
ഇന്ത്യാന: ഇന്ത്യാനയിലെ ഒരു വീട്ടിൽനിന്ന് എഫ്ബിഐ കണ്ടെടുത്തത് 2000 മനുഷ്യ അസ്ഥികൾ. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികനായ ഡോൺ മില്ലറിന്റെ വീട്ടിൽനിന്നാണ് വ്യാഴാഴ്ച എഫ്ബിഐ ഉദ്യോഗസ്ഥർ മനുഷ്യ അസ്ഥികൾ കണ്ടെത്തിയത്. വീട്ടിലെ കരകൗശലവസ്തുക്കൾ സൂക്ഷിച്ച മുറിയിൽനിന്നാണ് അസ്ഥികൾ കണ്ടെത്തിയത്.
ഇന്ത്യാനയിലെ ഉൾഗ്രാമത്തിലാണ് ഡോൺ മില്ലറിന്റെ വീട്. വീട്ടിലെ ഒരു മുറിയിൽ മാത്രം 4000ലധികം കരകൗശലവസ്തുകളുടെ ശേഖരമാണുള്ളത്. 2014ൽ ആണ് ആദ്യമായി പൊലീസ് ഉദ്യോഗസ്ഥർ മില്ലറിന്റെ വീടിനെ ചുറ്റിപറ്റിയുള്ള അന്വേഷണം ആരംഭിച്ചത്. മില്ലർ അനധികൃതമായി വസ്തുക്കൾ ശേഖരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം. എന്നാൽ അന്വേഷണം ആരംഭിച്ച് ഒരു വർഷം ആകുമ്പോഴേക്കും മില്ലർ മരിച്ചു. 91 വയസിലാണ് മില്ലർ മരിച്ചത്. അനധികൃതമായി കരകൗശലവസ്തുകൾ സൂക്ഷിച്ച് വച്ചതിന് മില്ലറിനെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.
വീട്ടിൽനിന്ന് കണ്ടെടുത്ത അസ്ഥികൾ അമേരിക്കയിലെ ആദിവാസികളുടേതാണെന്നാണ് പൊലീസിന്റെ നിഗമനം. ആദിവാസികളുടെ കുഴിമാടത്തിൽനിന്നും ശേഖരിച്ചതായിരിക്കാം അസ്ഥികളെന്നും പൊലീസ് പറയുന്നു. ആർക്കിയോളജിക്കൽ, ഫോറൻസിക് അധികൃതർ വീട്ടിലുള്ള വസ്തുക്കൾ പരിശോധിച്ച് തുടങ്ങിയതായും പൊലീസ് കൂട്ടിച്ചേർത്തു.
അതേസമയം കുഴിമാടത്തിൽനിന്ന് അസ്ഥികൂടങ്ങളും മറ്റും ശേഖരിക്കുന്നത് നിയമവിരുദ്ധമാണ്. 2016ൽ മനുഷ്യന്റെ അസ്ഥികൾ അനധികൃതമായി ശേഖരിച്ചതിന് ഒഹിയോയിൽനിന്നുള്ള മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അസ്ഥികൾ വാങ്ങിയ ആളും അറസ്റ്റിലായിരുന്നു.
യാത്ര ചെയ്യാൻ വളരെയധികം ഇഷ്ടമുള്ളയാളാണ് മില്ലർ. കരകൗശലവസ്തുക്കൾ ശേഖരിക്കുന്നതിനായി ഇരുന്നൂറോളം രാജ്യങ്ങൾ സഞ്ചരിച്ചതായി 2014ൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മില്ലർ പറഞ്ഞിരുന്നു. തന്റെ കരകൗശല വസ്തുക്കൾ കാണിക്കുന്നതിനായി മില്ലർ ആളുകളെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച ബുള്ളറ്റ് വരെ മില്ലറിന്റെ ശേഖരത്തിൽ ഉണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam