കുവൈത്തിൽ 18 തികഞ്ഞ പുരുഷന്മാർക്ക് സൈനിക സേവനം നിർബന്ധമാക്കി. 2012 ജനുവരി 1 ന് ശേഷം ജനിച്ച കുവൈത്തി പൗരന്മാർക്കാണ് നിയമം ബാധകമാകുക. ഒറ്റ മകൻ മാത്രമുള്ളവർക്ക് ഇളവ് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ 18 തികഞ്ഞ പുരുഷന്മാർക്ക് സൈനിക സേവനം നിർബന്ധമാക്കി കുവൈത്ത്. 2012 ജനുവരി 1 ന് ശേഷം ജനിച്ചവർക്കെല്ലാം ഇത് ബാധകമാകും. 2015 ലെ സൈനിക സേവന നിയമത്തിലെ ഭേദഗതിയിലൂടെയാണ് 18 തികഞ്ഞ പുരുഷന്മാർക്കുള്ള സൈനിക സേവനം കുവൈത്ത് സാർവത്രികമാക്കിയത്. കുവൈത്തി പൗരന്മാർ 18 തികഞ്ഞ് 2 മുതൽ 6 വരെ മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം. ഒറ്റ മകൻ മാത്രമുള്ളവർക്ക് ഇളവ് ലഭിക്കും. സൈനിക സേവനത്തിലേർപ്പെടുന്നവർക്ക് ശമ്പളം, അലവൻസ്, ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. ഒപ്പം ഇത് തൊഴിൽ കാലയളവായും കണക്കാക്കുമെന്ന് കുവൈത്ത് ഭരണകൂടം അറിയിച്ചു. 2012 ജനുവരി 1ന് ശേഷം ജനിച്ചവരാണ് പരിധിയിൽ വരിക. കുവൈത്ത് സായുധ സേന, കുവൈത്ത് ആഭ്യന്തര മന്ത്രാലയം, കുവൈത്ത് നാഷണൽ ഗാർഡ്, കുവൈത്ത് ഫയർ ഫോഴ്സ് എന്നീ നാല് സേനകളിലായിരിക്കും നിയമനം. സേനകളുടെ ആവശ്യകതയും പൗരന്മാരുടെ ദേശീയ താൽപര്യവും കടമകളും പരിഗണിച്ചുമാണ് തീരുമാനമെന്നാണ് അറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം



