
ദില്ലി: ടെസ്‌ല, സ്പേസ് എക്സ് സിഇഒയുമായ എലോൺ മസ്‌കിനെതിരെ ലൈംഗികാരോപണം വാർത്തയായതോടെ ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 1000 കോടി ഡോളർ (10 ബില്ല്യൺ). വ്യാഴാഴ്ച വാർത്ത പുറത്തുവരുന്നതിന് 212 ബില്യൺ ഡോളറായിരുന്നു മസ്കിന്റെ ആസ്തി. എന്നാൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 201 ബില്യൺ ഡോളറായി കുറഞ്ഞു. ലൈംഗിക ആരോപണ വാർത്ത ടെസ്‌ലയുടെ ഓഹരി വിലയെ ബാധിച്ചതാണ് മസ്കിന് തിരിച്ചടിയായത്. ബിബിസിയുടെ കണക്കനുസരിച്ച് കമ്പനിയുടെ 15 ശതമാനത്തോളം ഓഹരി മസ്‌കിന്റെ ഉടമസ്ഥതയിലാണ്. ലൈംഗികാരോപണങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ ടെസ്‌ലയുടെ ഓഹരി വില 6.4 ശതമാനം ഇടിഞ്ഞു. മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റർ വാങ്ങാൻ 44 ബില്യൺ ഡോളറിന്റെ കരാറിൽ മസ്‌ക് കഴിഞ്ഞ മാസം ഒപ്പുവച്ചിരുന്നു. എന്നാൽ, മെയ് 13 ന്, ട്വിറ്റർ വാങ്ങുന്നതിനുള്ള കരാർ താൽക്കാലികമായി നിർത്തിവച്ചതായി മസ്ക് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മസ്കിനെതിരെ ലൈംഗിക ആരോപണമുയർന്നത്. എയർ ഹോസ്റ്റസിനെ മസ്ക് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. 2016ൽ ഇലോൺ മസ്‌ക് ലൈംഗിക ഉത്തേജനം ലഭിക്കുന്ന മസാജ് ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഇക്കാര്യം പുറത്തുപറയാതിരിക്കാൻ 2,50,000 ഡോളർ മസ്ക് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. 2018ലാണ് പണം നൽകി പ്രശ്നം ഒത്തുതീർപ്പാക്കിയത്.
സ്‌പേസ് എക്‌സിന്റെ കോർപ്പറേറ്റ് ജെറ്റ് ഫ്‌ളീറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അറ്റൻഡന്റിനോടാണ് മസ്ക് അപമര്യാദയായി പെരുമാറിയത്. മസ്ക് നഗ്നത പ്രദർശിപ്പിച്ചെന്നും സമ്മതമില്ലാതെ അവളുടെ കാലിൽ തടവിയെന്നും ഉത്തേജിപ്പിക്കുന്ന രീതിയിൽ മസാജ് ചെയ്ത് നൽകിയാൽ ഒരു കുതിരയെ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തതായും ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. "മസ്കിനെതിരെ ആരോപണം ഉന്നയിച്ച അറ്റൻഡറിന്റെ ആരോപണം സത്യമാണെന്ന് വ്യക്തമാക്കി അവരുടെ ഒരു സുഹൃത്ത് ഒപ്പിട്ട സത്യപ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഈ സത്യപ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് വാർത്ത റിപ്പോർട്ട് ചെയ്തതെന്നും ഇമെയിൽ ഇടപാടുകളും തെളിവായി കൈയിലുണ്ടെന്നും ബിസിനസ് ഇൻസൈഡർ റിപ്പോർട്ടിൽ പറയുന്നു.
ഫ്‌ളൈറ്റ് അറ്റൻഡന്റ് ജോലി ലഭിച്ചതിന് ശേഷം മസാജ് ചെയ്യാനുള്ള ലൈസൻസ് എടുക്കാൻ തന്നെ പ്രേരിപ്പിച്ചു. മസ്കിന് മസാജ് ചെയ്യാനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 2016-ൽ ലണ്ടനിലേക്കുള്ള യാത്രക്കിടെ മസ്കിന്റെ ഗൾഫ്സ്ട്രീം G650ER-ലെ സ്വകാര്യ ക്യാബിനിൽ വെച്ചാണ് സംഭവം. വിമാനയാത്രക്കിടെ ഫുൾ ബോഡി മസാജിനായി തന്റെ മുറിയിലേക്ക് വരാൻ മസ്‌ക് ആവശ്യപ്പെട്ടതായി ഫ്ലൈറ്റ് അറ്റൻഡന്റ് സുഹൃത്തിനോട് പറഞ്ഞു. മുറിയിൽ പ്രവേശിച്ചപ്പോൾ അരക്ക് താഴെ ടവ്വൽ മാത്രമായിരുന്നു മസ്ക് ധരിച്ചിരുന്നത്. മസാജിനിടെ മസ്ക് സ്വകാര്യഭാഗം പ്രദർശിപ്പിച്ചു. പിന്നീട് അനുവാദമില്ലാതെ സ്പർശിക്കുകയും 'കൂടുതൽ ചെയ്യുകയാണെങ്കിൽ' ഒരു കുതിരയെ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നും പറയുന്നു. എന്നാൽ മസ്കിന്റെ വാഗ്ദാനം യുവതി നിരസിച്ചു.