
വാഷിങ്ടണ്‍: ഇറാനിലെ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം നടത്തുകയും സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തെന്ന റിപ്പോർട്ടുകളിൽ അന്വേഷണം ആരംഭിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. വ്യക്തമായ വിവരങ്ങൾ അറിയാനായി അന്വേഷണം നടത്തുന്നുണ്ടെന്നും, യുഎസ് സൈന്യത്തിന് എപ്പോഴെങ്കിലും തെറ്റുപറ്റിയാൽ അതിൽ നിന്ന് പഠിച്ച് തിരുത്തുകയാണ് പതിവെന്നും വാൻസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ തീരത്തുള്ള സിറിക് കൗണ്ടിയിലെ കുഹെസ്തക് ഗ്രാമത്തിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 22-കാരിയും മരിച്ചതോടെ മരണസംഖ്യ അഞ്ചായി ഉയർന്നു. നാലു വയസ്സുള്ള കുട്ടിയുൾപ്പെടെ കൊല്ലപ്പെട്ടു. എഴുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിലാപയാത്രയ്ക്ക് ശേഷം ഇന്നലെ നാല് പേരുടെ മൃതദേഹം സംസ്‌കരിച്ചു. ഒരു ആഘോഷവേളയെ ഈ വ്യോമാക്രമണം കണ്ണീരിലാഴ്ത്തിയെന്ന് പ്രദേശവാസികൾ പ്രതികരിച്ചു. അതേസമയം തങ്ങൾ ഒരിക്കലും സാധാരണക്കാരെ ലക്ഷ്യമിടാറില്ലെന്നാണ് യുഎസ് സൈന്യത്തിന്‍റെ അവകാശവാദം. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് ഇറാനിയൻ തീരത്തെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതെന്നാണ് സൈന്യം പറയുന്നത്. ഏഴു മാസമായി നീളുന്ന പോരാട്ടം രൂക്ഷമായി തുടരുമ്പോഴും ഇതിനെ 'യുദ്ധം' എന്ന് വിളിക്കാൻ വാൻസ് തയ്യാറായില്ല. പ്രധാന യുദ്ധനടപടികൾ അവസാനിച്ചെന്നും എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ഇറാൻ്റെ ഭീഷണി തടയുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഇറാൻ അവസാനിപ്പിക്കാതെ യാതൊരു ചർച്ചയ്ക്കുമില്ലെന്നും സംഘർഷം എപ്പോൾ അവസാനിക്കുമെന്ന് പറയാനാകില്ലെന്നും അമേരിക്ക വ്യക്തമാക്കി. ഇതിന് തിരിച്ചടിയായി പശ്ചിമേഷ്യയിലെ വിവിധ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി. കുവൈത്തിലെ യുഎസ് താവളത്തിന് നേരെ വന്ന മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം വഴി തകർത്തതായി കുവൈത്ത് സൈന്യം അറിയിച്ചു. സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർന്നതോടെ ആഗോള വിപണി ആശങ്കയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam