ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്

Published : Sep 09, 2026, 01:26 PM IST
Singapore Prime Minister Lawrence Wong

Synopsis

അധിക തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് വോങ്ങ് അറിയിച്ചെങ്കിലും, നീക്കത്തിനെതിരെ പൊതുജനങ്ങളിൽ നിന്നും ശക്തമായ വിമർശനം ഉയരുന്നുണ്ട്.

സിംഗപ്പൂർ സിറ്റി: ലോകത്തിൽ ഏറ്റവുമധികം ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രിയുടെ ശമ്പളത്തിൽ വീണ്ടും വർധന. സിംഗപ്പൂരിലാണ് പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും വൻ ശമ്പള വർധന പ്രഖ്യാപിച്ചത്. പുതിയ മാറ്റത്തോടെ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗിന്റെ ശമ്പളം 2.2 മില്യൺ സിംഗപ്പൂർ ഡോളർ (ഏകദേശം13.8 കോടി രൂപ)ഇൽ നിന്ന് 3.6 മില്യൺ സിംഗപ്പൂർ ഡോളറായി (ഏകദേശം 22.9 കോടി രൂപ) ഉയർന്നു. അറുപത് ശതമാനത്തിലേറെയാണ് വർധനവ്. ലോകത്തിൽ തന്നെ പ്രധാനമന്ത്രിക്ക് ഏറ്റവുമധികം ശമ്പളം നൽകുന്ന രാജ്യമാണ് സിംഗപ്പൂർ. സിംഗപ്പൂരിലെ സാധാരണക്കാരും രാഷ്ട്രീയ നേതാക്കൾക്കും ഇടയിലുള്ള സാമ്പത്തിക വൈരുദ്ധ്യം വലിയ രീതിയിൽ മാറ്റം വരുത്തുന്നതാണ് നടപടി. കഴിവുള്ള ആളുകൾ നിർണായക പദവികളിലേക്ക് ആകർഷിക്കുന്നതിന് വലിയ ശമ്പളം വേണമെന്നാണ് സിംഗപ്പൂർ സർക്കാർ ശമ്പള വർധനവിനെ ന്യായീകരിച്ച് വ്യക്തമാക്കുന്നത്.

ശമ്പള വർധനവിലൂടെ അധികമായി ലഭിക്കുന്ന തുക പൂർണ്ണമായും സാമൂഹിക നന്മകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി സംഭാവന ചെയ്യുമെന്നാണ് ലോറൻസ് വോങ്ങ് ഇതിനോടകം പ്രതികരിച്ചിട്ടുള്ളത്. അടുത്ത അഞ്ച് വർഷത്തെ തന്റെ ഭരണകാലയളവിൽ ഈ തുക ജീവകാരുണ്യ കാര്യങ്ങൾക്കായി നൽകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 15 വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി സിംഗപ്പൂരിൽ രാഷ്ട്രീയ ഭാരവാഹികളുടെ ശമ്പളം പരിഷ്കരിച്ചത്. സ്വതന്ത്ര സമിതി സമർപ്പിച്ച ശമ്പള പരിഷ്കരണ ശുപാർശകൾ ഉടൻ തന്നെ പൂർണ്ണമായി നടപ്പിലാക്കില്ലെന്നും നിലവിലെ ഘട്ടത്തിൽ ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ പരമാവധി 9 ശതമാനം വരെയുള്ള ഒറ്റത്തവണ ശമ്പള ക്രമീകരണം മാത്രമാണ് നടപ്പിലാക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഏറ്റവും താഴ്ന്ന റാങ്കിലുള്ള ഒരു മന്ത്രിയുടെ വാർഷിക അടിസ്ഥാന ശമ്പളം 1.1 മില്യൺ സിംഗപ്പൂർ ഡോളറിൽ നിന്ന് 1.2 മില്യൺ സിംഗപ്പൂർ ഡോളറായി ഉയരും.

രാഷ്ട്രീയക്കാരുടെ ശമ്പളം വർധിപ്പിക്കുന്നത് സങ്കീർണ്ണവും വൈകാരികവുമായ ഒരു വിഷയമാണെന്ന് ലോറൻസ് വോങ് സമ്മതിച്ചു. രാജ്യത്തെ സാധാരണ പൗരന്മാർ സമ്പാദിക്കുന്നതിനേക്കാൾ വളരെ ഉയർന്ന തുകയാണ് ഭരണാധികാരികളുടെ ശമ്പളമെന്നും, അതിനാൽ തന്നെ ജനങ്ങൾ ഈ തീരുമാനത്തെ വിമർശനാത്മകമായി കാണുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള മികച്ച പ്രതിഭകളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാനും അഴിമതി ഇല്ലാതാക്കാനുമാണ് സിംഗപ്പൂർ ഉയർന്ന ശമ്പള നയം സ്വീകരിച്ചുവരുന്നത്.

അമേരിക്കൻ പ്രസിഡന്റിന്റെ വാർഷിക ശമ്പളം 4,00,000 ഡോളറും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ശമ്പളം ഏകദേശം 2,30,000 ഡോളറും മാത്രമായിരിക്കെയാണ് സിംഗപ്പൂർ പ്രധാനമന്ത്രിയുടെ ശമ്പളം ലോകത്തെ മറ്റെല്ലാ ഭരണത്തലവന്മാരെക്കാളും വളരെ ഉയർന്ന തലത്തിൽ എത്തിനിൽക്കുന്നത്. എന്നാൽ തൊഴിലില്ലായ്മ വർധിക്കുകയും ജീവനക്കാരെ പിരിച്ചുവിടുന്നത് ഉയരുകയും ചെയ്യുന്ന നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ശമ്പളവർധനവ് പ്രഖ്യാപിച്ച നടപടിക്കെതിരെ സിംഗപ്പൂരിലെ പൊതുജനങ്ങൾക്കിടയിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളിലും വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടിയന്തര ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു; ഖമീസ് മുശൈത്തിലെ അപകടസാധ്യത ഒഴിഞ്ഞതായി അറിയിച്ച് സൗദി സിവിൽ ഡിഫൻസ്
മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് റഷ്യയിൽ തടങ്കലിലായ ഇന്ത്യൻ എൻജിനീയർ മോചിതനായി; നന്ദി പറഞ്ഞ് ഭാര്യ