
വാഷിംഗ്ടൺ: അമേരിക്കയുടെ അടുത്ത പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡോണൾഡ് ട്രംപ് വിദേശ രാജ്യത്തലവന്മാരുമായുള്ള നയതന്ത്ര ബന്ധവും തുടങ്ങിയിട്ടുണ്ട്. പ്രസിഡന്‍റ് പദം ഏറ്റെടുക്കുക ജനുവരിയിലാണെങ്കിലും നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് എന്ന നിലയിലാണ് വിദേശ രാജ്യത്തലവന്മാരുമായി ട്രംപ് വീണ്ടും സൗഹൃദം പുതുക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആദ്യം തന്നെ ഫോണിൽ സംസാരിച്ച ട്രംപ്, ഏറ്റവുമൊടുവിൽ യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കിയുമായി നടത്തിയ ഫോൺ വിളി ആഗോളതലത്തിൽ ചർച്ചയാകുകയാണ്.
റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈനെ ട്രംപ് എത്രത്തോളം പിന്തുണക്കും എന്ന കാര്യത്തിൽ വിവിധ ലോകരാജ്യങ്ങൾ പല വിധത്തിലുള്ള സംശയങ്ങൾ മുന്നോട്ട് വച്ചിരുന്നു. എന്നാൽ സെലൻസ്കിയുമായുള്ള ഫോൺ ചർച്ചയിൽ ട്രംപ്, യുക്രൈന് സഹായം ചെയ്യുമെന്ന നിലയിലുള്ള വാഗ്ദാനം നൽകിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്രംപും സെലൻസ്കിയുമായുള്ള ചർച്ചക്കിടെ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി സംസാരിച്ചത്. 25 മിനിറ്റ് സമയമാണ് ട്രംപും സെലൻസ്കിയും ഫോണിൽ തമ്മിൽ സംസാരിച്ചത്. ഈ ചർച്ചക്കിടെ മസ്കിന് ട്രംപ് ഫോൺ കൈമാറിയെന്നാണ് റിപ്പോർട്ട്. മസ്കും സെലൻസ്കിയും തമ്മിൽ എന്താണ് സംസാരിച്ചതെന്ന കാര്യം പുറത്തുവന്നിട്ടില്ല. ട്രംപിനോട് സംസാരിക്കുന്നതിനിടെ മസ്കും സെലൻസ്കിയോട് ചർച്ച നടത്തിയെന്ന കാര്യം യുക്രൈൻ അധികൃതർ സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം ഫോണിലൂടെയുള്ള സംസാരത്തിനിടെ അമേരിക്കൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിൽ ട്രംപിനെ സെലൻസ്കി അഭിനന്ദിച്ചു. ട്രംപാകട്ടെ യുക്രൈനുള്ള പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഏത് തരത്തിലുള്ള പിന്തുണയാകും താൻ പ്രസിഡന്‍റായാൽ നൽകുകയെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ അമേരിക്കയാണ് റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രൈനെ ഏറ്റവും ശക്തമായി സഹായിക്കുന്നത്. ട്രംപ് അധികാരമേൽക്കുമ്പോൾ എന്തെങ്കിലും കുറവുണ്ടായാൽ അത് യുക്രൈനെ ബാധിച്ചേക്കുമെന്ന വിലയിരുത്തലുകൾ ഉയർന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam