
ഒഹായോ: ശരീര സൌന്ദര്യം നിലനിർത്താൻ സ്വീകരിച്ചത് അതി കഠിനമായ രീതികൾ. 20കാരിയായ ബോഡി ബിൽഡറിന് ദാരുണാന്ത്യം. രൂക്ഷമായ നിർജ്ജലീകരണത്തേ തുടർന്നുണ്ടായ ഹൃദയാഘാതമാണ് 20കാരിയായ ജോഡി വാൻസ് എന്ന ബോഡിബിൽഡിംഗ് താരത്തിന്റെ ദാരുണാന്ത്യത്തിന് കാരണമായത്. ഓഹായോയിൽ നടക്കുന്ന അർണോൾഡ് സ്പോർട്സ് ഫെസ്റ്റിവലിലിൽ പങ്കെടുക്കുന്നതിനിടെയാണ് ജോഡി വാൻസ് അവശ നിലയിലായത്.
അവശനിലയിലായതിന് പിന്നാലെ ജോഡി വാൻസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്തിടെയായി ആരേയും അറിയിക്കാതെ ശരീര സൌന്ദര്യം മെച്ചപ്പെടുത്താനായി അതികഠിനവും അപകടകരമായ രീതികളാണ് ഇവർ പിന്തുടർന്നിരുന്നതെന്നാണ് ജോഡി വാൻസിന്റെ കുടുംബം വിശദമാക്കുന്നത്. ജോഡി വാൻസിന്റെ ആരോഗ്യം വഷളായതിന്റെ കാരണം ഇപ്പോഴാണ് വ്യക്തമായതെന്നാണ് 20കാരിയുടെ കോച്ച് വിശദമാക്കുന്നത്.
മത്സരത്തിനിടെ ഛർദ്ദിക്കാൻ ആരംഭിച്ചതിന് പിന്നാലെ നിർജ്ജലീകരണ ലക്ഷണങ്ങളും കാണിച്ചതോടെയാണ് ജോഡിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ശരീരത്തിൽ നിന്ന് അമിത അളവിൽ ലവണാംശവും ജലവും പുറം തള്ളാനായി ഉപയോഗിച്ചിരുന്ന ചില രീതികളും മരുന്നുമാണ് ജോഡിയുടെ ആരോഗ്യ സ്ഥിതിയെ ബാധിച്ചത്. ഇത്തരം മരുന്നുകൾ കൂടാതെ തന്നെ ബോഡി ബിൽഡിംഗ് മനോഹരമെന്നാണ് ജോഡിയുടെ പരിശീലകൻ വിശദമാക്കുന്നത്. ഉയർന്ന രക്ത സമ്മർദ്ദം നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന ചില മരുന്നുകളാണ് ഇത്തരം അപകട രീതികൾക്കായി ഉപയോഗിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം