ഇസ്രായേലിൽ 67 അംഗങ്ങളുടെ പിന്തുണയോടെ പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ നേതാവ് ഗാഡി ഐസെൻകോട്ട് അവകാശവാദം ഉന്നയിച്ചു. എന്നാൽ അറബ്, വലതുപക്ഷ പാർട്ടികൾ തമ്മിലുള്ള ഭിന്നതകൾ കാരണം സഖ്യസർക്കാർ രൂപീകരണം പ്രതിസന്ധിയിലാണ്. ഞായറാഴ്ചയോടെ പ്രസിഡൻ്റ് ഐസക് ഹെർസോഗ് അന്തിമ തീരുമാനമെടുക്കും.
ജെറുസലേം: ഇസ്രായേലിൽ അടുത്ത സർക്കാർ രൂപീകരിക്കുന്നതിനുള്ള നിർണായക രാഷ്ട്രീയ പിന്തുണ നേടി പ്രതിപക്ഷ നേതാവും യാഷർ പാർട്ടി മേധാവിയുമായ ഗാഡി ഐസെൻകോട്ട്. ഇസ്രായേൽ പാർലമെന്റായ നെസ്സെറ്റിലെ 67 അംഗങ്ങൾ ഗാഡി ഐസെൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നതായി പ്രസിഡൻ്റിനെ അറിയിച്ചു. ഇതോടെ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ അധികാരസ്ഥാനത്ത് തുടരാനുള്ള സാധ്യത മങ്ങി. പുതിയ സഖ്യസർക്കാർ രൂപീകരിക്കാൻ ഐസെൻകോട്ട് അവകാശവാദം ഉന്നയിച്ചു.
അതേസമയം ഐസെൻകോട്ടിന് പാർലമെൻ്റിൽ വ്യക്തമായ ഭൂരിപക്ഷമുള്ള സഖ്യസർക്കാർ രൂപീകരിക്കുക പ്രയാസമാണ്. യാഷർ, ടുഗെദർ, ദി ഡെമോക്രാറ്റുകൾ, യിസ്രായേൽ ബെയ്റ്റിനു തുടങ്ങിയ ജൂത പ്രതിപക്ഷ പാർട്ടികളിലെ 48 അംഗങ്ങൾക്കു പുറമേ, അറബ് സഖ്യമായ ജോയിന്റ് ലിസ്റ്റിന്റെ 11 അംഗങ്ങളും റാം പാര്ട്ടിയുടെ 8 അംഗങ്ങളും ഐസെൻകോട്ടിനെ പിന്തുണ അറിയിക്കുന്നതായി പ്രസിഡൻ്റ് ഐസക് ഹെർസോഗിനെ അറിയിച്ചിട്ടുണ്ട്. 53 പേരുടെ പിന്തുണ പ്രതീക്ഷിച്ച നെതന്യാഹുവിന് 46 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. യുണൈറ്റഡ് തോറ ജൂതമതം പാർട്ടി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും പിന്തുണക്കാതെ മാറിനിന്നതാണ് നെതന്യാഹുവിന് തിരിച്ചടിയായത്.
കേവലഭൂരിപക്ഷമായ 61 സീറ്റ് മറികടന്നെങ്കിലും അറബ് പാർട്ടിയായ ജോയിന്റ് ലിസ്റ്റ് ഐസെൻകോട്ട് നയിക്കുന്ന സർക്കാരിൻ്റെ ഭാഗമാകാനില്ലെന്ന് വ്യക്തമാക്കി. സർക്കാരിനെ പുറത്തുനിന്ന് പിന്തുണക്കാനാണ് ഇവരുടെ തീരുമാനം. അറബ് പാർട്ടികളുടെ പിന്തുണയോടെയുള്ള സർക്കാരുമായി സഹകരിക്കില്ലെന്ന് വലതുപക്ഷ പാർട്ടിയായ യിസ്രായേൽ ബെയ്റ്റീൻ നേതാവ് അവിഗ്ഡോർ ലിബർമാൻ വ്യക്തമാക്കിയിട്ടുമുണ്ട്. പ്രധാനമന്ത്രി പദത്തിലേക്ക് ആരെയും പിന്തുണക്കാതെ മാറിനിന്ന യുണൈറ്റഡ് തോറ ജൂതമതം പാർട്ടി സൈനിക സേവന ഇളവുകൾക്കായി ഉന്നയിക്കുന്ന ആവശ്യങ്ങൾ പ്രതിപക്ഷ സഖ്യത്തിലെ മറ്റ് പാർട്ടികൾ അംഗീകരിക്കുന്നുമില്ല. അറബ് പാർട്ടികളുടെ പിന്തുണയോടെയുള്ള ഭരണത്തിന്റെ നിയമസാധുത ചോദ്യം ചെയ്ത് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ശക്തമായ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഭൂരിപക്ഷം പേരുടെ പിന്തുണ തെളിയിച്ചെങ്കിലും ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഐസെൻകോട്ടിനെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ല. നെതന്യാഹുവും ഐസെൻകോട്ടും ചേർന്നുള്ള ഐക്യസർക്കാരിൻ്റെ സാധ്യതയും പ്രസിഡൻ്റ് തേടിയെങ്കിലും ഐസെൻകോട്ട് ഇതിന് തയ്യാറല്ലെന്ന് അറിയിച്ചു. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത് ഞായറാഴ്ചയോടെ ഇക്കാര്യത്തിൽ പ്രസിഡൻ്റ് അന്തിമ തീരുമാനം എടുക്കുമെന്നാണ് വിവരം.






