പാക് അധീന കശ്മീരിലെ പ്രതിഷേധക്കാരിൽ 99 ശതമാനവും ദേശസ്നേഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന. പിഎംഎൽ(എൻ) പ്രതിനിധികൾ പിഒകെയിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി(ജെഎഎസി)യുമായി ചർച്ച നടത്തുമെന്നും റാണാ സനാഹുള്ള വ്യക്തമാക്കി.
ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ(പിഒകെ) പ്രതിഷേധങ്ങളിൽ മലക്കംമറിഞ്ഞ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പാർട്ടിയായ പിഎംഎൽ(എൻ). നിരോധിത ഭീകരസംഘടനയായ തെഹ്റീകെ താലിബാൻ അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് പിഒകെയിൽ പ്രതിഷേധങ്ങൾ നടത്തുന്നതെന്നായിരുന്നു ഇതുവരെ പിഎംഎൽ(എൻ)ന്റെ നിലപാട്. എന്നാൽ, പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും പാർട്ടി നേതാവുമായ റാണാ സനാഹുള്ളയാണ് ഈ നിലപാടിൽനിന്ന് വ്യത്യസ്തമായ പ്രസ്താവനയുമായി രംഗത്തെത്തിയത്.
പാക് അധീന കശ്മീരിലെ പ്രതിഷേധക്കാരിൽ 99 ശതമാനവും ദേശസ്നേഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന. പിഎംഎൽ(എൻ) പ്രതിനിധികൾ പിഒകെയിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി(ജെഎഎസി)യുമായി ചർച്ച നടത്തുമെന്നും റാണാ സനാഹുള്ള വ്യക്തമാക്കി.
താലിബാൻ പിന്തുണയുണ്ടെന്ന് പാകിസ്ഥാൻ ആരോപിക്കുന്ന തെഹ്റീകെ താലിബാൻ എന്ന ഭീകരസംഘടനയാണ് പിഒകെയിലും പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നായിരുന്നു ഇതുവരെ പാകിസ്ഥാൻ സർക്കാരും പിഎംഎൽഎന്നും ആരോപിച്ചിരുന്നത്. എന്നാൽ, പിഒകെയിൽ മൂന്നാംഘട്ട നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടി നിലപാടിൽ മലക്കംമറിഞ്ഞത്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയിലെ 99 ശതമാനം പേരും ദേശസ്നേഹികളാണെന്നായിരുന്നു റാണാ സനാഹുള്ള കഴിഞ്ഞദിവസം ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞത്. പിഒകെയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പിഎംഎൽ(എൻ) അധികാരത്തിലെത്തിയാൽ ജോയിന്റ് അവാമി കമ്മിറ്റി പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്നതാണ് ആദ്യത്തെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പിഒകെയിൽ അടുത്തിടെ സംഘർഷങ്ങളും ഏറ്റുമുട്ടലുകളും രൂക്ഷമായത്. നിയമസഭയിൽ അഭയാർഥികൾക്ക് സംവരണം ചെയ്ത 12 സീറ്റുകൾ നീക്കംചെയ്യണമെന്നാണ് അവാമി ആക്ഷൻ കമ്മിറ്റിയുടെ പ്രധാന ആവശ്യം. പാകിസ്ഥാനിലെ ഭരണകൂടം തങ്ങൾക്ക് താത്പര്യമുള്ളവരെ പിഒകെയിൽ പ്രധാനമന്ത്രിയാക്കാൻ ഈ സീറ്റുകൾ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഇവരുടെ ആരോപണം. അതിനിടെ, വ്യാപകമായ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കിടെ പിഒകെയിൽ നിയമസഭ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ്. ജൂലായ് 27-ന് ആരംഭിച്ച തെരഞ്ഞെടുപ്പിൽ രണ്ട് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ 45 സീറ്റുകളുള്ള നിയമസഭയിൽ 25 സീറ്റുകൾ നേടി പിഎംഎൽ(എൻ) കേവലഭൂരിപക്ഷം കടന്നിട്ടുണ്ട്. തിങ്കളാഴ്ച നാലുമണ്ഡലങ്ങളിലായി മൂന്നാംഘട്ട തെരഞ്ഞെടപ്പ് നടക്കും. അതേസമയം, ഏഴ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടിവെയ്ക്കുകയുംചെയ്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾക്കിടെ മാത്രം 40-ലേറെ പേർ കൊല്ലപ്പെട്ടതായാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി പറയുന്നത്. തെരഞ്ഞെടുപ്പ് നടപടികൾക്കെതിരേ പ്രതിഷേധിക്കുന്നവരെ നേരിടാൻ പാകിസ്ഥാൻ സൈന്യത്തെയും പൊലീസിനെയും മേഖലയിൽ വ്യാപകമായി വിന്യസിച്ചിരുന്നു. തുടർന്ന് നടന്ന വെടിവെപ്പിലാണ് പലരും കൊല്ലപ്പെട്ടത്. ജൂൺ മുതൽ ഇതുവരെ ഏകദേശം 400-ഓളം പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായും ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി അവകാശപ്പെട്ടു. എന്നാൽ, ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ വാദങ്ങൾ പാകിസ്ഥാൻ സർക്കാർ തള്ളി. ആക്ഷൻ കമ്മിറ്റി അവകാശപ്പെടുന്നത് പോലെ ആളുകൾ കൊല്ലപ്പെട്ടിട്ടില്ലെന്നും മരിച്ചവരുടെ എണ്ണം കൂട്ടിപറയുകയാണെന്നുമാണ് പാകിസ്ഥാൻ സർക്കാർ നൽകിയ വിശദീകരണം. മേഖലയിലെ സംഘർഷസഹാചര്യത്തിൽ നേരത്തേ ഐക്യരാഷ്ട്രസഭയും ആശങ്ക അറിയിച്ചിരുന്നു.


