
ദുബായ്: ഇസ്രയേലിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ഫ്ലൈ ദുബായ്. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവത്തെ തുടർന്നാണ് എയർലൈന്‍റ തീരുമാനം. ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി ദുബായ് ആസ്ഥാനമായ ഫ്ലൈ ദുബായ് അറിയിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഫ്ലൈ ദുബായിക്ക് പിന്നാലെ പ്രമുഖ എയർലൈനായ എമിറേറ്റ്‌സും ടെൽ അവീവിലേക്കുള്ള കോഡ്‌ഷെയർ വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന എഫ് ഇസെഡ് 1073 വിമാനത്തിന്റെ കോക്ക്പിറ്റിൽ ജീവനക്കാർ തമ്മിൽ രൂക്ഷമായ തർക്കവും കൈയാങ്കളിയും ഉണ്ടായതായി ഫ്ലൈ ദുബായ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റ് ക്രൂ അംഗങ്ങൾ ഇടപെട്ട് സാഹചര്യം നിയന്ത്രണവിധേയമാക്കുകയും, തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു. തബൂക്കിൽ കുടുങ്ങിയ യാത്രക്കാരെയും ജീവനക്കാരെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി ഫ്ലൈ ദുബായ് രണ്ട് പകരം വിമാനങ്ങൾ അങ്ങോട്ടേക്ക് അയച്ചിട്ടുണ്ട്. യുഎഇ വിമാനത്തിനുള്ളിലെ സുരക്ഷാ വീഴ്ചയും അടിയന്തര ലാൻഡിംഗും ജനറൽ സിവിലിയൻ ഏവിയേഷൻ അതോറിറ്റിയും സ്ഥിരീകരിച്ചു. കോക്ക്പിറ്റിലെ ആക്രമണത്തിൽ ചില ക്രൂ അംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ സൗദി അറേബ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി.
സംഭവത്തിന് പിന്നിലെ കൃത്യമായ കാരണങ്ങളോ ലക്ഷ്യങ്ങളോ ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പൂർത്തിയാകുന്നതുവരെ അഭ്യൂഹങ്ങളും ഔദ്യോഗികമല്ലാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് യുഎഇ ഏവിയേഷൻ അതോറിറ്റിയും ഫ്ലൈ ദുബായും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വിമാനത്തിൽ നിന്ന് ആദ്യം ഹൈജാക്ക് സൂചനയായ '7500' ഉം പിന്നീട് ജനറൽ എമർജൻസി കോഡായ '7700' ഉം സന്ദേശമായി അയച്ച പശ്ചാത്തലത്തിൽ, സംഭവത്തിന്റെ സുരക്ഷാ-പ്രവർത്തന വശങ്ങൾ വിശകലനം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുതോൽപ്പിച്ച് വലിയൊരു ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ക്യാപ്റ്റൻ സ്മിത് മച്ചാർ ഹീറോ ആണെന്നും അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു.
അപകടകരമായ സാഹചര്യത്തിലും ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് പേരുടെ ജീവൻ രക്ഷിച്ചു. വലിയൊരു ദുരന്തം ഒഴിവാക്കി. ക്യാപ്റ്റൻ മച്ചാറിന്റെ പേരിൽ ഇന്ത്യ അഭിമാനിക്കുന്നു. എത്രയും വേഗം അദ്ദേഹത്തിന്റെ പരിക്കുകൾ ഭേദമാകാനും നല്ല ആരോഗ്യത്തിനും പ്രാർഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam