
ന്യൂയോർക്ക്: ട്രംപിന്‍റെ കടുത്ത വിമര്‍ശകനായ മുന്‍ എഫ് ബി ഐ മേധാവി ജെയിംസ് കോമിക്കെതിരെ രണ്ട് കുറ്റങ്ങള്‍ ചുമത്തി വിര്‍ജീനിയന്‍ ഫെഡറല്‍ കോടതി. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് മുന്‍പാകെ കളളം പറഞ്ഞെന്ന കേസിലാണ് നടപടി. 2020 സെപ്തംബറിലാണ് കേസിന് ആധാരമായ സംഭവം. താന്‍ നിരപരാധി ആണെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും കോമി പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പെട്ട കേസുകളില്‍ അന്വേഷണം ത്വരിതപ്പെടുത്താന്‍ അറ്റോര്‍ണി ജനറലിനോട് ട്രംപ് നിര്‍ദേശിച്ച് ദിവസങ്ങള്‍ക്ക് പി്ന്നാലെയാണ് കോമിക്കെതിരായ നടപടി എന്നത് വിമർശനങ്ങൾ ശക്തമാകാൻ കാരണമായിട്ടുണ്ട്.
അതിനിടെ ട്രംപുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത പലസ്‌തീനിലെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതാണ്. വെള്ളിയാഴ്ച ഐക്യരാഷ്ട്ര പൊതുസഭയിൽ നെതന്യാഹു പ്രസംഗിക്കുന്നതിന് മുന്നോടിയായി വൈറ്റ് ഹൗസ് റിപ്പോർട്ടർമാരോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേലിനെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ എന്തായാലും താൻ അനുവദിക്കില്ല. അത് സംഭവിക്കില്ല എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും ട്രംപ് വ്യക്തമാക്കി. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കവുമായി ഇസ്രയേൽ മുന്നോട്ട് പോയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാന അറബ്, മുസ്ലീം രാജ്യങ്ങളിലെ നേതാക്കൾ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമായി. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ ഉടമ്പടി ഏതാണ്ട് അടുത്തെത്തിയെന്ന സൂചനയും ട്രംപ് നൽകി.
വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കവുമായി ഇസ്രയേൽ മുന്നോട്ട് പോയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാന അറബ്, മുസ്ലീം രാജ്യങ്ങളിലെ നേതാക്കൾ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതിലെ അപകട സാധ്യതകളും ദോഷങ്ങളും യു എസ് പ്രസിഡന്‍റിന് നന്നായി അറിയാമെന്നാണ് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ മാധ്യമങ്ങളോട് പറഞ്ഞത്. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കങ്ങളും ഗാസയിലെ യുദ്ധവും അവസാനിപ്പിയ്ക്കാൻ കനത്ത ആഗോള സമ്മർദ്ദമാണ് ഇസ്രയേൽ നേരിടുന്നത്. കാനഡ, ഓസ്ട്രേലിയ, യു കെ, പോർച്ചുഗൽ, ഫ്രാൻസ്, ബെൽജിയം, ലക്സംബർഗ് തുടങ്ങി നിരവധി യൂറോപ്യൻ രാജ്യങ്ങൾ സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഇത് ഇസ്രയേയലിലെ തീവ്ര വലതുപക്ഷത്തെ പ്രകോപിപ്പിക്കുന്നുണ്ട്. നെതന്യാഹുവിന്റെ ഭരണസഖ്യത്തിലെ തീവ്രദേശീയവാദികൾ വെസ്റ്റ് ബാങ്ക് പൂർണ്ണമായി പിടിച്ചെടുക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ നീക്കം ധാർമികമായും നിയമപരമായും രാഷ്ട്രീയമായും അസ്വീകാര്യമാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam