യുദ്ധമുഖത്തേക്ക് പുടിന്റെ 'ഡാഡ്സ് ആർമി'; റഷ്യയിൽ വിമർശനം, പരിഹാസം

By Web TeamFirst Published Sep 29, 2022, 8:35 PM IST
Highlights

ഇപ്പോഴിതാ യുദ്ധമുഖത്തേക്ക് ഡാഡ്സ് ആർമിയെ ഇറക്കി പൊരുതാനുറച്ചിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ. 65 വയസ്സുവരെ പ്രായമുള്ള സൈനികർ ഈ സംഘത്തിലുണ്ട്. 
 

മോസ്കോ: യുക്രൈന്‍ അധിനിവേശം എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ യുക്രൈന്‍ സൈനികര്‍ക്ക് മുന്നില്‍ റഷ്യ പരാജയം നേരിടുകയാണ്. ഇപ്പോഴിതാ യുദ്ധമുഖത്തേക്ക് ഡാഡ്സ് ആർമിയെ ഇറക്കി പൊരുതാനുറച്ചിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ. 65 വയസ്സുവരെ പ്രായമുള്ള സൈനികർ ഈ സംഘത്തിലുണ്ട്. 

18നും 65നുമിടയിൽ പ്രായമുള്ള പുരുഷന്മാർ യുദ്ധത്തിന് പോകാൻ സന്നദ്ധരാകണമെന്ന പുടിന്റെ നിർദ്ദേശം വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. നിരവധി പേർ രാജ്യം വിട്ടുപോയ‌തായാണ് റിപ്പോർട്ട്. ഈ പ്രായപരിധിയിൽ പെട്ടവർക്ക് ടിക്കറ്റുകൾ നൽകുന്നത് വിമാനക്കമ്പനികൾ നിർത്തിവെച്ച അവസ്ഥവരെയുണ്ടായി. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോൾ മധ്യവയസ്കരും വൃദ്ധരുമടങ്ങുന്ന ഡാഡ്സ് ആർമിയുടെ വിവരങ്ങളും ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്.  

വോൾ​ഗോ​ഗ്രാഡ് മേഖലയിൽ നിന്നുള്ള 63കാരന്റെ കഥ മിറർ റിപ്പോർട്ട് ചെയ്യുന്നതിങ്ങനെയാണ്. പ്രമേഹവും പക്ഷാഘാത സാധ്യതകളുമുള്ള അദ്ദേഹം പട്ടാളത്തിൽ നിന്ന് ഡെപ്യൂട്ടി കമാൻഡറായി വിരമിച്ചയാളാണ്. ആരോ​ഗ്യപ്രശ്നങ്ങൾ കാരണം യുദ്ധത്തിന് പോകേണ്ടിവരില്ലെന്നായിരുന്നു അ​ദ്ദേഹത്തിന്റെ ധാരണ. എന്നാൽ, ഡോക്ടർ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകിയതോടെ അദ്ദേഹത്തിന് യുദ്ധപരിശീലനത്തിനായി പോകേണ്ടി വന്നു. 
 
ആവശ്യത്തിന് വെടിക്കോപ്പുകളോ ആയുധങ്ങളോ ഇല്ലെന്ന് കമാൻഡർ പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. മതിയാ‌യ സ്ലീപ്പിം​ഗ് ബാ​ഗുകളോ മരുന്നുകളോ സ്റ്റോക്കില്ലെന്നും വ്യക്തമാക്കുന്നതാണ് വീഡിയോ. പട്ടാളത്തിൽ മുൻപരിചയമുള്ളവരെയേ യുദ്ധത്തിന് പോകാൻ വിളിക്കൂ എന്നതിൽ ആശ്വാസം കണ്ടെത്തുന്നവരും റഷ്യയിൽ നിരവധിയാണ്. എന്നാൽ, അതിൽ കാര്യമില്ലെന്നും അധികൃതർ വിളിക്കുന്ന പക്ഷം പോകാൻ തയ്യാറായിക്കൊള്ളാനും നിർദ്ദേശങ്ങൾ വരുന്നുമുണ്ട്. കയ്യിൽ തോക്കും പിടിച്ച് മാർച്ച് ചെയ്യുന്ന ഡാഡ്സ് ആർമിയുടെ നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പുടിന്റെ നീക്കത്തിൽ രാജ്യത്ത് പ്രതിഷേധം അതിശക്തമാണ്. യുദ്ധത്തിൽ മരിക്കാനായി മക്കളെ വിട്ടുതരില്ലെന്ന് അമ്മമാർ പറയുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ആവശ്യത്തിന് വെടിക്കോപ്പുകളില്ലെങ്കിലെന്താ വിശുദ്ധവെള്ളം കയ്യിലുണ്ടല്ലോ എന്ന തരത്തിൽ പരിഹാസവും ഉയരുന്നുണ്ട്. കുറച്ചുദിവസത്തെ പരിശീലനം മാത്രമാണ് ഡാഡ്സ് ആർമിക്ക് നൽകിയിരിക്കുന്നത്. പള്ളികളിൽ നിന്നുള്ള വിശുദ്ധവെള്ളം പല വിശ്വാസികളും കയ്യിൽക്കരുതിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യുക്രൈൻ പട്ടാളത്തെ നേരിടുമ്പോൾ വിശ്വാസവും ഭക്തിയും തുണയ്ക്കട്ടെ എന്നാണ് ഇവരുടെ വാദം. 

Read Also: റഷ്യ - ജോര്‍ജിയ അതിര്‍ത്തിയില്‍ കിലോമീറ്റര്‍ നീണ്ട വാഹനനിരയുടെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

click me!