
സിയൂള്‍: തങ്ങളുടെ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ അത്യാധുനിക യുദ്ധക്കപ്പല്‍ ഔദ്യോഗികമായി പുറത്തിറക്കി ഉത്തര കൊറിയ. ശത്രുരാജ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ള, 5,000 ടണ്‍ ഭാരമുള്ള 'ചോയ് ഹ്യോന്‍' എന്ന ഡിസ്‌ട്രോയര്‍ കപ്പലാണ് ഉത്തര കൊറിയന്‍ നാവികസേന പുറത്തിറക്കിയത്. പ്രതിസന്ധി ഘട്ടങ്ങളില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പുതിയ കപ്പലിനാകുമെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.
രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള നാംപോ കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നേരിട്ടെത്തിയാണ് കപ്പല്‍ സേനയ്ക്ക് സമര്‍പ്പിച്ചത്. കപ്പലിന്റെ വരവ് രാജ്യത്തിന്റെ സൈനിക ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
അത്യാധുനിക യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും വിപുലമായ മിസൈല്‍ സംവിധാനങ്ങളുമുള്ള ദക്ഷിണ കൊറിയന്‍-അമേരിക്കന്‍ സഖ്യത്തോട് കിടപിടിക്കാന്‍ ഉത്തര കൊറിയന്‍ നാവികസേനയ്ക്ക് ഇതുവരെ സാധിച്ചിരുന്നില്ല. എന്നാല്‍ പുതുതായി പുറത്തിറക്കിയ 'ചോയ് ഹ്യോന്‍' കപ്പലിന് കപ്പല്‍വേധ മിസൈലുകളും കരയിലേക്ക് തൊടുക്കാവുന്ന ലാന്‍ഡ് അറ്റാക്ക് മിസൈലുകളും പ്രയോഗിക്കാന്‍ ശേഷിയുണ്ടെന്നാണ് നിഗമനം.
തീരദേശ പ്രതിരോധത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പഴയ ശൈലിയില്‍ നിന്ന് മാറി, ആണവ മിസൈല്‍ ഭീഷണികള്‍ സമുദ്രമേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഉത്തര കൊറിയ ശ്രമിക്കുന്നതിന്റെ സൂചനയാണിതെന്നാണ് ്രപതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഈ ശ്രേണിയിലെ ആദ്യ കപ്പല്‍ മാത്രമാണ് ചോയ് ഹ്യോന്‍ എന്നും, ഇതിലും വലിയ കപ്പലുകള്‍ വരും ദിവസങ്ങളില്‍ പുറത്തിറക്കുമെന്നും കിം ജോങ് ഉന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2025 മേയില്‍ ലോഞ്ചിംഗിനിടെ മുങ്ങിപ്പോയ 'കാങ് കോണ്‍' എന്ന കപ്പലിന്റെ തകരാറുകള്‍ പരിഹരിച്ച് കടല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചതായും അത് ഉടന്‍ സേനയുടെ ഭാഗമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രതിവര്‍ഷം രണ്ട് വലിയ യുദ്ധക്കപ്പലുകള്‍ വീതം നിര്‍മ്മിക്കാനാണ് നിലവില്‍ ഉത്തര കൊറിയന്‍ കപ്പല്‍ശാലകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കപ്പല്‍ പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ചതാണെന്ന് ഉത്തര കൊറിയ അവകാശപ്പെടുന്നുണ്ടെങ്കിലും, യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്നതിന് പകരമായി റഷ്യയില്‍ നിന്ന് വലിയ തോതിലുള്ള സാങ്കേതിക സഹായം ഉത്തര കൊറിയയ്ക്ക് ലഭിച്ചിട്ടുണ്ടാകാമെന്നാണ് രാജ്യാന്തര വിദഗ്ധരുടെ വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam