
ദില്ലി: പാകിസ്ഥാൻ നിയന്ത്രിത കാശ്മീരിലെ റാവൽകോട്ട് നഗരത്തിൽ ജനകീയ പ്രക്ഷോഭത്തിന് നേരെ പാക് സുരക്ഷാസേന വെടിയുതിർത്തു. ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം, അമിതമായ വൈദ്യുതി ബിൽ, നികുതി ഭാരം എന്നിവയ്ക്കെതിരെ മാസങ്ങളായി തുടരുന്ന ജനകീയ പ്രക്ഷോഭമാണ് ഇപ്പോൾ വലിയ അക്രമത്തിലും വെടിവെയ്പ്പിലും കലാശിച്ചിരിക്കുന്നത്. പ്രദേശത്ത് വലിയ രീതിയിൽ സ്വാധീനമുള്ള 'ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി' എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് നേരെയാണ് പാക് റേഞ്ചേഴ്സും പൊലീസും വെടിവെപ്പ് നടത്തിയത്. സംഘർഷങ്ങളിൽ ഇതുവരെ പ്രതിഷേധക്കാരായ സാധാരണക്കാരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ 19 ആയെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി പാകിസ്ഥാൻ ഈ സിവിൽ സൊസൈറ്റി കൂട്ടായ്മയെ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിച്ചിരുന്നു. ഇതേത്തുടർന്ന് ജനങ്ങൾ തെരുവിൽ പ്രതിഷേധിക്കുകയും, ഒരു പ്രതിഷേധക്കാരന്റെ ശവസംസ്കാര ചടങ്ങിനിടെ പാക് സൈന്യം ഇടപെട്ടതോടെ സംഘർഷം റാവൽകോട്ട് നഗരത്തിന് പുറത്തുള്ള ആശുപത്രി മോർച്ചറിക്ക് സമീപത്തേക്ക് വരെ വ്യാപിക്കുകയുമായിരുന്നു.
പാകിസ്ഥാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സബ്‌സിഡികൾ നിർത്തലാക്കിയതോടെ ഗോതമ്പ് മാവ് (ആട്ട), അരി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തവിധം വർദ്ധിച്ചു. ഇതിന്മേൽ സബ്‌സിഡി വേണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം.ജലവൈദ്യുത പദ്ധതികൾ വലിയ തോതിൽ ഉള്ള പ്രദേശമായിട്ടുകൂടി പൂഞ്ച്, റാവൽകോട്ട് മേഖലകളിൽ പാകിസ്ഥാൻ സർക്കാർ അമിതമായ വൈദ്യുതി ബില്ലും കനത്ത നികുതിയുമാണ് ഈടാക്കുന്നത്. തങ്ങളുടെ മണ്ണിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ന്യായമായ നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. സമാധാനപരമായി തുടങ്ങിയ സമരത്തെ പാക് സൈന്യത്തെയും ഫെഡറൽ പാരാമിലിട്ടറി വിഭാഗങ്ങളെയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചതാണ് ജനങ്ങളെ കൂടുതൽ പ്രകോപിപ്പിച്ചത്.
നിലവിൽ റാവൽകോട്ട് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കർഫ്യൂവിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ പാകിസ്ഥാൻ ഭരണകൂടം വിച്ഛേദിക്കുകയും ചെയ്തിരിക്കുകയാണ്. എന്നിരുന്നാലും മുസാഫറബാദ്, കോട്‌ലി, നീലം വാലി തുടങ്ങിയ മറ്റ് മേഖലകളിലേക്കും ഈ പ്രക്ഷോഭം ആളിപ്പടരുന്നതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam