ആദ്യം 'ചന്ദ്രൻ ഞങ്ങളുടെ സ്വന്ത'മെന്ന്, പിന്നാലെ കാനഡ, മെക്സിക്കോ, ക്യൂബ, ഗ്രീൻലൻഡ്, ഐസ്‌ലാൻഡ്.. എല്ലാം സ്വന്തമെന്ന് ട്രംപ്, വിവാദം

Published : Sep 09, 2026, 01:59 PM IST
Trump's World Order

Synopsis

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'ചന്ദ്രൻ ഞങ്ങളുടേത്' എന്ന് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തതും കാനഡ, മെക്സിക്കോ, ഗ്രീൻലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുത്തി യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ചതും അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ട്രംപിന്റെ മുൻകാല പ്രസ്താവനകളും പേരുമാറ്റ നിർദേശങ്ങളും വിവാദങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു.

യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് തന്‍റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ 'The Moon is Ours' എന്ന് ചന്ദ്രന്‍റെ ചിത്രത്തോടൊപ്പം പങ്കുവച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെ കാനഡ, മെക്സിക്കോ, ക്യൂബ, ഗ്രീൻലൻഡ്, ഐസ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുത്തി വിശാലമായൊരു ഭൂപടം യുഎസിന്‍റെ ദേശീയ പതാകയുടെ നിറത്തിൽ പങ്കുവച്ചു. ഇതോടെ അന്താരാഷ്ട്രാതലത്തിൽ തന്നെ വിവാദം ശക്തമായി.

'ചന്ദ്രൻ ‌ഞങ്ങളുടേത്'

ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനിൽ അമേരിക്കയുടെ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന തരത്തിലുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റായിരുന്നു ആദ്യമെത്തിയത്. സെപ്റ്റംബർ 6 -ന് ട്രൂത്ത് സോഷ്യലിൽ ചന്ദ്രന്‍റെ ചിത്രത്തിനൊപ്പം അമേരിക്കൻ പതാക പങ്കുവെച്ചുകൊണ്ട് “The Moon is ours” എന്ന് ട്രംപ് കുറിച്ചു. പോസ്റ്റിന് പിന്നാലെ ബഹിരാകാശ മേഖലയിലെ രാജ്യങ്ങളുടെ അവകാശങ്ങളും അന്താരാഷ്ട്ര ബഹിരാകാശ നിയമവും സംബന്ധിച്ച ചർച്ചകൾ ശക്തമായി.

ചന്ദ്രനുമായി ബന്ധപ്പെട്ട അവകാശവാദത്തിനൊപ്പം മറ്റു ഭൂമിശാസ്ത്രപരമായ അവകാശവാദങ്ങളും പേരുമാറ്റ നിർദേശങ്ങളും ട്രംപിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമെന്ന രീതിയിൽ അവതരിപ്പിക്കുന്ന തരത്തിലുള്ള എഐ നിർമിത ചിത്രങ്ങളും ട്രംപ് പങ്കുവെച്ചതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കാനഡ മുതൽ മെക്സിക്കോ വരെ

ഇതിന് പിന്നാലെയാണ് കാനഡ മുതൽ മെക്സിക്കോ വരെയുള്ള വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിനൊപ്പം മധ്യ അമേരിക്കയിലെയും കരീബിയൻ മേഖലയിലെയും നിരവധി രാജ്യങ്ങളും ദ്വീപുകളും ട്രംപ് തന്‍റെ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രീൻലൻഡ് ഡെൻമാർക്കിന്‍റെ സ്വയംഭരണ പ്രദേശമാണ്. പ്യൂർട്ടോ റിക്കോ, യുഎസ് വിർജിൻ ദ്വീപുകൾ തുടങ്ങിയ നിലവിൽ തന്നെ യുഎസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളും ഈ ട്രംപ് ഭൂപടത്തിലുണ്ട്. എന്നാൽ, ട്രംപ് പങ്കുവെച്ച ചിത്രത്തിന് ഒപ്പം യാതൊരു വിശദീകരണമോ അടിക്കുറിപ്പോ നൽകിയിട്ടില്ലെന്നതും ശ്രദ്ധേയം.

മിണ്ടാതെ വൈറ്റ് ഹൗസ്

ഭൂപടം ഔദ്യോഗിക യുഎസ് നയത്തിന്‍റെ ഭാഗമാണെന്ന സൂചന വൈറ്റ് ഹൗസ് ഇതുവരെ നൽകിയിട്ടില്ല. അതിനാൽ ഇത് ഔദ്യോഗികമായി അതിർത്തി മാറ്റാനുള്ള പദ്ധതിയല്ലെന്നും രാഷ്ട്രീയ സന്ദേശമോ പ്രകോപനപരമായ ആശയവിനിമയമോ ആകാമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, ട്രംപിന്‍റെ മുൻകാല പ്രസ്താവനകൾ കണക്കിലെടുക്കുമ്പോൾ ഭൂപടം അവഗണിക്കാനാകില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അസ്വസ്ഥത പ്രകടമാക്കി യൂറോപ്പ്

കാനഡയെ അമേരിക്കയുടെ 51 -ാമത്തെ സംസ്ഥാനമാക്കണമെന്ന ആശയം തന്‍റെ രണ്ടാം അധികാരമേൽക്കലിന് പിന്നാലെ ട്രംപ് മുന്നോട്ടുവച്ചിരുന്നു. ഡെൻമാർക്കിന്‍റെ നിയന്ത്രണത്തിലുള്ള ഗ്രീൻലൻഡ് അമേരിക്കയുടെ നിയന്ത്രണത്തിലാക്കണമെന്ന താൽപര്യവും അദ്ദേഹം പല തവണ ആവർത്തിച്ചിരുന്നു. മെക്സിക്കോയുമായും ക്യൂബയുമായും ട്രംപ് പല തവണ സംഘർഷത്തിലേർപ്പെട്ടിട്ടുമുണ്ട്. ഇതിന് പിന്നാലെയാണ് ട്രംപ് വീണ്ടും പുതിയ ഭൂപട ചിത്രങ്ങൾ പങ്കുവച്ചത്.

ഗ്രീൻലൻഡുമായി ബന്ധപ്പെട്ട ട്രംപിന്‍റെ നിലപാടുകൾ ഡെൻമാർക്കിലും യൂറോപ്പിലും വലിയ ആശങ്ക ഉയർത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുതിയ ഭൂപടം പങ്കുവെച്ചതിന് പിന്നാലെ ഐസ്‌ലാൻഡ് യുഎസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ചിത്രം തികച്ചും അനുചിതമാണെന്ന് യുഎസ് അംബാസഡറെ അറിയിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. റഷ്യ - യുക്രൈൻ യുദ്ധത്തിൽ ട്രംപ് പലപ്പോഴും റഷ്യയെയും പുടിനെയും പിന്തുണച്ച് രംഗത്തെത്തിയത് യൂറോപ്പിൽ വലിയ തോതിൽ അസ്വസ്ഥത ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ഗ്രീൻലാൻഡും ഐസ്‍ലാൻറും യുഎസിന് സ്വന്തമെന്ന് ട്രംപ് അവകാശപ്പെട്ടത് മറ്റൊരു പ്രതിസന്ധിയാണ് യൂറോപ്പിൽ സൃഷ്ടിച്ചത്.

ട്രംപ് മാറ്റിയ പേരുകൾ

അതിനിടെ, അമേരിക്കയിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തിന്‍റെ പേര് “ന്യൂ അമേരിക്ക” എന്നാക്കി മാറ്റണമെന്ന നിർദേശം ട്രംപ് മുന്നോട്ട് വച്ചിരുന്നു, എന്നാൽ സംസ്ഥാന ഗവർണർ മിഷേൽ ലുജൻ ഗ്രിഷം ഈ നിർദേശം തള്ളിക്കളഞ്ഞു. അമേരിക്കൻ ഐക്യനാടുകൾ രൂപീകരിക്കുന്നതിന് മുമ്പേ ഈ പേര് നിലനിന്നിരുന്നുവെന്നും പേര് മാറ്റുന്നത് ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കാനഡയുമായുള്ള വ്യാപാര തർക്കത്തിനിടെ ലേക്ക് ഒന്‍റാറിയോയുടെ പേര് “ലേക്ക് അമേരിക്ക” എന്നാക്കാനുള്ള നിർദേശവും ട്രംപ് നേരത്തെ മുന്നോട്ടുവച്ചിരുന്നു. മെക്സിക്കോയുടെ എതിർപ്പിനിടയിലും ഗൾഫ് ഓഫ് മെക്സിക്കോയെ “ഗൾഫ് ഓഫ് അമേരിക്ക” എന്ന് പുനർനാമകരണം ചെയ്ത് ട്രംപ് രംഗത്തെത്തിയിരുന്നു. പിന്നാലെ ഹോർമുസ് കടലിടുക്കിന്‍റെ പേര് “ട്രംപ് സ്ട്രെയിറ്റ്” എന്നാക്കുമെന്ന സൂചന ട്രംപ് നൽകിയെരുന്നു. അതേസമയം ട്രംപിന്‍റെ ഇത്തരം വിവാദ നിർദ്ദേശങ്ങളെ വൈറ്റ് ഹൗസ് ഒരിക്കലും പിന്തുണച്ചിരുന്നില്ലെന്നും ശ്രദ്ധേയം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോർമൂസിന് ബദൽ, ചരക്കുനീക്കത്തിനുള്ള പാതകൾ വേഗത്തിലാക്കി യുഎഇ
ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്