
വാഷിംഗ്ടൺ: ഇന്ത്യൻ - അമേരിക്കൻ ഭൗമരാഷ്ട്രീയ തന്ത്രജ്ഞനായ ആഷ്‌ലി ടെല്ലിസിനെ യുഎസിൽ എഫ്ബിഐ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇന്ത്യയിലുണ്ടാകുന്നത് വലിയ രാഷ്ട്രീയ കോളിളക്കം. യുപിഎ സർക്കാരിനും എൻഡിഎ സർക്കാരിനുമൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് എന്ന് ചിലർ പറയുമ്പോൾ, ബിജെപി അദ്ദേഹത്തെ ഇന്ത്യ വിരുദ്ധ ശക്തികളുടെ ഭാഗമാണെന്നും പ്രതിപക്ഷത്തിന്‍റെ ആഘോഷിക്കപ്പെടുന്ന വ്യക്തിയാണെന്നും ആരോപിക്കുന്നു. മുംബൈയിൽ ജനിച്ചു വിദ്യാഭ്യാസം പൂർത്തിയാക്കിയ 64-കാരനായ ആഷ്‌ലി ടെല്ലിസ് വാരാന്ത്യത്തിലാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തി. ഇന്ത്യയെക്കുറിച്ചുള്ള തന്‍റെ ലേഖനങ്ങളാലും കാഴ്ചപ്പാടുകളാലും പലപ്പോഴും വിമർശകനായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് ടെല്ലിസ്.
ടെല്ലിസ് ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വെച്ചതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിൽ നിന്ന് പ്രതിരോധ (ഇപ്പോൾ യുദ്ധ വകുപ്പ്) വകുപ്പിൽ നിന്നും തരംതിരിച്ച രേഖകൾ ഇദ്ദേഹം കൈക്കലാക്കുകയും പകർപ്പുകൾ എടുത്ത് കൊണ്ടുപോവുകയും ചെയ്‌തെന്നാണ് സംശയം. വിർജീനിയയിലെ വിയന്നയിലുള്ള അദ്ദേഹത്തിന്‍റെ വീട്ടിൽ നിന്ന് ആയിരത്തിലധികം പേജുകളുള്ള അതീവ രഹസ്യ സ്വഭാവമുള്ള രേഖകൾ കണ്ടെടുത്തതായും നീതിന്യായ വകുപ്പ് വ്യക്തമാക്കി. മാസങ്ങളോളമോ വർഷങ്ങളോളമോ എഫ്ബിഐ ഇദ്ദേഹത്തിന്‍റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നു എന്ന് എഫ്ബിഐയുടെ സത്യവാങ്മൂലം വ്യക്തമാക്കുന്നു. ഇദ്ദേഹം ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്.
ഡീപ് സ്റ്റേറ്റ് ആസ്തി, ഇന്ത്യയിൽ അന്വേഷണം വേണമെന്ന് ആവശ്യം
എഫ്ബിഐ എന്ത് കണ്ടെത്തിയാലും, ടെല്ലിസ് ഒരു പണ്ഡിതൻ ആയിരുന്നില്ല, മറിച്ച് ഒരു ഡീപ് സ്റ്റേറ്റ് ആസ്തിയായിരുന്നുവെന്ന് നമ്മൾ ഇന്ത്യക്കാർ വ്യക്തമാക്കണം. ഇത് യുഎസിന്‍റെ ഡീപ് സ്റ്റേറ്റിനെക്കുറിച്ചാണോ അതോ ചൈനയുടെ ഡീപ് സ്റ്റേറ്റിനെക്കുറിച്ചാണോ എന്നതിലാണ് അന്വേഷണം വേണ്ടത് എന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (പിഎംഇഎസി) അംഗവും സാമ്പത്തിക വിദഗ്ധനുമായ സഞ്ജീവ് സന്യാൽ എക്സിൽ പ്രതികരിച്ചു. ആഷ്‌ലി ടെല്ലിസ് മുൻപ് ഇന്തോ-യുഎസ് സിവിൽ ആണവ കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടികൾക്കൊപ്പവും ജോർജ്ജ് ബുഷ് ഭരണകൂടത്തിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയ വാഗ്വാദം
എങ്കിലും, സമീപകാലത്തുള്ള ടെല്ലിസിന്റെ കാഴ്ചപ്പാടുകൾ ഇന്ത്യൻ സർക്കാരിന് എതിരായിരുന്നു. 'ഫോറിൻ അഫയേഴ്‌സ്' മാസികയിൽ 2025 ഓഗസ്റ്റിൽ അദ്ദേഹം എഴുതിയ 'ഇന്ത്യയുടെ മഹത്തായ ശക്തിയിലുള്ള മിഥ്യാധാരണകൾ' (India's Great-Power Delusions), 2023 മെയിലെ 'ഇന്ത്യയിലെ അമേരിക്കയുടെ മോശം പന്തയം' (America's Bad Bet on India) തുടങ്ങിയ ലേഖനങ്ങൾ ഇതിന് ഉദാഹരണമാണ്. ഇന്ത്യ ഒരിക്കലും ചൈനക്കെതിരെ യുഎസിനൊപ്പം ചേരില്ല എന്ന് ഈ ലേഖനത്തിൽ അദ്ദേഹം വാദിച്ചു.
ടെല്ലിസിനെ 'ഇടത്-ലിബറൽ ലോബിയുടെ പ്രിയങ്കരനായാണ്' പലരും കണ്ടിരുന്നത്. "ഇന്ത്യയിലെ പ്രതിപക്ഷം പലപ്പോഴും ഉദ്ധരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ആഷ്‌ലി ടെല്ലിസ് എന്തുകൊണ്ടാണ് മോദി സർക്കാരിന് എതിരെ ഇത്രയധികം സംസാരിച്ചതെന്ന് ഇത് വിശദീകരിക്കുന്നു," ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ അഭിപ്രായപ്പെട്ടു. "ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ശക്തികൾ ആർക്കും ചിന്തിക്കാൻ കഴിയാത്ത രീതിയിൽ പുറത്തുവരാൻ തുടങ്ങിയിരിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപ് ഭരണകൂടത്തിന്‍റെ പ്രതികാര നടപടിയോ?
എന്നാൽ, ടെല്ലിസിന്‍റെ അറസ്റ്റ് ട്രംപ് ഭരണകൂടം നടത്തുന്ന വേട്ടയാടൽ ആകാനും സാധ്യതയുണ്ടെന്ന് ചില വിദഗ്ധർ സംശയം പ്രകടിപ്പിച്ചു. ഇന്ത്യൻ വംശജനായ ആഷ്‌ലി നയതന്ത്രത്തിലും പ്രതിരോധത്തിലും അതിശയിപ്പിക്കുന്ന ഒരു വിശകലന വിദഗ്ധനാണ്. അറസ്റ്റിനെക്കുറിച്ച് വായിച്ചപ്പോൾ ഞെട്ടിപ്പോയി. ഇത് ഇന്നത്തെ ഭരണാധികാരികളെ മുൻപ് വിമർശിച്ചതിനുള്ള പ്രതികാരമാണോ അതോ മറ്റെന്തെങ്കിലുമാണോ? ഇന്നത്തെ യുഎസിൽ ഇത് രണ്ടും ആകാം," മുൻ നയതന്ത്രജ്ഞനും തന്ത്രപരമായ കാര്യങ്ങൾ വിദഗ്ധനുമായ കെ സി സിംഗ് പ്രതികരിച്ചു. ഇന്ത്യയിൽ ടെല്ലിസിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.