
ഇസ്ലാമാബാദ്: ഇസ്ലാമാബാദിലെ പാകിസ്ഥാൻ സുപ്രീം കോടതിയില്‍ സ്ഫോടനം. കെട്ടിടത്തിന്റെ ബേസ്മെന്റ് കഫറ്റീരിയയിൽ ചൊവ്വാഴ്ച പുലർച്ചെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. അപകടത്തില്‍ 12ഓളം പേര്‍ക്ക് പരിക്കേറ്റു. കോടതി കാന്റീനിൽ ഒരു എയർ കണ്ടീഷനിംഗ് യൂണിറ്റ് നന്നാക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. കുറച്ച് ദിവസങ്ങളായി കാന്റീനിൽ ഗ്യാസ് ചോർച്ചയുണ്ടായിരുന്നുവെന്നും എസി നന്നാക്കുന്ന ടെക്നീഷ്യൻമാർക്കാണ് ഏറ്റവും ഗുരുതരമായ പരിക്കുകൾ പറ്റിയതെന്നും ഒരു ടെക്നീഷ്യന്റെ ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റിട്ടുണ്ടെന്നും ഐജി ചൂണ്ടിക്കാട്ടി.
സ്ഫോടനത്തെത്തുടർന്ന് 15 ഓളം പേരെ ആശുപത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റി. മൂന്ന് പേരെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും (പിംസ്) ഒമ്പത് പേരെ പോളിക്ലിനിക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. അഭിഭാഷകരെയും കോടതി ഉദ്യോഗസ്ഥരെയും കെട്ടിടം ഒഴിപ്പിച്ച് പുറത്തെ തുറസ്സായ സ്ഥലങ്ങളിലേക്ക് മാറി. ബോംബ് നിർമാർജന സ്ക്വാഡ് ബാധിത പ്രദേശം പരിശോധിച്ചു. കെട്ടിടത്തിന്റെ കാന്റീനിലെ ഫർണിച്ചറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും സ്ഫോടനത്തിന്റെ ആഘാതം കോടതി സമുച്ചയത്തിന്റെ താഴത്തെ നിലകളിലാകെ അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്.