
ടാല്ലിൻ: ഇന്ത്യൻ കമ്പനിയുമായുള്ള 70 മില്യൺ യൂറോയുടെ(ഏകദേശം 768.50 കോടി രൂപ) ആയുധ കരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ എസ്റ്റോണിയയിലെ പ്രതിരോധ മന്ത്രി ഹാന്നോ പെവ്കുർ രാജിവെച്ചു. 2022 മുതൽ പ്രതിരോധ മന്ത്രി സ്ഥാനത്തുള്ള ഹാന്നോ പെവ്കുർ ബുധനാഴ്ചയാണ് രാജി സമർപ്പിച്ചത്. ആയുധ ഇടപാടിൽ ക്രമക്കേടുകൾ നടന്നതായി എസ്റ്റോണിയൻ നാഷണൽ ഓഡിറ്റ് ഓഫീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെച്ചത്.
രാജ്യത്തിന്റെ സുരക്ഷ ഒരാൾ മാത്രം കൈകാര്യം ചെയ്യുന്ന ഒന്നല്ലെന്നും അത് കൂട്ടായ ഉത്തരവാദിത്വമാണെന്നും പെവ്കുർ സാമൂഹികമാധ്യമത്തിൽ കുറിച്ചു. അതുകൊണ്ടാണ് പ്രതിരോധ മേഖലയുടെ മുഴുവൻ രാഷ്ട്രീയ ഉത്തരവാദിത്വവും ഏറ്റെടുത്ത് താൻ രാജിവെയ്ക്കുന്നതെന്നും പ്രധാനമന്ത്രിക്ക് വകുപ്പ് കൈമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുക്രൈന് വെടിക്കോപ്പുകളും ആയുധങ്ങളും നൽകി പിന്തുണയ്ക്കാനായാണ് എസ്റ്റോണിയ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ആയുധ കമ്പനിയുമായി കരാറിലേർപ്പെട്ടത്. യുക്രൈൻ കടുത്ത ആയുധ ക്ഷാമം നേരിട്ടതോടെയാണ് ആയുധങ്ങൾ നൽകാൻ എസ്റ്റോണിയ തീരുമാനിച്ചത്. ഇതിനായി 2024-ൽ 'എസ്റ്റോണിയ സെന്റർ ഫോർ ഡിഫൻസ് ഇൻവെസ്റ്റ്മെന്റ്സ്' 'ഡാറ്റസെൽ എസ്ആർഎൽ' എന്ന കമ്പനിയുമായി കരാറിലൊപ്പിട്ടു. ഇറ്റലിയിൽ രജിസ്റ്റർ ചെയ്ത ഡാറ്റസെൽ കമ്പനിയെ അതേവർഷമാണ് ഇന്ത്യൻ കമ്പനിയായ 'നെകോ ഡിഫൻസ്' ഏറ്റെടുത്തത്. കരാറിന്റെ ഭാഗമായി ഈ കമ്പനിക്ക് 70 മില്യൺ യൂറോയും മുൻകൂറായി നൽകി. യൂറോപ്യൻ യൂണിയന്റെ 'യൂറോപ്യൻ പീസ് ഫെസിലിറ്റി'യിൽനിന്നുള്ള പണമാണ് ഇതിനായി എസ്റ്റോണിയ ചെലവഴിച്ചത്. എന്നാൽ, കരാർ പ്രകാരം വെടിക്കോപ്പുകളും മറ്റും സമയബന്ധിതമായി നൽകാൻ കമ്പനിക്കായില്ല. ഒടുവിൽ 2025-ൽ വെടിക്കോപ്പുകൾ ലഭിച്ചെങ്കിലും ഇതിന് ഗുണനിലവാരമില്ലെന്നും കണ്ടെത്തി. മാത്രമല്ല, കരാറിലേർപ്പെട്ട കമ്പനിക്ക് വെടിക്കോപ്പ് നിർമാണത്തിൽ മുൻപരിചയമില്ലെന്നും ആരോപണമുയർന്നു. ഇതോടെ കരാർ റദ്ദാക്കുകയും ചെയ്തു. ഈ വിവാദങ്ങളാണ് പ്രതിരോധ മന്ത്രിയുടെ രാജിയിൽ കലാശിച്ചത്. അതേസമയം, എസ്റ്റോണിയയുടെ ആരോപണങ്ങൾ ഡാറ്റസെൽ കമ്പനി നിഷേധിച്ചു. എസ്റ്റോണിയ കരാർ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നും ഇതുകാരണം കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് കമ്പനിയുടെ വാദം. വെടിക്കോപ്പുകൾ വിതരണം ചെയ്യുന്നതിൽ കാലതാമസമുണ്ടായെങ്കിലും ഗുണനിലവാരമില്ലെന്ന ആരോപണങ്ങൾ തെറ്റാണെന്നും കമ്പനി അവകാശപ്പെട്ടു. 58 മില്യൺ യൂറോയുടെ വെടിക്കോപ്പുകളാണ് ഇതുവരെ വിതരണം ചെയ്തതെന്നും കമ്പനി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam