പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാക്കി, ഇറാന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക 'ബങ്കർ ബസ്റ്റർ' ബോംബുകൾ ഉപയോഗിച്ച് വ്യോമാക്രമണം നടത്തി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ലക്ഷ്യമിടുന്ന ഇറാന്റെ മിസൈൽ പാഡുകൾ തകർക്കുകയാണ് ലക്ഷ്യം. 

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമാക്കി ഇറാന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെ വൻ വ്യോമാക്രമണം. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന ഇറാന്റെ മിസൈൽ പാഡുകൾ ലക്ഷ്യമിട്ടാണ് അമേരിക്ക 'ബങ്കർ ബസ്റ്റർ' ബോംബുകൾ വർഷിച്ചത്. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇറാനെതിരെ ഇത്തരം വിനാശകാരികളായ ബോംബുകൾ അമേരിക്ക ഉപയോഗിക്കുന്നത്.

കിലോമീറ്ററുകളോളം ആഴത്തിൽ കോൺക്രീറ്റും മണ്ണും തുരന്ന് ഉള്ളിലേക്ക് കയറിച്ചെന്ന് പൊട്ടിത്തെറിക്കാനുള്ള ശേഷിയാണ് ഇവയെ സാധാരണ ബോംബുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഏകദേശം 2 കോടി രൂപ വില വരുന്ന (ഏകദേശം 240000 ഡോളറിലധികം) പുതിയ തലമുറ ബോംബുകളാണിവ. ഇവയിൽ ഘടിപ്പിച്ചിട്ടുള്ള സ്മാർട്ട് ഫ്യൂസ് വഴി എത്ര നിലകൾ തുരന്നു പോകണമെന്നും എത്ര ആഴത്തിൽ വെച്ച് പൊട്ടിത്തെറിക്കണമെന്നും മുൻകൂട്ടി നിശ്ചയിക്കാം. ഉള്ളിലെ ശബ്ദങ്ങൾ കേൾക്കുമ്പോൾ മാത്രം പൊട്ടിത്തെറിക്കുന്ന മൈക്രോഫോൺ സംവിധാനമുള്ള ബോംബുകളും ഇതിലുണ്ട്.

ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങൾ, കമാൻഡ് സെന്ററുകൾ, മിസൈൽ വിക്ഷേപണ ശാലകൾ എന്നിവ തകർക്കാനാണ് ഈ ബോംബുകൾ പ്രധാനമായും ഉപയോഗിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ തൊടുത്തുവിടുന്ന ആന്റി-ഷിപ്പ് ക്രൂയിസ് മിസൈലുകളെ പ്രതിരോധിക്കാനാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് ഈ നീക്കം നടത്തിയത്. നേരത്തെ 2025 ജൂണിൽ ഇറാന്റെ നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയും അമേരിക്ക 30000 പൗണ്ട് ഭാരമുള്ള ഭീമൻ മോപ്പ് ബോംബുകൾ വർഷിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും മലനിരകളിലെ ഗുഹകളിൽ ഒളിച്ചിരിക്കുന്ന ശത്രുക്കളെ ലക്ഷ്യം വെച്ച് വികസിപ്പിച്ചെടുത്തതാണ് ഇത്തരം ബോംബുകൾ. പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന ഈ നീക്കം മേഖലയെ കൂടുതൽ രക്തരൂഷിതമായ യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമാണ്.