കഫ് സിറപ്പ് കഴിച്ച 200 കുട്ടികളുടെ മരണം: ഇന്തോനേഷ്യൻ സർക്കാരിനെതിരെ മാതാപിതാക്കൾ കോടതിയിൽ

By Web TeamFirst Published Dec 2, 2022, 7:50 PM IST
Highlights

ഗുരുതരമായ വൃക്കരോഗത്തെ തുടർന്നുള്ള ശിശുമരണങ്ങൾ വാർത്തയായിരുന്നു. അഞ്ച് വയസിന് താഴെയുള്ള ഇരുന്നൂറ് കുട്ടികളാണ് മരിച്ചത്

ദില്ലി: കഫ് സിറപ്പ് കഴിച്ച കുട്ടികൾ വൃക്കരോഗം ബാധിച്ച് മരിച്ച സംഭവത്തിൽ ഇന്തോനേഷ്യൻ സർക്കാരിനെതിരെ മാതാപിതാക്കൾ നിയമനടപടിയ്ക്ക്. ഇന്തോനേഷ്യയിലെ ആരോഗ്യമന്ത്രാലയം 200 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് മാതാപിതാക്കൾ നിയമപോരാട്ടം തുടങ്ങിയത്. കഫ് സിറപ്പ് കഴിച്ച 200 ലേറെ കുട്ടികളാണ് മരിച്ചത്. ഇന്തോനേഷ്യയിലെ ഭക്ഷ്യ - മരുന്ന് ഏജൻസിക്കും ആരോഗ്യ മന്ത്രാലയത്തിനുമെതിരെയാണ് ഹർജി. 

ഗുരുതരമായ വൃക്കരോഗത്തെ തുടർന്നുള്ള ശിശുമരണങ്ങൾ വാർത്തയായിരുന്നു. അഞ്ച് വയസിന് താഴെയുള്ള ഇരുന്നൂറ് കുട്ടികളാണ് മരിച്ചത്. സമാന രോഗലക്ഷണങ്ങൾ കുരുന്നുകളുടെ ജീവൻ കവരുന്നതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഇന്തോനേഷ്യയിൽ പുറത്തുവന്നത്. ചുമയ്ക്ക് നൽകിയ സിറപ്പുകളിൽ കലർന്ന മായമാണ് മരണത്തിന് കാരണമായതെന്നായിരുന്നു കണ്ടെത്തൽ.

ഈ വർഷം ജനുവരി മുതലാണ് ഇന്തോനേഷ്യയിൽ കുട്ടികളിൽ വൃക്കരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരുന്നുകളിൽ കാണപ്പെട്ട എഥിലീൻ ഗ്ലൈക്കോൾ, ഡൈതൈലീൻ ഗ്ലൈക്കോൾ എന്നിവയാണ് വൃക്കരോഗത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. ചില ഉൽപ്പന്നങ്ങളിൽ ഗ്ലിസറിന് പകരം വില കുറഞ്ഞ മറ്റ് ബദലുകൾ ഉപയോഗിച്ചതായും കണ്ടെത്തി.

തുടർന്ന് ദ്രാവക രൂപത്തിലുള്ള മരുന്നുകൾക്ക് ആരോഗ്യമന്ത്രാലയം നിരോധനവും ഏർപ്പെടുത്തിയിരുന്നു. പക്ഷെ ഗുരുതരമായ വീഴ്ചയ്ക്ക്  സർക്കാർ സമാധാനം പറയണമെന്ന നിലപാടിലാണ് മരിച്ച കുട്ടികളുടെ മാതാപിതാക്കൾ. മരിച്ച ഓരോ കുട്ടിയുടെ കുടുംബത്തിനും 2 കോടി വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹാനീകരമായ മരുന്നുകളുടെ വിൽപ്പനയും, ശിശുമരണവും തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. നിലവിലെ നിയമനടപടിയോട് ഇന്തോനേഷ്യയുടെ ഭക്ഷ്യ, മരുന്ന് ഏജൻസി പ്രതികരിച്ചിട്ടില്ല. 

click me!