കോവിഡ് വ്യാപനം പ്രസിഡന്റിന്റെ കഴിവുകേട്, ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയര്‍; വിമര്‍ശനവുമായി ഒബാമ

By Web TeamFirst Published May 17, 2020, 12:12 PM IST
Highlights

കൊവിഡ് വ്യാപനത്തിന് ശേഷം യുഎസിലെ വംശീയ പ്രശ്‌നങ്ങള്‍ വര്‍ധിച്ചെന്നും കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള വംശീയ അധിക്ഷേപം കൂടിയെന്നും ഒബാമ പറഞ്ഞു.
 

വാഷിംഗ്ടണ്‍: യുഎസിലെ കൊവിഡ് വ്യാപനത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ട്രംപിന്റെ കഴിവില്ലായ്മയാണ് കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമെന്ന് ഒബാമ കുറ്റപ്പെടുത്തി. സര്‍വകലാശാല ബിരുദ ദാന ചടങ്ങിലാണ് ഒബാമ ട്രംപിനെതിരെ ആഞ്ഞടിച്ചത്. ട്രംപിന്റെ പേരെടുത്ത് പറയാതെയായിരുന്നു ഒബാമയുടെ വിമര്‍ശനം. ഉദ്യോഗസ്ഥരെയും ഒബാമ വിമര്‍ശിച്ചു. 

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരില്‍ പലരും നിഷ്‌ക്രിയമാണെന്നും ജോലി ചെയ്യുന്നുവെന്ന് ഭാവിക്കുക പോലുമില്ലെന്നും ഒബാമ കുറ്റപ്പെടുത്തി. കൊവിഡ് വ്യാപനത്തിന് ശേഷം യുഎസിലെ വംശീയ പ്രശ്‌നങ്ങള്‍ വര്‍ധിച്ചെന്നും കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള വംശീയ അധിക്ഷേപം കൂടിയെന്നും ഒബാമ പറഞ്ഞു. ജോര്‍ജിയയില്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെയും ഒബാമ അപലപിച്ചു.

ട്രംപിനെതിരെ നേരത്തെയും ഒബാമ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്ഥാനമൊഴിഞ്ഞ ശേഷം കൊവിഡ് കാലത്താണ് ഒബാമ രാഷ്ട്രീയ ആരോപണങ്ങളുമായി രംഗത്തെത്തിയത്. അമേരിക്കയില്‍ ഇതുവരെ 14 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 90000ത്തിലേറെ പേര്‍ മരിക്കുകയും ചെയ്തു.
 

click me!