
കൊളംബോ: ശ്രീലങ്കൻ മുൻ പ്രസിഡന്‍റ് മഹിന്ദ രജപക്സെയുടെ മകൻ യോഷിത രജപക്സെ അറസ്റ്റിൽ. കള്ളപ്പണ കേസിൽ ലങ്കൻ പൊലീസിന്‍റെ സി ഐ ഡി വിഭാഗമാണ് യോഷിതയെ അറസ്റ്റ് ചെയ്തത്. തെക്കൻ ലങ്കയിലേക്കുള്ള യാത്രയ്ക്കിടെ ദേശീയപാതയിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 36 കാരനായ യോഷിത, മഹിന്ദയുടെ രണ്ടാമത്തെ മകനാണ്. ലങ്കൻ നാവികസേനയിൽ ഉദ്യോഗസ്ഥനായിരുന്ന യോഷിത, ദേശീയ റഗ്ബി ടീം നായകനുമായിരുന്നു.
വിശദ വിവരങ്ങൾ ഇങ്ങനെ
മഹിന്ദ രാജപക്‌സെ പ്രസിഡന്‍റായിരുന്ന കാലത്ത് വസ്തു വാങ്ങിയതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണത്തിലാണ് മുൻ നേവി ഉദ്യോഗസ്ഥൻ കൂടിയായ മകൻ യോഷിതയെ ലങ്കൻ പൊലീസിലെ സി ഐ ഡി വിഭഗം അറസ്റ്റ് ചെയ്തത്. മഹിന്ദ രാജപക്‌സെയുടെ മൂന്ന് മക്കളിൽ രണ്ടാമനാണ് യോഷിത. അമ്മാവനും മുൻ പ്രസിഡൻ്റുമായ ഗോതബയ രാജപക്‌സെയെയും കഴിഞ്ഞയാഴ്ച ഇതേ കേസിൽ ലങ്കൻ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 36 കാരനായ യോഷിതയെ അതീവ രഹസ്യമായി അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയത്. ഇന്ന് ഉച്ചയോടെ തെക്കൻ ലങ്കയിലേക്കുള്ള യാത്രയ്ക്കിടെ ദേശീയപാതയിൽ വച്ച് യോഷിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ വീണ്ടും അറസ്റ്റിലായെന്നതാണ്. തമിഴ്നാട്ടിൽ നിന്നുള്ള 33 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തത്. രാമേശ്വരത്ത് നിന്ന് പോയവരെയാണ് സമൂദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ മൂന്ന് ബോട്ടുകളും ശ്രീലങ്കൻ നാവിക സേന പിടിച്ചെടുത്തു. അതിർത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് രാമേശ്വരത്ത് നിന്നുള്ള 18 മത്സ്യത്തൊഴിലാളികളെ ധനുഷ്‌കോടിക്കും തലൈമന്നാറിനും ഇടയിൽ വെച്ചാണ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്. രണ്ട് ബോട്ടുകളിലായി സഞ്ചരിച്ച 18 മത്സ്യത്തൊഴിലാളികളെ പട്രോളിംഗ് നടത്തുകയായിരുന്ന ശ്രീലങ്കൻ നാവിക സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ബാർജും അതിലുണ്ടായിരുന്ന 15 മത്സ്യത്തൊഴിലാളികളെയും കസ്റ്റഡിയിൽ എടുത്തെന്നാണ് വിവരം.