അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കും; നടപടി നിർദ്ദേശിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Aug 17, 2021, 10:41 PM IST
Highlights

സഹായം തേടുന്ന അഫ്ഗാനിസ്ഥാനിലെ പൗരൻമാരെ സഹായിക്കണം. സിഖ്-ഹിന്ദു-ന്യൂനപക്ഷങ്ങൾക്ക് അഭയം നല്‍കണമെന്നും മോദി പറഞ്ഞു.

ദില്ലി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കാൻ നടപടി നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സഹായം തേടുന്ന അഫ്ഗാനിസ്ഥാനിലെ പൗരൻമാരെ സഹായിക്കണം. സിഖ്-ഹിന്ദു-ന്യൂനപക്ഷങ്ങൾക്ക് അഭയം നല്‍കണമെന്നും മോദി പറഞ്ഞു. അതേസമയം, അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി ജീവനക്കാരെയും കാബൂളിൽ കുടുങ്ങിയവരെയും ഒഴിപ്പിച്ചുവെന്ന് ഇന്ത്യ അറിയിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നൂറ്റി ഇരുപതിലധികം പേരെ ജാംനഗറിലും ദില്ലിയിലുമായി തിരിച്ചെത്തിച്ചത്. ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി അഫ്ഗാനിലെ സാഹചര്യം  വിലയിരുത്തി.

ആശങ്ക അവസാനിപ്പിച്ച് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനം ഉച്ചക്ക് 12ന് ഗുജറാത്തിലെ ജാംനഗറിലും വൈകീട്ട് അഞ്ചിന് ദില്ലിയിലും എത്തി. പാകിസ്ഥാന്‍റെ വ്യോമ മേഖല ഒഴിവാക്കി ഇറാൻ വഴിയാണ് വിമാനം ദില്ലിയിൽ തിരിച്ചെത്തിയത്.  കാബൂളിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാൻ ഇന്നലെ പുലർച്ചെയാണ് ഇന്ത്യ രണ്ട് സി 17 വ്യോമസേന വിമാനങ്ങൾ അയച്ചത്. കാബൂൾ വിമാനത്താവളത്തിൻറെ നിയന്ത്രണം തിരിച്ചെടുത്ത അമേരിക്കയുടെ സഹകരണം ഒഴിപ്പിക്കലിന് ഇന്ത്യ തേടിയിരുന്നു. റോഡ് മാർഗ്ഗമുള്ള യാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കാൻ താലിബാനുമായും എംബസി ഉദ്യോഗസ്ഥർ സംസാരിച്ചു. എംബസി ഉദ്യോഗസ്ഥർക്കൊപ്പം സുരക്ഷ ഉറപ്പാക്കാൻ നിയോഗിച്ച ഐടിബിപി ഭടൻമാരും നാല് മാധ്യമപ്രവർത്തകരും ചില അഫ്ഗാൻ പൗരൻമാരും വിമാനത്തിൽ ഉണ്ടായിരുന്നു.
 
അഫ്ഗാനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്കായി പോയ മലയാളികൾ ഉൾപ്പടെ ഇനിയും നിരവധി പേർ  അവിടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കുമെന്ന് വൈകീട്ട് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്തകുറിപ്പ് വ്യക്തമാക്കുന്നു. യാത്രാവിമാനങ്ങൾക്ക് അനുമതി നൽകിയാൽ ഉടൻ ഇതിനുള്ള നീക്കം തുടങ്ങും. കുടുങ്ങിയ എല്ലാവരും ഇന്ത്യ നൽകിയ നമ്പരുകളിൽ വിളിക്കണമെന്നും പ്രസ്താവന നിര്‍ദ്ദേശിക്കുന്നു. അഫ്ഗാൻ പൗരന്മാര്‍ക്ക് ഇ-വിസ നൽകാനാണ് ഇന്ത്യയുടെ തീരുമാനം.  അഫ്ഗാൻ ഏംബസി അടച്ചെങ്കിലും പ്രാദേശിക ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിസ ഓഫീസ് പ്രവര്‍ത്തനം തുടരുമെന്നാണ് സൂചന. അഫ്ഗാനിസ്ഥാനിലെ സാഹചര്യം ചര്‍ച്ച ചെയ്യാൻ പ്രധാനമന്ത്രി വൈകീട്ട് അടിയന്തിര യോഗം വിളിച്ചു. രാജ്നാഥ് സിംഗ്, അമിത്ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു. പല രാജ്യങ്ങളുമായി ഉന്നതതലത്തിൽ ഇന്ത്യ ചര്‍ച്ച നടത്തുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നത്. അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഇപ്പോൾ കാണിക്കുന്ന താല്പര്യവും യോഗം വിലയിരുത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!