനിലെ അമേരിക്കൻ- ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് അടഞ്ഞപ്പോൾ ലോകം ഉറ്റുനോക്കിയത് സൗദി അറേബ്യയിലേക്കാണ്. ഹോർമുസ് പ്രതിസന്ധി മനസ്സിൽ കണ്ട് സൗദി അറേബ്യ അക്ഷരാർത്ഥത്തിൽ ഒരു രക്ഷാകവചം തന്നെ തീർത്തിട്ടുണ്ട്. എണ്ണപ്രതിസന്ധിക്ക് തടയിടാൻ 45 വർഷം മുമ്പേ സൗദി അറേബ്യ മാസ്റ്റർ പ്ലാൻ ആസൂത്രണം ചെയ്തിരുന്നു.

രാജ്യത്തിന്റെ കിഴക്കൻ എണ്ണപ്പാടങ്ങളെ ചെങ്കടൽ തീരത്തെ യാൻബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനാണ് ഈ രക്ഷാകവചം. ലോക സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായി മാറുകയാണ് നിലവിൽ ഈ പാത. 1980-കളിലെ ഇറാൻ- ഇറാഖ് യുദ്ധകാലത്ത് നിർമ്മിച്ച ഈ പൈപ്പ് ലൈൻ, ഒരു വലിയ യുദ്ധമുണ്ടായാൽ എണ്ണ വിതരണം തടസ്സപ്പെടാതിരിക്കാനായാണ് സൗദി കരുതിവെച്ചിരുന്നത്. 1980കളിലാണ് പൈപ്പ്‌ലൈനിന്റെ ആദ്യഘട്ടം പൂർത്തിയാകുന്നത്. പിന്നീട് 1990ലെ കുവൈത്ത് അധിനിവേശത്തെ തുടർന്ന് പൈപ്പ്‌ലൈനിന്റെ ശേഷി പ്രതിദിനം അഞ്ച് ദശലക്ഷം ബാരലായി ഉയർത്തിയിരുന്നു. നിലവിൽ ഇത് സൗദി അരാംകോയാണ് നിയന്ത്രിക്കുന്നത്. 2019ൽ ഹൂതികളുടെ ഡ്രോൺ ആക്രമണം പൈപ്പ്‌ലൈനിനെ ലക്ഷ്യമിട്ടിരുന്നു. എന്നാൽ സൗദി അരാംകോ തകരാറുകൾ അതിവേഗം തന്നെ പരിഹരിച്ചു. 2024 മുതൽ 2026 വരെ പൈപ്പ്‌ലൈനിന്റെ ശേഷി പ്രതിദിനം 7 ദശലക്ഷം ബാരലായി സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ പൂർത്തിയായി. ഹോർമുസ് പാത പ്രതിസന്ധിയിലായതോടെ ഈ പൈപ്പ് ലൈൻ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കി. ഹോർമുസ് വഴി വരാനിരുന്ന കപ്പലുകളെല്ലാം ചെങ്കടലിലെ യാൻബു തുറമുഖത്തേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. നിലവിൽ പ്രതിദിനം 3.66 ദശലക്ഷം ബാരൽ എണ്ണയാണ് ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നത്. ഇത് യുദ്ധത്തിന് മുൻപുള്ള കയറ്റുമതിയുടെ പകുതിയോളം വരും.

എണ്ണ എത്തിക്കുന്നതിനായി സൗദി അറേബ്യയുടെ കപ്പൽ കമ്പനിയായ 'ബഹ്‌രി', പ്രതിദിനം 4,50,000 ഡോളറിലധികം (ഏകദേശം 3.7 കോടി രൂപ) വാടക നൽകിയാണ് സൂപ്പർ ടാങ്കറുകൾ യാൻബുവിലേക്ക് എത്തിക്കുന്നത്. സൗദിയുടെ ഈ നീക്കം വിപണിയെ ശാന്തമാക്കുന്നുണ്ടെങ്കിലും വെല്ലുവിളികൾ ഒഴിയുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച യാൻബുവിലെ സംറെഫ് റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം നടത്തിയത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇസ്രായേൽ ഇറാന്റെ പ്രകൃതിവാതക നിലയങ്ങൾ തകർത്തതിന് തിരിച്ചടിയായാണ് ഇറാൻ ഗൾഫ് മേഖലയിലെ എണ്ണ ആസ്തികളെ ലക്ഷ്യം വെക്കുന്നത്.

അതേസമയം ഇന്ത്യ അടക്കമുള്ള സുഹൃദരാജ്യങ്ങൾക്കായി ഹോർമുസ് കപ്പൽപ്പാത തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അറിയിച്ചിട്ടുണ്ട്. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്കായി ഹോർമുസ് തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ എക്സിൽ അറിയിച്ചു. 'ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി: ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള സുഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഞങ്ങൾ അനുവദിക്കുന്നു’-ഇറാൻ കോൺസുലേറ്റ് ജനറൽ എക്സ് സന്ദേശത്തിൽ പറയുന്നു. ഇന്ത്യയുടെ രണ്ട് കപ്പലുകൾ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നതായാണ് നിലവിലെ വിവരം.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡോളറിൽ ഇനി ട്രംപിന്റെ കൈയൊപ്പ്! 165 വർഷത്തെ പാരമ്പര്യം തിരുത്തി അമേരിക്ക, യുഎസ് കറൻസിയിൽ മാറ്റം വരുന്നത് ഇതാദ്യമായി!
ഗൾഫ് കടലിൽ അമേരിക്കയുടെ 'ആളില്ലാ പോരാളി'; ഇറാൻ്റെ ഭീഷണി മറികടന്ന് ഹോർമുസിൽ സുരക്ഷയൊരുക്കാൻ ഡ്രോൺ ബോട്ടുകൾ