
ടെൽ അവീവ്: ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹു യുഗത്തിന് അന്ത്യം. യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ട് പ്രധാനമന്ത്രി ആകുമെന്ന് ഉറപ്പായി. തിങ്കളാഴ്ച പുതിയ സർക്കാരിനെ പ്രഖ്യാപിക്കും എന്ന് പ്രസിഡണ്ട് വ്യക്തമാക്കിയതോടെയാണ് നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നത്. നെതന്യാഹുവിനെ പ്രധാനമന്ത്രി പദത്തിൽ നിന്ന് ഒഴിപ്പിക്കുന്നതിൽ നിർണായകമായത് അറബ് പാർട്ടികളുടെ പിന്തുണയാണ്. നെതന്യാഹുവിനെ കൈവിട്ട് സഖ്യകക്ഷിയായ തീവ്ര വലത് പക്ഷ പാർട്ടിയും രംഗത്തെത്തിയതോടെ പതനം പൂർത്തിയായി. ഇതോടെ ഇസ്രയേലിൽ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ അസാധാരണ സഖ്യത്തിന് വഴിയൊരുങ്ങുകയായിരുന്നു. യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് 11 സീറ്റുള്ള അറബ് ജോയിന്‍റ് ലിസ്റ്റ് പ്രഖ്യാപിച്ചു. ആരെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണ് ഇസ്രയേൽ പ്രസിഡന്‍റിന്‍റെ അറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ ഐസൻകോട്ടിനെ ക്ഷണിക്കാതെ പറ്റില്ലെന്നാണ് വിലയിരുത്തലുകൾ.
ശത്രുവിന്‍റെ ശത്രു മിത്രം ആകുന്ന കഥ ഇസ്രയേലിൽ പുത്തൻ രൂപത്തിൽ ആവർത്തിക്കുന്നു. ആർക്കും ഭൂരിപക്ഷം നേടാനാകാതെ പോയ സെനറ്റ് തെരഞ്ഞെടുപ്പിൽ നെതന്യാഹു സഖ്യത്തിന് 53, ഐസൻകോട്ട് സഖ്യത്തിന് 48, അറബ് പാർട്ടികൾക്കെല്ലാം ചേർന്ന് 19 എന്നതായിരുന്നു കക്ഷി നില. കേവല ഭൂരിപക്ഷമാർക്കുമില്ലാത്ത രാഷ്ട്രീയ സാഹചര്യത്തിൽ പല സമവാക്യങ്ങളും ചർച്ച ചെയ്യപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി ഇസ്രയേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ് നടത്തിയ മാരത്തൺ ചർച്ചകളിൽ ഐസൻകോട്ടിന് പിന്തുണയേറി. സഖ്യ സമവാക്യങ്ങൾ മാറി മറിഞ്ഞു. ഇപ്പോൾ ഐസൻകോട്ടിനൊപ്പം 67 പേരും നെതന്യാഹുവിനൊപ്പം 46 ഉം എന്നതാണ് പുറത്ത് കേൾക്കുന്ന കക്ഷി നില. ഒറ്റ നോട്ടത്തിൽ കണക്ക് ശരിയായെന്ന് തോന്നുമെങ്കിലും ഒന്നും അന്തിമമല്ലെന്നാണ് കഴിഞ്ഞ ദിവസത്തെ ടെലിവിഷൻ അഭിസംബോധനയിൽ ഹെർസോഗ് വ്യക്തമാക്കിയത്. സഖ്യങ്ങൾക്ക് അകത്ത് ആരുടെയൊക്കെ പിന്തുണ സ്വീകരിക്കാമെന്നതിൽ ആശങ്ക തീർന്നിട്ടില്ല. ശനിയാഴ്ച വൈകിയോ തിങ്കളാഴ്ചയോ ഹെർസോഗ് ഒരു നേതാവിനെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കും. 28 ദിവസത്തിനുള്ളിൽ പിന്തുണ തെളിയിച്ച് അയാൾ സത്യപ്രതിജ്ഞ ചെയ്യണം. പരമാവധി 14 ദിവസം കൂടി സമയം നീട്ടി നൽകും. അതുണ്ടായില്ലെങ്കിൽ അടുത്ത വർഷം വീണ്ടും തെരഞ്ഞെടുക്ക് നടക്കുന്ന സാഹചര്യം വരും. ഇപ്പോഴത്തെ ക്രിമനൽ സർക്കാരിനെ പുറത്താക്കാനാണ് ഞങ്ങളുടെ പിന്തുണയെന്ന് അറബ് ജോയിന്‍റ് ലിസ്റ്റ് നേതാവ് അഹമ്മദ് ടിബി വ്യക്തമാക്കി. ഐസൻകോട്ടിനുള്ള പിന്തുണ ആ കാരണം കൊണ്ടുമാത്രം. ഐസൻകോട്ടിന്‍റെ മറ്റ് സഖ്യകക്ഷികളിൽ എല്ലാവരും ഈ പിന്തുണ സ്വീകരിക്കുന്നതിനോട് യോജിക്കുന്നില്ല. പുറത്ത് നിന്നുള്ള പിന്തുണയെന്ന് പറയുമ്പോഴും ഉപാധികളിൽ വ്യക്തയില്ല. മറുവശത്ത് അറബ് പാർട്ടികൾ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും നെതന്യാഹുവും സഖ്യകക്ഷികളും ആവർത്തിച്ചാവശ്യപ്പെടുന്നു. അന്തിമ തീരുമാനം പ്രസിഡന്‍റിന്‍റെ കൈയ്യിൽ.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam