
ഹെല്‍സിങ്കി: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഫിന്‍ലാന്‍ഡിലെ സന്ന മരിൻ. ഇപ്പോള്‍ ഇതാ വിപ്ലവകരമായ ആശയവുമായി ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി വന്നിരിക്കുന്നു. 6 മണിക്കൂര്‍ വീതമുള്ള 4 ജോലിദിനങ്ങള്‍ എന്ന ആശയമാണ് ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മരിൻ നിര്‍ദേശിച്ചിരിക്കുന്നത്. ഫിൻലാൻഡിന് നിലവിൽ എട്ട് മണിക്കൂർ ദൈർഘ്യമുള്ള അഞ്ച് ദിവസത്തെ തൊഴിൽ സമയമാണ് ഉള്ളത്.
അതേസമയം, ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന പ്രവൃത്തിസമയം സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് സന്ന മരിനും അവരുടെ രാഷ്ട്രീയ സഖ്യവും ആറ് മണിക്കൂർ ദൈർഘ്യമുള്ള തൊഴിൽ സമയം പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്ത് നടപ്പിലാക്കി നോക്കും.
34ാം വയസിലാണ് ഫിന്‍ലന്‍ഡിന്‍റെ പ്രധാനമന്ത്രി പദത്തില്‍ സന്ന മരിന്‍ എത്തിയത്. ഡിസംബര്‍ 9നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായ സന്നയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. നേരത്തെ ആരോഗ്യമന്ത്രിയായിരുന്നു സന്ന. വിശ്വാസവോട്ടില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അന്‍ററി റിന്നെ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് സന്ന അധികാരത്തിലേറുന്നത്.
തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്ന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുമെന്നും സന്ന പറഞ്ഞു. എന്‍റെ വയസ്സോ ജെന്‍ഡറോ ഞാന്‍ കാര്യമാക്കുന്നില്ലെന്നും സന്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉക്രെയിന്‍ പ്രധാനമന്ത്രി ഒലെക്സിയ് ഹൊന്‍ചരുകിന് പിന്നാലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായാണ് സന്ന അധികാരമേല്‍ക്കുന്നത്.
അധികാരത്തിലേറുമ്പോള്‍ ഒലെക്സിയ് ഹൊന്‍ചരുകിന് 35 വയസ്സായിരുന്നു പ്രായം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയും സന്ന മരിന്‍ തന്നെ. ആറ് മണിക്കൂർ ദൈർഘ്യമുള്ള പ്രവൃത്തി ദിവസം ഇതിനകം ഫിൻലാൻഡിന്റെ അയൽരാജ്യമായ സ്വീഡനിൽ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്, ഇത് നടപ്പാക്കി രണ്ട് വർഷത്തിനു ശേഷം, ജീവനക്കാർ സന്തോഷവതികളും ആരോഗ്യമുള്ളവരും കൂടുതൽ ഉത്പാദനക്ഷമതയുള്ളവരുമായാണ് കാണപ്പെട്ടിരിന്നു ഇതിന്‍റെ ബലത്തിലാണ് ഫിന്‍ലാന്‍ഡിലെ പുതിയ ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam