കാബൂളിലെ ടൂഷ്യന്‍ സെന്‍ററില്‍ സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു, കൂടുതലും വിദ്യാര്‍ത്ഥികള്‍

Published : Sep 30, 2022, 02:54 PM IST
കാബൂളിലെ ടൂഷ്യന്‍ സെന്‍ററില്‍ സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു, കൂടുതലും വിദ്യാര്‍ത്ഥികള്‍

Synopsis

സ്ഫോടനം നടന്ന പടിഞ്ഞാറന്‍ പ്രദേശം ഹസാര ന്യൂനപക്ഷത്തിലുള്ളവര്‍ ഏറെയുള്ള സ്ഥലമാണ്. 

കാബുള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ട്യൂഷൻ സെന്‍ററിലുണ്ടായ ചാവേർ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരത്തിന്‍റെ പടിഞ്ഞാറന്‍ പ്രദേശമായ ദഷ്-ഇ-ബർചി ഏരിയയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നതെന്ന് കാബൂള്‍ പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലാ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. മരിച്ചവരിൽ കൂടുതലും പെൺകുട്ടികളാണ്.

സ്ഫോടനം നടന്ന പടിഞ്ഞാറന്‍ പ്രദേശം ഹസാര ന്യൂനപക്ഷത്തിലുള്ളവര്‍ ഏറെയുള്ള സ്ഥലമാണ്. താലിബാന്‍റെ രണ്ടാം വരവിന് ശേഷം അഫ്ഗാനിസ്ഥാനില്‍ ഹസാര ന്യൂനപക്ഷങ്ങള്‍ക്കെതിരെ അടുത്തകാലത്തായി വംശീയ അക്രമണങ്ങള്‍ ഏറിയിരുന്നു. മരിച്ചവരില്‍ അധികവും കൗമാരക്കാരായ വിദ്യാര്‍ത്ഥികളാണ്. ഇരകളിൽ കൂടുതലും പെൺകുട്ടികളാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടക്കുമ്പോൾ മുറിയിൽ 600 ഓളം പേർ ഉണ്ടായിരുന്നതായി പരിക്കേറ്റ ഒരു വിദ്യാർത്ഥി എഎഫ്‌പിയോട് പറഞ്ഞു.

കാജ് ട്യൂഷൻ സെന്‍റർ ഒരു സ്വകാര്യ കോളേജാണ്. ആൺകുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇവിടെ പ്രവേശനമുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്ന് പറഞ്ഞാണ് താലിബാന്‍ അധികാരത്തിലേറിയതെങ്കിലും പിന്നീട് ഈ നയത്തില്‍ നിന്നും താലിബാന്‍ പിന്മാറിയിരുന്നു. എങ്കിലും ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്കൂളുകളിലും സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും അവകാശപ്പെട്ടിട്ടില്ല. സ്ഫോടനത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റതായി താലിബാന്‍റെ കാബൂൾ പൊലീസ് വക്താവ് അറിയിച്ചു. 

അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ വംശീയ വിഭാഗമാണ് ഹസാരകൾ. ഇവരില്‍ ഭൂരിഭാഗവും ഷിയ മുസ്ലീങ്ങളായ ഹസാരകളാണ്. തീവ്രവാദ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൽ നിന്നും (ഐഎസ്) സുന്നി ഇസ്ലാം അനുസരിക്കുന്ന താലിബാനിൽ നിന്നും ദീർഘകാലമായി പീഡനം നേരിടേണ്ടിവന്നിട്ടുള്ള ന്യൂനപക്ഷം കൂടിയാണ് ഹസാരകള്‍. അക്രമണത്തെ അപലപിക്കുന്നതായി താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. സിവിലിയൻ ലക്ഷ്യങ്ങൾ ആക്രമിക്കുന്നത് ശത്രുവിന്‍റെ മനുഷ്യത്വരഹിതമായ ക്രൂരതയും ധാർമ്മിക നിലവാരമില്ലായ്മയുമാണ് തെളിയിക്കുന്നതെന്ന് അബ്ദുൾ നാഫി ടാക്കൂർ പറഞ്ഞു.

"പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ നിറഞ്ഞ ഒരു മുറിയെ ലക്ഷ്യമിടുന്നത് ലജ്ജാകരമാണ്; എല്ലാ വിദ്യാർത്ഥികൾക്കും സമാധാനത്തോടെയും ഭയമില്ലാതെയും വിദ്യാഭ്യാസം തുടരാൻ കഴിയണം," അഫ്ഗാനിസ്ഥാനിലേക്കുള്ള യുഎസ് മിഷനിലെ ചാർജ് ഡി അഫയർ കാരെൻ ഡെക്കർ ട്വീറ്റിൽ പറഞ്ഞു. കഴിഞ്ഞ വർഷം - താലിബാൻ അധികാരത്തിൽ തിരിച്ചെത്തുന്നതിന് മുമ്പ് -  ദാഷ്-ഇ-ബാർച്ചിയിലെ ഒരു ഗേൾസ് സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ കുറഞ്ഞത് 85 പേർ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ കൂടുതലും വിദ്യാർത്ഥികളായിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം, അയർലൻഡിൽ പഠിക്കാനെത്തിയ ഇന്ത്യൻ യുവാവ് കുറ്റക്കാരൻ, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ
'ഇവിടെ ഞാൻ പീഡിപ്പിക്കപ്പെടുന്നു, നാട്ടിൽ വരണം'; കാമുകനെ വിവാഹം കഴിയ്ക്കാൻ പാകിസ്ഥാനിൽ പോയ യുവതിയുടെ ഓഡിയോ പ്രചരിക്കുന്നു