ഇസ്രയേൽ ആക്രമണത്തിൽ അൽജസീറയുടെ 5 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് ഗാസയുടെ നേർചിത്രം ലോകത്തെ കാണിച്ചവർ

Published : Aug 11, 2025, 08:08 AM IST
5 Al Jazeera Journalists Killed In Gaza

Synopsis

കൊല്ലപ്പെട്ട അനസ് അൽ ഷെരീഫിനെ മാധ്യമ പ്രവർത്തകനായി വേഷമിട്ട തീവ്രവാദി എന്നാണ് ഇസ്രയേൽ സൈന്യം അധിക്ഷേപിച്ചത്. കൊല്ലപ്പെട്ട മറ്റ് മാധ്യപ്രവർത്തകരെ കുറിച്ച് ഇസ്രയേൽ മൗനം പാലിച്ചു. 

DID YOU KNOW ?
കൊല്ലപ്പെട്ടത് 200 പേർ
ഗാസയിൽ 22 മാസമായി തുടരുന്ന യുദ്ധത്തിൽ 200ലേറെ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. ഏറ്റവും ഒടുവിൽ അൽജസീറ വാർത്താസംഘത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു

ഗാസ: ഗാസയിൽ മാധ്യമപ്രവർത്തകർക്ക് നേരെ ഇസ്രയേൽ ആക്രമണം. അൽ ജസീറയുടെ റിപ്പോർട്ടറും ക്യാമറാമാനും അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. റിപ്പോർട്ടർമാരായ അനസ് അൽ ഷെറിഫ്, മുഹമ്മദ് ഖ്റേയ്ഖ്, ക്യാമറാമാൻമാരായ ഇബ്രാഹിം സഹെർ, മൊഅമെൻ അലിവ, മുഹമ്മദ് നൗഫൽ എന്നിവരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫാ ആശുപത്രി ഗേറ്റിന് സമീപം ഇവർ കഴിഞ്ഞിരുന്ന ടെന്‍റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗാസയുടെ നേർചിത്രം ലോകത്തിന് കാട്ടിക്കൊടുത്ത യുവ മാധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

ഹമാസിന്‍റെ ഭീകര സെല്ലിന്‍റെ തലവനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യത്തിന്‍റെ പ്രതികരണം. കൊല്ലപ്പെട്ട അനസ് അൽ ഷെരീഫിനെ മാധ്യമ പ്രവർത്തകനായി വേഷമിട്ട തീവ്രവാദി എന്നാണ് ഇസ്രയേൽ സൈന്യം അധിക്ഷേപിച്ചത്. കൊല്ലപ്പെട്ട മറ്റ് മാധ്യപ്രവർത്തകരെ കുറിച്ച് ഇസ്രയേൽ മൗനം പാലിച്ചു. ഗാസയിൽ 22 മാസമായി തുടരുന്ന യുദ്ധത്തിൽ ഇതുവരെ 200ലേറെ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു.

 

 

അതേസമയം ഗാസ കീഴടക്കാനുള്ള സൈനിക പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയും നീക്കത്തെ ന്യായീകരിച്ചും മാധ്യമങ്ങൾക്ക് മുന്നിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഹമാസിനെ പരാജയപ്പെടുത്താൻ മറ്റു മാർഗമില്ലെന്നാണ് വാദം. ഗാസ പിടിക്കാനുള്ള നീക്കത്തിനെതിരെ അന്താരാഷ്ട്ര സമ്മർദത്തിന് പുറമെ ഇസ്രയേലിനുള്ളിലും എതിർപ്പ് കനക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

 

 

നെതന്യാഹു പറഞ്ഞതിങ്ങനെ- "ഇപ്പോൾത്തന്നെ ഗാസയുടെ 75 ശതമാനത്തോളം ഇസ്രയേൽ നിയന്ത്രണത്തിലാണ്. സൈനിക നടപടിക്ക് മുൻപായി സുരക്ഷാ മേഖലകൾ പ്രത്യേകം നിശ്ചയിക്കും. സിവിലിയന്മാർക്കായി പ്രത്യേകം സുരക്ഷാ മേഖലകളിൽ ഭക്ഷണവും വെള്ളവും ചികിത്സയും നൽകും. വേഗത്തിൽ നടപടി പൂർത്തിയാക്കും. ഹമാസിനെ പരാജയപ്പെടുത്തും. പുതിയ സിവിലിയൻ ഭരണം കൊണ്ടു വരും. ബന്ദികളെ മോചിപ്പിക്കും."

യുദ്ധം അവസാനിപ്പിക്കാൻ ഇതാണ് ഏറ്റവും ഉചിതമായ വഴിയെന്നാണ് ഇസ്രയേൽ ന്യായീകരിക്കുന്നത്. ഗാസയിലെ പട്ടിണിയുടെ പേരിൽ ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ട ഇസ്രയേൽ ഗാസയിലേക്ക് വിദേശ മാധ്യമങ്ങളെ കൊണ്ടുവരാനുള്ള ശ്രമത്തിലുമാണ്. യു.കെ, കാനഡ, ഡെന്മാർക്ക്, ഫ്രാൻസ്, ഗ്രീസ് , സ്ലോവേനിയ എന്നീ രാഷ്ട്രങ്ങൾ ഇസ്രയേൽ നീക്കത്തോട് എതിർപ്പ് ആവർത്തിച്ചു. ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും നീക്കത്തെ അപലപിച്ചു. ഗാസയിൽ ദാരുണമായ കാഴ്ചകൾ തുടരുകയാണ്. സഹായത്തിനായി എയർഡ്രോപ്പ് ചെയ്യുന്ന ഭക്ഷണമടങ്ങുന്ന പെട്ടികൾ വരെ അപകടങ്ങളിലേക്കും മരണങ്ങളിലേക്കും നയിക്കുന്നു.

പുതിയ നീക്കത്തിനെതിരെ ഇസ്രയേലിൽ എങ്ങും ഇന്ന് പ്രതിഷേധം ഉണ്ടായി. ബന്ദികളുടെ കുടുംബങ്ങൾ അടുത്ത ഞായറാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. ഗാസ പിടിക്കാൻ തീവ്ര വലതുപക്ഷ മന്ത്രിമാരായ ഇതമർ ബെൻഗഫിർ, സ്മോറിച്ച് എന്നീ മന്ത്രിമാരുടെ കടുത്ത സമ്മർദം നെതന്യാഹു സർക്കാരിന് മേലുണ്ട്. നേരത്തെ വെടിനിർത്തലിൽ പ്രതിഷേധിച്ച് രാജിവെച്ചവരാണിവർ.

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു