
നെയ്റോബി: ദേശീയപാതയോരത്തെ ചെറുപട്ടണത്തിലേക്ക് കൂപ്പുകുത്തിയ വിമാനം കത്തിയമർന്നു. കെനിയയിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കെനിയയിലെ തീരപ്രദേശ നഗരമായ കിലിഫിക്ക് സമീപത്തായാണ് ചെറുവിമാനം തകർന്ന് വീണ് കത്തിയമർന്നത്. വിമാനം കൂപ്പുകുത്തുമ്പോൾ ഈ സ്ഥലത്തുണ്ടായിരുന്ന മോട്ടോർ സൈക്കിൽ ടാക്സി ഡ്രൈവർ അടക്കമുള്ള മൂന്ന് പേരുടെ മരണമാണ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുള്ളത്.
മാലിന്ദി മൊംബോസ ദേശീയ പാതയ്ക്ക് സമീപത്തായി ക്വാചോചയിലാണ് വിമാനം തകർന്ന് വീണത്. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിൽ മോട്ടോർ സൈക്കിൾ ടാക്സിയിലുണ്ടായിരുന്ന സ്ത്രീയും കൊലപ്പെട്ടിട്ടുണ്ട്. മേഖലയിലെ ഒരു കെട്ടിടത്തിൽ ഇടിച്ച് വിമാനത്തിന്റെ ഭാഗങ്ങൾ ചിതറി നിലത്തേക്ക് വീഴുകയായിരുന്നു. ടാക്സി വാഹനത്തിലുണ്ടായിരുന്ന സ്ത്രീയുടെ ദേഹത്തേക്കും വിമാനത്തിന്റെ ചിറക് അടക്കമുള്ള ഭാഗങ്ങൾ വീണിരുന്നു. വിമാനത്തിന്റെ ഭാഗങ്ങൾ വീണ് നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിലത്ത് വീണ വിമാനം കത്തിയമരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ചെറുവിമാനത്തിലുണ്ടായിരുന്ന പൈലറ്റും രണ്ട് ട്രെയിനി പൈലറ്റുകളും ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. വിമാനം കൂപ്പുകുത്തുന്നതിന് മുൻപായി ഇവർ നിലത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഈ വീഴ്ചയിലാണ് ഇവർക്ക് പരിക്കേറ്റിട്ടുള്ളത്. മാലിന്ദി വിമാനത്താവളത്തിനായുള്ള സ്ഥലം ഏറ്റെടുപ്പിനായുള്ള സർക്കാർ പദ്ധതികൾ നഷ്ടപരിഹാരം നൽകാത്തതിനേത്തുടർന്ന് കോടതിയുടെ പരിഗണനയിലാണുള്ളത്. ഇതിനാൽ തന്നെ വിമാനത്താവളത്തിന് ചുറ്റും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam