പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശ്രീലങ്കൻ പ്രസിഡൻ്റ്, ഇന്ത്യാ വിരുദ്ധ നീക്കങ്ങൾ ശ്രീലങ്കയിൽ അനുവദിക്കില്ലെന്ന് വ്യക്തമാക്കി

ദില്ലി: ശ്രീലങ്കയുടെ മണ്ണ് ഇന്ത്യ വിരുദ്ധ നീക്കങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അവർത്തിച്ച് പ്രസിഡൻറ് അനുര കുമാര ദിസനായകെ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദിസനായകെയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീലങ്കയിലേക്ക് ക്ഷണിച്ചതായും ശ്രീലങ്കൻ പ്രസിഡൻറ് അറിയിച്ചു. ശ്രീലങ്കയിലെ തമിഴരുടെ ഉന്നമനത്തിന് പുതിയ സർക്കാരും എല്ലാ നടപടിയും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നരേന്ദ്ര മോദി പറഞ്ഞു. 

മത്സ്യ തൊഴിലാളികളുടെ കാര്യത്തിൽ മാനുഷിക പരിഗണന ഉണ്ടാകണമെന്നും നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡൻ്റിനോട് ആവശ്യപ്പെട്ടു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. ശ്രീലങ്കയിലേക്ക് പുതിയ ഫെറി സർവ്വീസ് കൂടി തുടങ്ങാനും ധാരണയായി. 200 ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് കൂടി ഇന്ത്യ സ്കോളർഷിപ്പ് നൽകും. 1500 ശ്രീലങ്കൻ ഉദ്യോഗസ്ഥർക്ക് ഇന്ത്യയിൽ പരിശീലനം നൽകുമെന്നും നരേന്ദ്ര മോദി അറിയിച്ചു. 

ശ്രീലങ്കയിൽ അദാനി കമ്പനി നിർമ്മിക്കുന്ന തുറമുഖത്തിൻറെയും കാറ്റാടി പദ്ധതിയുടെയും കാര്യം ചർച്ചയിൽ ഉയർന്നു വന്നില്ലെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. രണ്ടു പദ്ധതികളും പുനഃപരിശോധിക്കണോ എന്ന് ചർച്ച ചെയ്യുമെന്ന് നേരത്തെ ശ്രീലങ്ക അറിയിച്ചിരുന്നു. തുറമുഖ പദ്ധതിക്ക് അമേരിക്കൻ ഫണ്ട് സ്വീകരിക്കില്ലെന്ന് അദാനി വ്യക്തമാക്കിയിരുന്നു.

YouTube video player